ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് ക്രൂഡ് ഓയിൽ ക്ഷാമം നേരിടുന്ന ഇന്ത്യയിൽ മറ്റൊരു പ്രതിസന്ധി കൂടി. റഷ്യൻ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനർജിയുടെ എണ്ണ ശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടും.
ഏപ്രിൽ ആദ്യം മുതലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടല്‍. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയിൽ ശുദ്ധീകരണ ശേഷിയിൽ 8 ശതമാനം കുറവുണ്ടാകും.
നയാര പമ്പുകൾക്കും പൊതുമേഖലാ കമ്പനികൾക്കുമാണ് പ്ലാന്റിൽനിന്ന് എണ്ണ നൽകുന്നത്. റഷ്യൻ ക്രൂഡ് ഓയിലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചതിന് പിന്നാലെയാണിതെന്നും ശ്രദ്ധേയം.
പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുള്ള, ഗുജറാത്തിലെ, വാദിനാർ റിഫൈനറിയാണ് അടച്ചിടാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നടക്കേണ്ട അറ്റകുറ്റപ്പണി യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്നു മാറ്റിവച്ചിരുന്നു.
റിഫൈനറികളുടെ അറ്റകുറ്റപ്പണിയിൽ ചില യൂറോപ്യൻ കമ്പനികളുടെ സാനിധ്യം അത്യാവശ്യമാണ്. എന്നാൽ ഉപരോധം നിലനിൽക്കുന്നതിനാൽ ഈ കമ്പനികൾ നയാരയുമായി ചേർന്ന് പ്രവർത്തിക്കാൻ വിസമ്മതിച്ചു.
യുഎസ് അടക്കമുള്ള രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം മാറ്റിയതോടെയാണ് യൂറോപ്യൻ കമ്പനികള്‍ തിരികെയെത്തിയത്. അതേസമയം പ്ലാന്റ് അടച്ചിടുന്ന കാര്യത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റിഫൈനറികളുടെ പ്രവർത്തനം മുടങ്ങിയാലും ഈ കാലയളവിൽ നയാരയുടെ കീഴിൽ രാജ്യത്തുള്ള 7,000 പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യാൻ വേണ്ട
പെട്രോളിയം ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. റിഫൈനറികളുടെ അറ്റകുറ്റപ്പണി ഈ മേഖലയിൽ സാധാരണ നടക്കാറുള്ളതാണെന്നും ആശങ്കയ്ക്ക് കാരണമില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഓരോ നാല് വർഷം കൂടുമ്പോഴാണ് ഇന്ത്യൻ റിഫൈനറികൾ വലിയ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. 2022 നവംബറിലാണ് നയാര അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്.
2025 ഡിസംബറിൽ അടുത്തത് നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നടന്നില്ല.
ദീർഘകാലം അറ്റകുറ്റപ്പണിയില്ലാതെ പ്രവർത്തിക്കുന്നത് റിഫൈനറികളുടെ സുരക്ഷയെയും പ്രവർത്തന മികവിനെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. അതിനാൽ കൂടുതൽ കാലത്തേക്ക് അറ്റകുറ്റപ്പണി നീട്ടിവെക്കാനും കഴിയില്ല.
എന്നാൽ ഹോർമുസിലെ പ്രശ്നങ്ങൾ കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുന്നത് ആശങ്കാജനകമാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

