ഇന്ത്യൻ വംശജനായ ശതകോടീശ്വരനും സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖനുമായ ലക്ഷ്മി മിത്തൽ (75) യുകെയിലെ താമസം അവസാനിപ്പിക്കുന്നു. അതിസമ്പന്നർക്ക് കനത്ത നികുതി ‘സൂപ്പർ റിച്ച് ടാക്സ്’ എന്ന പേരിൽ ഏർപ്പെടുത്താനുള്ള ലേബർ പാർട്ടി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദ് സൺഡേ ടൈംസ് അതിസമ്പന്ന പട്ടികപ്രകാരം എട്ടുതവണ യുകെയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം കൈവരിച്ചിട്ടുള്ളയാളാണ് മിത്തൽ; ഇതു റെക്കോർഡാണ്.
യുകെയിൽ നിന്ന് പടിയിറങ്ങുന്ന മിത്തൽ സ്വിറ്റ്സർലൻഡിലും ദുബായിലുമായാകും ഇനി താമസിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ 3 പതിറ്റാണ്ടായി ബ്രിട്ടീഷ് വ്യവസായരംഗത്തെ നിറസാന്നിധ്യത്തിനാണ് മിത്തൽ രാജ്യംവിടുന്നതോടെ തിരശീല വീഴുന്നത്.
ഇക്കാലയളവിൽ ലോകംശ്രദ്ധിച്ച നിർണായക ബിസിനസ് ഡീലുകളുമാണ് അദ്ദേഹം നടത്തിയത്. ബ്രിട്ടനിലെ അത്യാഡംബര വസതികൾ അദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പ്രമുഖ ഫുട്ബോൾ ടീമായ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെ വാങ്ങി. ഇതേ ലേബർ പാർട്ടിക്ക് സംഭാവനയായി പോലും അദ്ദേഹം നൽകിയത് 60 കോടിയിലധികം രൂപ.
∙ എന്താണ് യുകെയുടെ നികുതി നീക്കം?
നിലവിൽ വിദേശികൾ യുകെയിൽ നിന്നുള്ള വരുമാനത്തിന് മാത്രം നികുതി അടച്ചാൽ മതി.
ഇതിനുപകരം, ഇനി ലോകത്തെവിടെ സ്വത്തുണ്ടെങ്കിലും അതിന് ആനുപാതികമായ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇത് 40% വരെയാകാം.
മറ്റു രാജ്യങ്ങളിലുള്ള ആസ്തിക്ക് എന്തിന് യുകെയിൽ നികുതി നൽകണമെന്ന ചോദ്യമാണ് ശതകോടീശ്വരന്മാർ ഉയർത്തുന്നത്.
∙ എന്തുകൊണ്ട് സ്വിറ്റ്സർലൻഡ്, ദുബായ്?
യുകെയിൽ 40% നികുതി കൊടുക്കേണ്ട ബാധ്യത വരുമെങ്കിൽ സ്വിറ്റ്സർലൻഡിലും ദുബായിലും ഇതു വെറും പൂജ്യം.
അതുകൊണ്ടാണ്, ലോകത്തെ ശതകോടീശ്വരന്മാരിൽ പലരും ദുബായിലേക്കും സ്വിറ്റ്സർലൻഡിലേക്കും മറ്റും ചുവടുമാറ്റുന്നത്. ലക്ഷ്മി മിത്തലിന് നിലവിൽതന്നെ ദുബായിൽ അത്യാഡംബര ഭവനങ്ങളുണ്ട്.
ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 28.1 ബില്യൻ ഡോളർ ആസ്തിയുമായി (2.51 ലക്ഷം കോടി രൂപ) ലോകത്ത് 78-ാം സ്ഥാനത്താണ് മിത്തൽ. ഇന്ത്യക്കാരിൽ 6-ാമനും.
∙ ആഴ്സലർ മിത്തൽ
ചൈനയ്ക്ക് പുറത്ത് ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണക്കമ്പനികളിലൊന്നാണ് ലക്ഷ്മി മിത്തൽ ചെയർമാനായ ആഴ്സലർ മിത്തൽ.
ലക്സംബർഗ് ആസ്ഥാനമായ കമ്പനിക്ക് 15ലേറെ രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 2024ലെ കണക്കനുസരിച്ച് 62.4 ബില്യൻ ഡോളറാണ് വരുമാനം.
ഏകദേശം 5.4 ലക്ഷം കോടി രൂപ. കമ്പനിയിൽ 1.25 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്.
ജീവകാരുണ്യ രംഗത്തും മിത്തൽ സജീവമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

