കേരളത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വലിയ കുതിപ്പാണ് കഴിഞ്ഞ 9 വർഷത്തിനിടെ സാധ്യമായതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 2016ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരാണ് ഈ വികസനക്കുതിപ്പിന് റോക്കറ്റ് വേഗം സമ്മാനിച്ചത്. സംസ്ഥാനത്തിന്റെ സകലമേഖലയിലും വികസന പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് ഗതിവേഗം പകരുന്നവിധം കിഫ്ബിയെ ഉപയോഗിച്ചതാണ് കരുത്തായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ പിന്തുണയിൽ തന്റെ മണ്ഡലമായ പത്തനാപുരത്തും മികച്ച നടക്കുന്നു. നിരവധി പാലങ്ങളും സ്കൂൾ മന്ദിരങ്ങളും കുടിവെള്ള പദ്ധതികളും കിഫ്ബിയിലൂടെ നടപ്പായി. 250 കോടി രൂപയുടെ വികസനപദ്ധതികളാണ് കിഫ്ബിയിലൂടെ മാത്രം മണ്ഡലത്തിൽ പുരോഗമിക്കുന്നത്. എംഎൽഎ ഫണ്ടിനൊപ്പം കിഫ്ബി ഫണ്ട് മുഖേനയുമുള്ള വികസനം കൂടിയായപ്പോൾ പത്തനാപുരത്തിന്റെ മുഖച്ഛായ തന്നെ മാറിയെന്നും മന്ത്രി പറഞ്ഞു.

പുലിക്കാട്ടൂർ പാലം, ആയുർവേദ ആശുപത്രി, പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവയെല്ലാം സാധാരണക്കാർക്ക് വലിയ ആശ്വാസമായി. നിരവധി പഞ്ചായത്തുകൾക്ക് നേട്ടമാണ് 68 കോടി രൂപയുടെ പട്ടാഴി കുടിവെള്ള പദ്ധതി. പട്ടാഴി വടക്കേക്കര കലഞ്ഞൂർ കുടിവെള്ള പദ്ധതിക്ക് 60.13 കോടി രൂപ കിഫ്ബി വഴി നൽകി. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഏഴിലും കിഫ്‌ബി പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കി. ഇതിനു പുറമേയാണ് കോടികൾ ചെലവഴിച്ചുള്ള വിവിധ റോഡ് നിർമാണ പദ്ധതികളെന്നും ഗണേഷ് കുമാർ പറഞ്ഞു.

English Summary:

Kerala’s Infrastructure Boom: KIIFB Fuels Rapid Development, Says Minister K.B. Ganesh Kumar