രാജ്യത്ത് എഥനോൾ കലർത്തിയ പെട്രോളിന്റെ ഗുണനിലവാരം കൃത്യമായി ഉറപ്പുവരുത്തുന്നതിനായി വ്യക്തമായ മാർഗരേഖയും ആധുനിക പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ രംഗത്ത്. ഇതുസംബന്ധിച്ച് ഡീലർമാർ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തയച്ചു.
രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിത്. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അടുത്തിടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് പമ്പുടമകൾ തങ്ങളുടെ ആശങ്കകൾ പരസ്യമാക്കി മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇന്ധനം മാത്രമാണ് തങ്ങൾ വിൽക്കുന്നതെന്നും, അതിലെ എഥനോളിന്റെ അളവോ ഗുണനിലവാരമോ നേരിട്ട് പരിശോധിക്കാനുള്ള യാതൊരുവിധ സംവിധാനങ്ങളും പമ്പുകളിൽ ലഭ്യമല്ലെന്നും ഡീലർമാർ കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ധനത്തിലെ മായം ചേർക്കൽ തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. എന്നാൽ, ഈ ഉത്തരവ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ പരിശോധനകൾക്കും പീഡനങ്ങൾക്കും അഴിമതിക്കും വഴിയൊരുക്കുമെന്നാണ് പമ്പുടമകളുടെ ആശങ്ക.
കൂടാതെ, പരിശോധനാ ഉത്തരവിൽ നിന്ന് സ്വകാര്യ കമ്പനികളെ ഒഴിവാക്കിയതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികളുടെ പമ്പുകളിൽ മാത്രം പരിശോധന നടത്താനാണ് നിലവിലെ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

