അമേരിക്കയിലെ കേന്ദ്രബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമനി. കഴിഞ്ഞ വർഷം ഇതിനുള്ള നീക്കം തുടങ്ങിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ശ്രമങ്ങൾ വേഗത്തിലാക്കിയേക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഭീഷണി യൂറോപ്യൻ രാജ്യങ്ങളിലേക്കും നീട്ടിയതോടെയാണിത്. യുഎസിലെ സ്വർണം തിരികെ എത്തിക്കണമെന്ന് ജർമനിയിലെ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ജർമനി.
ഇതിൽ 1,236 ടൺ സ്വർണമാണ് യുഎസ് ഫെഡ് റിസർവിന്റെ രഹസ്യ അറകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം 164 ബില്യൻ യൂറോ (ഏകദേശം 17.78 ലക്ഷം കോടി രൂപ) വിലമതിക്കുന്ന സ്വർണമാണിത്.
ഏതാണ്ട് 450 ബില്യന് യൂറോ വിലമതിക്കുന്ന സ്വർണശേഖരമാണ് ജർമനിക്കുള്ളത്.
ഇതിൽ പകുതിയും രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. 37 ശതമാനം അമേരിക്കയിലും 12 ശതമാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുമുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1950–60 കാലഘട്ടത്തിൽ ജർമൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച കൈവരിച്ചതോടെയാണ് സ്വർണം വിദേശരാജ്യങ്ങളിലേക്ക് മാറ്റിയത്. 2013–17 കാലഘട്ടത്തിൽ ഇതിൽ നിന്ന് കുറച്ച് ഭാഗം രാജ്യത്തേക്ക് തിരിച്ചെത്തിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിന് കീഴിൽ സ്വർണം യുഎസിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ജർമൻ കേന്ദ്രബാങ്കായ ബുണ്ടസ് ബാങ്ക് മുൻ മേധാവി ഇമ്മാനുവൽ മോൻചിന്റെ നിലപാട്.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണം തിരിച്ചെടുക്കുന്ന കാര്യം ബുണ്ടസ് ബാങ്ക് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജർമനിയിലെ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി നേതാവും യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി ഓൺ സെക്യുരിറ്റി ആൻഡ് ഡിഫൻസ് ചെയർപേഴ്സണുമായ മേരി ആഗ്നസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശീതകാല യുദ്ധത്തിന്റെ കാലത്ത് സ്വർണം അമേരിക്കയിൽ സൂക്ഷിച്ചത് ന്യായീകരിക്കാൻ കഴിയും.
നിലവിലെ സാഹചര്യത്തിൽ അങ്ങനെയല്ല. ട്രംപിന്റെ തീരുമാനങ്ങളൊന്നും പ്രവചിക്കാൻ കഴിയുന്നതല്ല.
സ്വർണം തിരിച്ചെടുക്കാനുള്ള പദ്ധതി അടിയന്തരമായി സ്വീകരിക്കണം. ഇക്കാര്യത്തിൽ ജർമൻ പാർലമെന്റ് അടിയന്തര യോഗം ചേരണമെന്നും അവർ ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും സ്ഥിരതയുള്ള ഭരണകൂടവുമാണ് സ്വർണശേഖരം യുഎസിൽ സൂക്ഷിക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
യുഎസിലെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്ന ഫെഡറൽ റിസർവിന്റെ സ്വതന്ത്ര പ്രവർത്തനവും രാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി.
എന്നാൽ ട്രംപ് സാമ്പത്തിക നയങ്ങൾ മറ്റ് രാജ്യങ്ങൾക്കെതിരെ ആയുധമാക്കുകയും ഫെഡ് റിസർവിനെതിരെ നീക്കം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ മാറി ചിന്തിക്കുന്നത്. സ്വർണശേഖരം ട്രംപ് പിടിച്ചെടുത്തേക്കുമെന്ന ഭയവും രാജ്യങ്ങൾക്കുണ്ട്.
2025ൽ ഇറ്റലിയും സമാനമായ നീക്കത്തിന് മുതിർന്നിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

