
കാശിനെന്തെങ്കിലും അത്യാവശ്യം വരുമ്പോഴാണ് പലരും സ്വർണം പണയം വയ്ക്കാൻ ഓടിച്ചെല്ലുന്നത്. വായ്പാസ്ഥാപനങ്ങൾ ഇടപാടുകാരുടെ അത്യാവശ്യം മനസിലാക്കി ഈടിന് അനുസരിച്ച് അൽപം തുകയൊക്കെ കൂടുതൽ നൽകാറുമുണ്ട്. അതൊന്നും ഇനി അത്രയ്ക്കങ്ങ് നടപ്പില്ലന്നാണ് സ്വർണ വായ്പയെ സംബന്ധിച്ച് ആർബിഐയുടെ പുതിയ കരട് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്.
സ്വർണപ്പണയം വയ്ക്കുന്നവരെ സംരക്ഷിക്കുന്നതിനും വായ്പാ നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായാണ് ആർബിഐ പുതിയ കരട് നിർദേശം അവതരിപ്പിച്ചതെങ്കിലും പ്രായോഗികമായ ചില ബുദ്ധിമുട്ടുകളും അതോടൊപ്പമുണ്ട്. അതായത് ഇനിമുതൽ ബാങ്കുകൾക്കും സ്വർണപണയ വായ്പാ സ്ഥാപനങ്ങൾക്കും സ്വന്തം നിലയിൽ വായ്പ നൽകുന്നതിന് പരിമിതിയുണ്ടാകും.വായ്പാ തുക കൈമാറുന്നതിനുള്ള നടപടിക്രമങ്ങളും മാറും.
നിലവിൽ ഈട് വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനമേ വായ്പ (Loan to value-LTV) നൽകാവു എന്ന് ആർബിഐ നിർദ്ദേശമുണ്ട് പല ബാങ്കുകളും ഇത് പാലിച്ചിരുന്നെങ്കിലും സ്വർണപ്പണയ സ്ഥാപനങ്ങള് കൂടുതൽ തുക വായ്പ നൽകുന്ന പ്രവണതയുണ്ട്. എന്നാൽ LTV 75 ശതമാനം എന്നത് ആർബിഐ കർശനമാക്കുകയാണ്. ഇടപാടുകാരുടെ ആവശ്യമനുസരിച്ച് പണയത്തുക നൽകുന്ന രീതിക്കിത് കടിഞ്ഞാണിടുമെന്നാണ് കരുതുന്നത്. അതു പോലെ എല്ലാ മാസവും വായ്പയുടെ പലിശ അടയ്ക്കണമെന്നതു നിർബന്ധമാക്കുന്നതും വായ്പ എടുത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്. പലപ്പോഴും വായ്പയുടെ കാലാവധി എത്തുമ്പോൾ മുതലും പലിശയുമെല്ലാം ഒരുമിച്ചടയ്ക്കുന്ന (ബുള്ളറ്റ് പേയ്മെന്റ്) രീതിയായിരുന്നു സ്വർണ വായ്പയുടെ കാര്യത്തിലുള്ളത്.
വായ്പാത്തുക അക്കൗണ്ടിൽ
ആർബിഐ നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റം 20,000 രൂപയുടെ വായ്പാ തുകയേ പണമായി കൈമാറാനാകൂ എന്നതാണ്. അതിൽ കൂടുതലാണ് വായ്പാ തുകയെങ്കിൽ വായ്പാ സ്ഥാപനങ്ങൾ ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കണമെന്നാണ് പുതിയ നിർദേശത്തിലുള്ളത്. അങ്ങനെയെങ്കിൽ അടിയന്തരാവശ്യത്തിന് സ്വർണ വായ്പയെടുക്കുക എന്ന സൗകര്യം തന്നെ അപ്രസക്തമായേക്കാം. വായ്പാ സ്ഥാപനങ്ങൾക്ക് കൈയോടെ വായ്പ ലഭ്യമാക്കാനാകില്ലല്ലോ.
ഫിൻടെക്കുകൾക്ക് നിയന്ത്രണം
സ്വർണ വായ്പ നടത്തിപ്പിനായി ബാങ്കുകൾ ഫിൻടെക്കുകളുമായി ചേർന്നാണ് വാതിൽപ്പടി സ്വർണ വായ്പ സൗകര്യം ലഭ്യമാക്കാറുള്ളത്. ഈ രീതിയിൽ അതത് ദിവസം ബാങ്കിന് കൈമാറുന്നത് വരെ സ്വർണ ഉരുപ്പടി ഈ ഫിൻടെക്കുകൾ സൂക്ഷിക്കാറാണ് പതിവ്. ഇനി മുതൽ അത്തരം പണയ ഉരുപ്പടി ബാങ്ക് നേരിട്ട് കൈവശം വയ്ക്കണമെന്ന് നിർദേശവും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് പ്രധാന നിർദേശങ്ങളിവയാണ്
∙സ്വർണപ്പണയ വായ്പകൾ രണ്ടു തരത്തിൽ തിരിച്ചിരിക്കുന്നു. ഒന്ന്, ഉപഭോഗ ആവശ്യത്തിനുള്ളത് (consumption loan). മറ്റൊന്ന്, ബിസിനസ് ആവശ്യത്തിനുള്ളത്. ഉപഭോഗ ആവശ്യത്തിന് നൽകുന്ന വായ്പയുടെ പരമാവധി കാലാവധി 12 മാസമാണ്. ഒരാളുടെ കൈയ്യിൽ നിന്ന് പണയമായി സ്വീകരിക്കാവുന്ന പരമാവധി സ്വർണം ഒരു കിലോ ആണ്.
