
സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും പല മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് പല കണക്കുകളും കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ഇപ്പോഴും “പുരുഷന്മാരുടെ കാര്യം” ആയിട്ടാണ് കാണുന്നത്. പരമ്പരാഗതമായി, പുരുഷന്മാർ ലൈഫ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നവരാണ്. കാരണം അവരാണ് വരുമാനമാർഗം കണ്ടെത്തുന്നത് എന്ന ന്യായീകരണവും ഉണ്ട്. അതേസമയം, പല റോളുകൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് പലപ്പോഴും അവർക്ക് ആവശ്യമുള്ള ‘ലൈഫ് ഇൻഷുറൻസ് കവറേജ്’ ലഭിക്കുന്നില്ല എന്നത് അവഗണിക്കാനാകില്ല.
ഇന്ത്യയിൽ മാത്രമാണോ?
ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും, സ്ഥിതി ഇതൊക്കെ തന്നെയാണ്. അമേരിക്കയിൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ കാണിക്കുന്നത് ലൈഫ് ഇൻഷുറൻസിനെക്കുറിച്ച് സ്ത്രീകൾക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നാണ്.
42% പേരും വിശ്വസിക്കുന്നത് “ലൈഫ് ഇൻഷുറൻസ് വളരെ ചെലവേറിയതാണ്” എന്നാണ്. എന്നാൽ 24 % പേർ “എനിക്ക് ലൈഫ് ഇൻഷുറൻസിൽ നിന്ന് വ്യക്തിപരമായി പ്രയോജനം നേടാൻ കഴിയില്ല” എന്ന കാരണം കൊണ്ട് ഇതെടുക്കാതെ ഇരിക്കുന്നുണ്ട്.
ഇന്ത്യയിലായാലും വിദേശത്തായാലും, സ്ത്രീകൾ ജോലി സ്ഥലത്തെയും വീട്ടിലെയും കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിട്ടും, സമൂഹം അവരുടെ യഥാർത്ഥ മൂല്യം പൂർണമായി മനസ്സിലാക്കാത്തതിനാൽ ഇപ്പോഴും സ്ത്രീകൾക്ക് ലൈഫ് ഇൻഷുറൻസ് കവറേജ് കുറവാണ് എന്നതാണ് സത്യം.
ജോലി ഇല്ലാത്തതിനാൽ ലൈഫ് ഇൻഷുറൻസ് വേണ്ട
ജോലിയില്ലാത്ത സ്ത്രീകൾക്ക് ലൈഫ് ഇൻഷുറൻസ് കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾക്കും ശുഷ്കാന്തിയില്ല. കാരണം സ്ത്രീകൾ സാധാരണയായി പുരുഷന്മാരേക്കാൾ കുറഞ്ഞ ലൈഫ് ഇൻഷുറൻസ് പ്രീമിയമാണ് അടയ്ക്കുന്നത്. അതുപോലെ സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ടും പലരും ലൈഫ് ഇൻഷുറൻസ് എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
പല പുരുഷന്മാരും പുകവലി, അമിത മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവരാണ്. ഇതും അവരെ ലൈഫ് ഇൻഷുറൻസ് എടുക്കാൻ പ്രേരിപ്പിക്കുന്നു. പുരുഷന്മാർ പലരും ഉയർന്ന അപകടസാധ്യതയുള്ള ജോലികൾ ചെയ്യുന്നതിനാലും ലൈഫ് ഇൻഷുറൻസ് എടുക്കുന്നു. എന്നാൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കുറവായതിനാലും, ‘അപകടം പിടിച്ച ജോലികൾ’ അധികം ചെയ്യാത്തതിനാലുമാണ് ലൈഫ് ഇൻഷുറൻസ് എടുക്കുന്നത് കുറയുന്നതെന്ന വാദവുമുണ്ട്.
