ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ ഫോൺപേയും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇതിനായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്താനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.
രഹസ്യമായാണ് (കോൺഫിഡൻഷ്യൽ) അപേക്ഷ (പിഡിആർഎച്ച്പി) നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
12,000 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ഐപിഒ വഴി ഉന്നമിടുന്നത്. നിലവിലെ പ്രമോട്ടർമാർ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) മാത്രമായിരിക്കും ഐപിഒയിലുണ്ടാവുക.
അതായത്, ഐപിഒ വഴി ലഭിക്കുന്ന പണം പൂർണമായും പ്രമോട്ടർമാരുടെ അക്കൗണ്ടിലേക്ക് പോകും.
മറിച്ച്, പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) കൂടി ഐപിഒയിൽ ഉണ്ടെങ്കിലേ, കമ്പനിയുടെ മൂലധന ആവശ്യത്തിന് പണം ലഭിക്കൂ. അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ വോൾമാർട്ട്, പ്രമുഖ നിക്ഷേപസ്ഥാപനമായ ടൈഗർ ഗ്ലോബൽ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് ഫോൺപേയിൽ ഓഹരി പങ്കാളിത്തമുണ്ട്.
ഐപിഒയിൽ ഇവ കൈവശമുള്ള നിശ്ചിത ഓഹരി വിറ്റഴിച്ചേക്കും. ഏകദേശം 10% ഓഹരി പങ്കാളിത്തമാകും വിറ്റൊഴിയുക.
പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി കമ്പനികൾ സെബിക്ക് അപേക്ഷ (ഡിആർഎച്ച്പി) സമർപ്പിക്കേണ്ടതുണ്ട്.
ഇതുവിലയിരുത്തിയാണ് സെബി അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുക. ഫോൺപേ സമർപ്പിച്ചത് പ്രീ-ഫയൽഡ് ഡിആർഎച്ച്പിയാണ് (പിഡിആർഎച്ച്പി).
അതായത്, കമ്പനി ഐപിഒ നടത്തുകതന്നെ ചെയ്യുമെന്ന് ഇതുകൊണ്ട് ഉറപ്പിക്കാനാവില്ല. ഡിആർഎച്ച്പിയിലെ വിവരങ്ങൾ ഐപിഒയ്ക്ക് മുൻപായി പരസ്യമാകുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് രഹസ്യമായി അപേക്ഷിക്കുന്നത്.
ഫോൺപേയിൽ 70 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തവുമായി വോൾമാർട്ടാണ് ഏറ്റവും വലിയ ഓഹരിയുടമ.
ഫോൺപേയ്ക്ക് ഏകദേശം ഒരുലക്ഷം രൂപ മൂല്യം (വാല്യൂവേഷൻ) വിലയിരുത്തിയാകും ഐപിഒ. 2026ന്റെ തുടക്കത്തോടെ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള (ലിസ്റ്റിങ്) ശ്രമമാണ് കമ്പനി നടത്തുന്നതും.
ഇന്ത്യയിലെ യുപിഐ പേയ്മെന്റുകളിൽ 40 ശതമാനത്തിലധികം വിപണിവിഹിതമാണ് ഫോൺപേയ്ക്കുള്ളത്. കടകളിലും മറ്റുമുള്ള ക്യുആർ വഴിയുള്ള പേയ്മെന്റുകവിലും കമ്പനിക്ക് മേധാവിത്തമുണ്ട്.
ഫിൻടെക് കമ്പനിയായ ഫോൺപേ 2023-24ൽ 1,727.4 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.
തൊട്ടുമുൻവർഷത്തെ 1,996.1 കോടി രൂപയേക്കാൾ കുറഞ്ഞെന്നത് കമ്പനിക്ക് ആശ്വാസവുമാണ്. പ്രവർത്തന വരുമാനം 5,064.1 കോടി രൂപയിൽ നിന്ന് 40.4% ഉയർന്ന് 7,114.8 കോടി രൂപയിലും എത്തിയിരുന്നു.
ഡിജിറ്റൽ പേയ്മെന്റിനു പുറമേ നിലവിൽ ഇൻഷുറൻസ്, വായ്പ, സ്റ്റോക്ക് ബ്രോക്കിങ് മേഖലകളിലും ഫോൺപേയ്ക്ക് സാന്നിധ്യമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]