ഇന്ത്യൻ ബാങ്കിങ് മേഖലയിൽ മറ്റൊരു നിർണായക ലയനത്തിനോ ഏറ്റെടുക്കലിനോ കൂടി കളമൊരുങ്ങുന്നു. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്, കർണാടക ആസ്ഥാനമായ ജന സ്മോൾ ഫിനാൻസ് ബാങ്കിനെ (ജന എസ്എഫ്ബി) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട
ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി വിവരങ്ങൾ പുറത്തുവരുന്നു. നിലവിലെ പ്രമോട്ടർമാരായ ജന ഹോൾഡിങ്സ് കൈവശം വെച്ചിരിക്കുന്ന 16.9 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്ക് വാങ്ങിയേക്കുമെന്നാണ് സൂചന.
ബാക്കി ഓഹരികൾ ഓപ്പൺ ഓഫർ വഴി ഏറ്റെടുക്കാനാണ് നീക്കം. ഏറ്റെടുക്കൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇരു സ്ഥാപനങ്ങളുടെയും ഓഹരി വിപണിയിലെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 02.45-ന്റെ കണക്കുപ്രകാരം ഫെഡറൽ ബാങ്ക് ഓഹരി വില 3.24 ശതമാനം താഴ്ന്ന് 246.30 രൂപയിലെത്തി. ഇതേസമയം ജന എസ്എഫ്ബി ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 570.55 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മാനദണ്ഡങ്ങൾ പ്രകാരം വിപണിയെ ഔദ്യോഗികമായി അറിയിക്കത്തക്ക വിധത്തിലുള്ള തീരുമാനങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ലെന്നാണ് ഫെഡറൽ ബാങ്ക് അധികൃതരുടെ പ്രതികരണം. ഏറ്റെടുക്കൽ വാർത്തകൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ, ബാങ്കിന്റെ ഭാവി വളർച്ചയ്ക്കും വികസനത്തിനുമുള്ള വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് മാത്രമാണ് ഓഹരി എക്സ്ചേഞ്ചുകൾക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ മികച്ച പ്രവർത്തനഫലമാണ് ഫെഡറൽ ബാങ്ക് കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 862 കോടി രൂപയായിരുന്ന കമ്പനിയുടെ അറ്റലാഭം 37 ശതമാനം വർധനയോടെ 1177 കോടി രൂപയിലെത്തി.
ബാങ്കിന്റെ പ്രവർത്തന ലാഭം 1897 കോടി രൂപയാണ്. മൊത്തം പലിശവരുമാനം 8 ശതമാനം ഉയർന്ന് 7238 കോടി രൂപയായപ്പോൾ, അറ്റ പലിശവരുമാനം (എൻഐഐ) 2337 കോടി രൂപയിൽ നിന്ന് 2946 കോടി രൂപയായും വർധിച്ചു.
ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് ഇടപാടുകൾ 6 ലക്ഷം കോടി രൂപയെന്ന സുപ്രധാന നാഴികക്കല്ലിനോട് അടുക്കുകയാണെന്നും പാദഫല കണക്കുകൾ വ്യക്തമാക്കുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജന എസ്എഫ്ബി, രാജ്യത്തെ പ്രമുഖ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലൊന്നാണ്.
രാജ്യത്തെ സ്മോൾ ഫിനാൻസ് ബാങ്ക് ശ്രേണിയിൽ നാലാം സ്ഥാനത്താണ് ഈ സ്ഥാപനം. ഏകദേശം 1.2 കോടി ഉപഭോക്താക്കളും രാജ്യത്തുടനീളം 820-ലധികം ശാഖകളും 6000 കോടി രൂപയിലധികം വിപണി മൂല്യവുമുള്ള ബാങ്കാണിത്.
അടുത്തിടെ യൂണിവേഴ്സൽ ബാങ്ക് പദവി ലഭിക്കുന്നതിനായി റിസർവ് ബാങ്കിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഇത് നിരസിക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