ഐആർഡിഎഐ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2022-23 ൽ സ്ത്രീകൾക്ക് ഏകദേശം 97.38 ലക്ഷം പോളിസികൾ മാത്രമേ നൽകിയിട്ടുള്ളൂ. ഇന്ത്യയിലെ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ സ്ത്രീകളിൽ വലിയൊരു പങ്കും ഇപ്പോഴും ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരാണ്. മാക്സ് ലൈഫിന്റെയും കാന്തറിന്റെയും സമീപകാല റിപ്പോർട്ട് അനുസരിച്ച്, ജോലി ചെയ്യുന്ന സ്ത്രീകളിൽ 79% ഉം 35% ഉം പേർ യഥാക്രമം ലൈഫ് ഇൻഷുറൻസും ടേം ഇൻഷുറൻസും വാങ്ങിയിട്ടുണ്ട്. അതേ സമയം വീട്ടമ്മമാർ18% പേർ മാത്രമാണ് സ്വന്തമായി ടേം ഇൻഷുറൻസ് വാങ്ങിയിട്ടുള്ളത്.
ഈ അസന്തുലിതാവസ്ഥയ്ക്കുള്ള ഒരു കാരണം സ്ത്രീകൾ തങ്ങളുടെ മൂല്യത്തെ കുറച്ചുകാണുന്നതാണ്. മിക്ക സ്ത്രീകളും ലൈഫ് ഇൻഷുറൻസിന്റെ ആവശ്യകതയെ ‘കുറച്ചുകാണുന്നവരാണ് ‘. അത് പ്രധാനമായും തങ്ങളുടെ ഭർത്താക്കന്മാർക്കുള്ളതാണെന്ന് വിശ്വസിക്കുന്നവരും ഇന്ത്യയിൽ കൂടുതലാണ്ഏറെയുണ്ട്.
എല്ലാ സ്ത്രീകൾക്കും ലൈഫ് ഇൻഷുറൻസ് വേണ്ടേ?
അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക വെല്ലുവിളികളെ മറികടക്കാൻ തങ്ങളുടെ കുടുംബത്തിന് കഴിയുമെന്ന് ഉറപ്പാക്കാൻ, ജോലി ചെയ്യുന്ന സ്ത്രീകളിൽ വലിയൊരു പങ്കും ഇപ്പോൾ ‘സ്വന്തം മൂല്യം’ തിരിച്ചറിഞ്ഞ് ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിക്കുന്നുണ്ടെന്ന് മാക്സ് ലൈഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ വീട്ടമ്മമാർക്കും ലൈഫ് ഇൻഷുറൻസ് ആവശ്യമാണ് എന്ന കാര്യം സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ല. കുടുംബത്തിന് പ്രത്യക്ഷത്തിൽ വരുമാനം നൽകുന്നില്ലെങ്കിലും, കുടുംബ സാമ്പത്തിക സ്ഥിതിയെ വളരെയധികം സ്വാധീനിക്കുന്നവരാണ് സ്ത്രീകൾ. തങ്ങളുടെ കാലശേഷം ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് ഒന്നിനും പകരമാകില്ലെങ്കിലും, അത് കുടുംബാംഗങ്ങൾക്ക് കുറച്ചെല്ലെങ്കിലും ഉപകാരപ്പെടും എന്ന കാര്യം സ്ത്രീകൾ ആലോചിച്ചാൽ നല്ലതായിരിക്കും.
ഭൂരിഭാഗം വീട്ടമ്മമാരും വൃത്തിയാക്കൽ, പാചകം, അലക്കൽ ജോലികൾ തുടങ്ങി ഒരു കുടുംബത്തിലെ മിക്ക ജോലികളും ചെയ്യുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസപരവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ മൂല്യം, പണം കൊണ്ട് അളക്കാൻ ആകില്ലെങ്കിലും, എല്ലാ സ്ത്രീകൾക്കും ലൈഫ് ഇൻഷുറൻസ് ഉണ്ടായാൽ നല്ലതാണ്. സ്ത്രീകളുടെ പരിചരണവും, പിന്തുണയും, കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളും എല്ലാം ലൈഫ് ഇൻഷുറൻസ് കൊണ്ട് നേടാനാകില്ലെങ്കിലും, ചെറിയ രീതിയിലെങ്കിലും കുടുംബത്തിന് ഒരു സാമ്പത്തിക താങ്ങ് നൽകാൻ ഇത് ഉപകരിക്കും.