
ഒരു എമർജൻസി മീറ്റിങിന് കോൺഫറൻസ് റൂമിലേക്ക് ഓടുമ്പോഴാണ് പരിചയമില്ലാത്ത നമ്പരിൽ നിന്ന് മെറിയ്ക്ക് ഒരു കോൾ വന്നത്. ഒരു നിമിഷം ശങ്കിച്ചെങ്കിലും മെറി ആ കോളെടുത്തു. കൊറിയർ കമ്പനിയിൽ നിന്നാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഫ്ലാറ്റ് അഡ്രസിൽ ഒരു കൊറിയർ വന്നിട്ടുണ്ട്. താൻ ഓഫീസിലാണ്, സെക്യൂരിറ്റിയെ ഏല്പിച്ചാൽ മതി എന്ന് മെറി പറഞ്ഞു.
അയാൾ സമ്മതിച്ചു. പക്ഷേ മെറിയുടെ മൊബൈലിൽ വരുന്ന ഒടിപി പറഞ്ഞുകൊടുക്കണമത്രെ. മീറ്റിങ് തുടങ്ങാറായ തിരക്കിൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ, മൊബൈലിൽ വന്ന ഒടിപി മെറി പറഞ്ഞുകൊടുത്തു.
പക്ഷേ മീറ്റിങ് തുടങ്ങിയതും മെറിയ്ക്ക് ആധിയായി. ഏതോ സൈബർ ഫ്രോഡല്ലേ വിളിച്ചിട്ടുണ്ടാവുക? അക്കൗണ്ടിൽ നിന്ന് പണം തട്ടാനല്ലേ അയാൾ വിളിച്ചത് ? ആരോടും ഒടിപി പറയരുത് എന്നല്ലേ ബാങ്കുകാരും സൈബർ പോലീസും സർക്കാരുമെല്ലാം പറയുന്നത്? എന്നിട്ടും ഒടിപി പറഞ്ഞുകൊടുത്തത് തെറ്റായിപ്പോയില്ലേ?
ഇത്തരം ചിന്തകൾ മനസിൽ നിറഞ്ഞപ്പോൾ മീറ്റിങിൽ ശ്രദ്ധിയ്ക്കാനായില്ല മെറിയ്ക്ക്. ഒടിപി പറഞ്ഞുകൊടുത്തത് തെറ്റായിപ്പോയി എന്ന് ആരോ മെറിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
മീറ്റിങ് കഴിഞ്ഞയുടനെ മെറി ഫ്ലാറ്റിലെ സെക്യൂരിറ്റിയെ വിളിച്ചു. ഭാഗ്യം! കൊറിയർ വന്നതു തന്നെയാണ്. അല്ലാതെ പൈസ തട്ടിക്കാൻ സൈബർ ഫ്രോഡുകാർ വിളിച്ചതല്ല. ഇത്തവണ പറ്റിക്കപ്പെട്ടില്ലെങ്കിലും ഇനിയൊരിക്കലും ധിറുതിപ്പെട്ട് ആർക്കും ഒടിപി പറഞ്ഞുകൊടുക്കില്ലെന്ന ഒരു തീരുമാനം ആ സംഭവത്തോടെ മെറി എടുത്തു.
ഒടിപി ആരോടും പറയാൻ പാടില്ലേ?
ആരുമായും ഒടിപി പങ്കുവയ്ക്കരുതെന്ന് സർക്കാരും ബാങ്കുകളും പോലീസുമെല്ലാം ആവർത്തിച്ചു പറയുമ്പോൾ, കൊറിയർകാരോടൊ കാർ സർവീസുകാരോടൊ അക്ഷയ സെൻ്ററുകാരോടൊ ഒക്കെ ഒടിപി പറയാമോ എന്ന സംശയം മെറിയെപ്പോലെ മിക്കവർക്കും തോന്നുന്നതാണ്.
ഓൺലൈൻ ടാക്സികളിൽ യാത്ര ചെയ്യുന്നതിനും പാഴ്സൽ കൈപ്പറ്റുന്നതിനുമൊക്കെ അപരിചിതരോട് ഒടിപി പറയേണ്ട സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒടിപി പറയാതിരുന്നാൽ സേവനം ലഭിക്കുന്നതിൽ തടസം നേരിടാവുന്നതാണ്.
ഒടിപി പറയേണ്ട സാഹചര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
ഒരിക്കലും ധൃതിപ്പെട്ട് ഒടിപി പറഞ്ഞുകൊടുക്കരുത്. ഒടിപി ലഭിച്ചത് എവിടെ നിന്നാണെന്നും എന്താണ് എസ് എം എസിൽ പറഞ്ഞിട്ടുള്ളതെന്നും വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രം പങ്കുവയ്ക്കുക. ഉദാഹരണത്തിന്, ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുന്നതിനുള്ള ഒടിപി ആണെങ്കിൽ എസ് എം എസ് വരിക ടാക്സി കമ്പനിയിൽ നിന്നായിരിക്കും. കൂടാതെ, ഒടിപി എന്തിനുള്ളതാണെന്ന് എസ് എം എസിൽ സൂചിപ്പിച്ചിട്ടുണ്ടാകും.
അക്കൗണ്ടിൽ നിന്നു പൈസ നഷ്ടപ്പെടുന്നതു കൂടാതെ മറ്റെന്തെങ്കിലും അപകടം ഒടിപി പങ്കുവയ്ക്കുന്നതിൽ ഉണ്ടോ?
തീർച്ചയായും ഉണ്ട്. ഫേസ്ബുക്ക്, ഗൂഗിൾ, വാട്സപ്പ് തുടങ്ങിയവയുടെ ലോഗിൻ പോലെത്തെ എസ് എം എസ് അധിഷ്ഠിത ടു ഫാക്ടർ ഓഥൻ്റിക്കേഷൻ എനേബിൾ ചെയ്തിട്ടുള്ള സംവിധാനങ്ങളുടെ നിയന്ത്രണം ഒടിപി പറഞ്ഞുകൊടുക്കുന്നതിലൂടെ നഷ്ടമാവും. അതോടെ നമ്മുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരാളുടെ പക്കലെത്തുകയും ചെയ്യും.
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ…?
ചുരുക്കിപ്പറഞ്ഞാൽ ലഭിച്ച എസ് എം എസിൻ്റെ ഉറവിടം, ഉള്ളടക്കം എന്നിവ വായിച്ചു മനസിലാക്കി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഒടിപി പങ്കുവയ്ക്കുക. കൂടാതെ, ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ഒടിപി ഒരു കാരണവശാലും ആർക്കും നൽകരുത്.