സ്വർണവിലയിലെ അനിശ്ചിതത്വം മാറുന്നില്ല. ഇന്നലെ കുത്തനെ ഇടിയുകയും പിന്നീട് കയറുകയും ചെയ്ത സ്വർണവിലയിൽ ഇന്നും ട്രെൻഡ് മാറ്റം.
രാജ്യാന്തര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സ്വർണത്തിന് വില കുറഞ്ഞു. ഗ്രാമിന് 270 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്.
ഒരു ഗ്രാം സ്വർണം 12,865 രൂപയിലെത്തി. പവന് 2,160 രൂപ കുറഞ്ഞ് 1,02,920 രൂപയിലെത്തി.
നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ വില ഇന്നലത്തെ പോലെ വീണ്ടും ഒരു ലക്ഷം രൂപയിൽ താഴെയെത്തും.
ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ സമവായത്തിലെത്തുമെന്നും ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില ഇടിയുകയും സ്വർണവില കയറുകയും ചെയ്തു.
എന്നാൽ യുഎസുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. വിപണിയെ കബളിപ്പിക്കാൻ വേണ്ടി യുഎസ് പ്രസിഡന്റ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇറാൻ പ്രതികരിച്ചു.
ഇതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഔൺസിന് 4,408 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവില നിലവില്‍ 4,352 ഡോളറിലാണ്.
അതേസമയം, ചില രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ആശ്വാസമാണ്.
യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില ഉയരുന്നതാണ് പതിവ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് ഇതിന് കാരണം.
എന്നാല്‍ ഇക്കുറി സ്വർണത്തേക്കാൾ അമേരിക്കൻ ഡോളറിൽ നിക്ഷേപിക്കാനായിരുന്നു നിക്ഷേപകർക്ക് താല്പര്യം. ഇതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയരുകയും മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടുകയും ചെയ്തു.
ഇതിനൊപ്പം ക്രൂഡ് ഓയിൽ വില ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും സൃഷ്ടിക്കുമെന്ന ആശങ്കയും പടർന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന വാർത്തകളും കൂടിയായതോടെ സ്വർണ നിക്ഷേപങ്ങളുടെ മാറ്റു കുറഞ്ഞു.
ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 10,630 രൂപയാണ്. മറ്റ് ചില ജ്വല്ലറികളിൽ ഗ്രാമിന് 10,575 രൂപയിലും വിൽപന നടക്കുന്നുണ്ട്.
ഗ്രാമിന് 235 രൂപയിലാണ് വെള്ളി വിൽപന.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1,16,670 രൂപ നൽകിയാൽ മതിയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
മൂന്നു മുതൽ 30 ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ 3 ശതമാനം ജിഎസ്ടിയു ഹോൾമാർക്കിങ് ചാർജും നൽകേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