∙സ്വർണപ്പണയം നിലനിൽക്കുന്ന കാലമത്രയും വായ്പത്തുക മുതലും പലിശയും സഹിതം 75 ശതമാനം LTV പാലിക്കണം.
∙പണയ ഇടപാടുകാർ സ്വർണത്തിന്റെ ഉടമസ്ഥത വ്യക്തമാക്കണം. അതിനുള്ള രേഖകളില്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ നൽകണം. ഇത് രണ്ടും വ്യക്തമല്ലെങ്കിൽ സംശയകരമായി കരുതി വായ്പ നൽകേണ്ടതില്ലെന്നാണ് ആർബിഐ പറയുന്നത്.
∙വായ്പ തുക എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുകയും അതിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഉപഭോഗ ആവശ്യത്തിനുള്ള വായ്പയാണെങ്കിൽ കുറഞ്ഞ വായ്പകളുടെ കാര്യത്തിൽ ഇതിൽ ചില ഇളവുകൾ ആകാം
∙സ്വർണത്തിന്റെ പരിശുദ്ധി, അതിന്റെ ചിത്രം എന്നിവയെല്ലാമടക്കമുള്ള വിവരങ്ങൾ സൂക്ഷിക്കണം. കരാർ പ്രകാരം ഈടാക്കുന്ന ചാർജുകൾ, ലേല നടപടികൾ, റീപേമെന്റ് കാലാവധി, ലേല അറിയിപ്പ് തുടങ്ങിയ വിവരങ്ങളെല്ലാം വ്യക്തമാക്കിയിരിക്കണം.
∙ ഉയർന്ന മേന്മയുള്ള ആഭരണങ്ങളും നാണയവും ഈടായി സ്വീകരിക്കണം. ഒരു കിലോ വരെ ആഭരണങ്ങള് ഈട് വയ്ക്കാം. സ്വർണത്തിനു പുറമേ 925 പരിശുദ്ധിയുള്ള വെള്ളിയും ഈടായി നൽകാനാകും.
∙തിരിച്ചടവിന് ശേഷം 7 ദിവസത്തിനുള്ളിൽ ഉരുപ്പടി മടക്കി നല്കിയില്ലെങ്കിൽ പ്രതിദിനം 5000 രൂപ എന്ന നിരക്കിൽ ഇടപാടുകാരന് പിഴ നൽകണം.
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൽ
ഈ നിർദ്ദേശങ്ങൾ ബാങ്കുകൾക്കെന്നവിധം ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഒരു പോലെ ബാധകമാണ്. സ്വർണ പണയ വായ്പാ രംഗത്ത് പൊതുവായ നയങ്ങളും രീതികളും കൊണ്ടുവരാനും സ്വർണപ്പണയ വായ്പയിൽ വന്നേക്കാവുന്ന ക്രെഡിറ്റ് റിസ്കുകൾ അടക്കമുള്ള കാര്യങ്ങളിൽ മെച്ചപ്പെട്ട നിയന്ത്രണവും സുതാര്യതയും കൊണ്ടുവരാനും ഉദ്ദേശിച്ചുകൊണ്ടാണ് റിസർവ് ബാങ്ക് ഈ പുതുക്കിയ കരട് നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പൊതുജനങ്ങളില് നിന്നും ബന്ധപ്പെട്ട വ്യവസായ മേഖലയിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടെ പരിശോധിച്ച് ഉടനെ ഈ നിർദ്ദേശങ്ങൾ നിബന്ധനകളായി വരും.
ഇതോടെ സ്വർണ വായ്പയുടെ വളർച്ച തൽക്കാലത്തേക്കെങ്കിലും മന്ദഗതിയിലാകാനുള്ള സാധ്യത ഉണ്ട്. ബുള്ളറ്റ് വായ്പകൾ കാലാവധി കഴിയുന്ന സമയത്ത് മുതലും പലിശയും ചേർത്തുള്ള LTV കർശനമായി നിലനിർത്തണമെന്നതും, സ്വർണാഭരണങ്ങളുടെ ചിത്രം അടക്കമുള്ള സർട്ടിഫിക്കറ്റ് വായ്പ നൽകുന്ന സമയം ഇടപാടുകാർക്ക് നൽകണമെന്നതും വായ്പ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകണമെന്നതും ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ സ്വർണ വായ്പയുടെ മാനേജ്മെന്റ് കൂടുതൽ ശ്രമകരമാക്കും. ബാങ്കുകൾ ഇക്കാര്യങ്ങൾ ഇപ്പോൾ തന്നെ കുറെയൊക്കെ പാലിച്ചു പോരുന്നതിനാൽ പുതിയ നിർദ്ദേശങ്ങൾ ബാങ്കുകളെ കാര്യമായി ബാധിക്കില്ല. എന്നാൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ പുതിയ നിർദ്ദേശങ്ങൾ വെല്ലുവിളികൾ ഉയർത്താനിടയുണ്ട്. വർദ്ധിച്ച പ്രവർത്തന ചെലവ് സ്വർണ വായ്പയുടെ പലിശ നിരക്ക് കൂടുവാൻ ഇടയാക്കും. LTV യിലുള്ള നിയന്ത്രണങ്ങൾ സ്വർണത്തിന്റെ തൂക്കത്തിന് നേരത്തെ ലഭിച്ചിരുന്ന തുക കുറയ്ക്കും (Per Gram rate). വായ്പ ലഭിക്കുവാനുള്ള എളുപ്പം കൊണ്ടും മറ്റും സാധാരണക്കാർ ബാങ്കുകളേക്കാൾ ഒരുപക്ഷെ ആശ്രയിക്കുന്നത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയാണ്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുക കൂടുതൽ ശ്രമകരമാകും.