കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക് യുഎസ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് നിശിചിത ഓഹരികൾ കൈമാറി 6,200 കോടി രൂപ സമാഹരിക്കും. മുൻഗണനാ അടിസ്ഥാനത്തിലുള്ള (പ്രിഫറൻഷ്യൽ ഇഷ്യൂ) ഓഹരിവിൽപന വഴിയായിരിക്കും ഇടപാട്.
ബ്ലാക്ക്സ്റ്റോണിന് കീഴിലുള്ള ഏഷ്യ II ടോപ്കോ XIII എന്ന സ്ഥാപനത്തിന് 9.99% ഓഹരികൾ കൈമാറി 6,196.5 കോടി രൂപയാണ് സമാഹരിക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഫെഡറൽ ബാങ്ക് വ്യക്തമാക്കി.
പുതിയ ഓഹരികൾ സൃഷ്ടിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ യോഗ്യരായ നിക്ഷേപകർക്ക് നൽകുന്നതാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന. .
27.3 കോടി വാറന്റുകളുണ്ടാകും. രണ്ടുരൂപ മുഖവിലയുള്ള ഓഹരിക്ക് 225 പ്രീമിയവും ചേർത്ത് 227 രൂപയ്ക്ക് വീതമായിരിക്കും ഇടപാട്.
വാറന്റ് പിന്നീട് ഓഹരിയാക്കി മാറ്റുമ്പോൾ ഈ കമ്പനിക്ക് ഫെഡറൽ ബാങ്കിൽ 9.99% ഓഹരി പങ്കാളിത്തം ലഭിക്കും.
പ്രിഫറൻഷ്യൽ ഇഷ്യൂവിന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകിയെന്ന് ഇന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ബാങ്ക് അറിയിച്ചത്. വാറന്റുകളെല്ലാം ഓഹരിയാക്കിയശേഷം ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഒരു നോൺ-എക്സിക്യുട്ടീവ് അംഗത്തെ നാമനിർദേശം ചെയ്യാനുള്ള അനുമതിയും ബ്ലാക്ക്സ്റ്റോണിന് ഫെഡറൽ ബാങ്ക് നൽകും.
ഇതിനായി മിനിമം 5% ഓഹരി പങ്കാളിത്തം കമ്പനി ബാങ്കിൽ നിലനിർത്തണം. അതേസമയം, ഓഹരി ഉടമകളുടെ അനുമതിക്കും മറ്റ് ചട്ടങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും നിയമനം.
പ്രിഫറൻഷ്യൽ ഇഷ്യൂവിനുള്ള അനുമതി ഉറപ്പാക്കാൻ നവംബർ 19ന് അസാധാരണ പൊതുയോഗം (ഇജിഎം) ബാങ്ക് വിളിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് മുൻപായി എൻഎസ്ഇയിലുള്ളത് 0.30% ഉയർന്ന് 228.54 രൂപയിലാണ്. ഒരുഘട്ടത്തിൽ ഇന്നുവില കഴിഞ്ഞ ഒരുവർഷത്തെ ഏറ്റവും ഉയരമായ 232.20 രൂപവരെ ഉയർന്നിരുന്നു.
56,357 കോടി രൂപയാണ് ഇപ്പോൾ ബാങ്കിന്റെ വിപണിമൂല്യം. ഇതും റെക്കോർഡാണ്.
പുതുതായി ഫണ്ട് സമാഹരിക്കുന്നത് വഴി ഫെഡറൽ ബാങ്കിന് മൂലധന അടിത്തറ ശക്തമാക്കാനും ഭാവി വളർച്ചാസാധ്യതകൾ കൂടുതൽ മികച്ചതാക്കാനും കഴിയും.
നിലവിലെ മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) കൂടുതൽ മെച്ചപ്പെടുന്നതും കരുത്താകും. നിലവിൽ ഇത് 15.71 ശതമാനമാണ്.
ഇത് 9 ശതമാനത്തിൽ കുറയാതെ നിലനിർത്തണമെന്നാണ് റിസർവ് ബാഹ്കിന്റെ ചട്ടം. സെപ്റ്റംബർപാദ കണക്കുപ്രകാരം 5.3 ലക്ഷം കോടി രൂപയിൽപ്പരമാണ് ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

