
ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായ മാസങ്ങളായിരുന്നു ഫെബ്രുവരിയും മാർച്ചും. നിക്ഷേപിച്ച തുക പകുതി ആയ അവസ്ഥയുണ്ടായി എന്ന പരാതി പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയുടെ ഉയർച്ചയ്ക്കും, താഴ്ചയ്ക്കും ഒപ്പം നിക്ഷേപത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.
ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ കോർപ്പറേഷൻ പോലുള്ളവ) ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം കൊടുക്കുന്നു. അതിനു ശേഷം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു ലഭിക്കുന്ന സംവിധാനമാണ് ബോണ്ടുകളുടേത്. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. സർക്കാർ ഇറക്കുന്ന ബോണ്ടുകളും കമ്പനികൾ ഇറക്കുന്ന കോർപ്പറേറ്റ് ബോണ്ടുകളും എല്ലാവർക്കും പരിചിതമാണെങ്കിലും, മുനിസിപ്പൽ ബോണ്ട് എന്താണെന്ന് അത്ര അറിവുണ്ടാകില്ല.
മുനിസിപ്പൽ ബോണ്ട്
ദൈനംദിന ബാധ്യതകൾക്ക് ധനസഹായം നൽകുന്നതിനും ഹൈവേകൾ, റോഡുകൾ, സ്കൂളുകൾ തുടങ്ങിയ സാമ്പത്തിക മൂലധന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏജൻസികളും ഇറക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ.
രാജ്യത്തെ മുനിസിപ്പൽ ബോണ്ട് വിപണികളുടെ വിശ്വാസ്യതയും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുനിസിപ്പൽ ബോണ്ടുകൾക്കായി ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പൽ ബോണ്ട് സൂചികയുടെ ചരിത്രപരമായ പ്രകടനത്തോടൊപ്പം, ഇഷ്യുകൾ, ക്രെഡിറ്റ് റേറ്റിങുകൾ, ട്രേഡിങ് വോള്യങ്ങൾ, ആദായം, വിലകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മുനിസിപ്പൽ ബോണ്ട് വിപണിയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമായി വെബ്സൈറ്റ് പ്രവർത്തിക്കും.
ഇന്ത്യയിലെ മുനിസിപ്പൽ ബോണ്ട് വിപണിയിലെ സുതാര്യത, വാങ്ങൽ സൗകര്യം, നിക്ഷേപക അവബോധം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഓഹരികളേക്കാൾ ബോണ്ടുകൾ നല്ലതോ?
ബോണ്ടുകൾ സ്ഥിര വരുമാനം നൽകുന്നവയാണ് .ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ബോണ്ടുകളെ റേറ്റുചെയ്യുന്നത്. അതുകൊണ്ട് ഓഹരികളിൽ നിക്ഷേപിക്കാൻ ഭയമുള്ളവർക്ക് ബോണ്ടുകളിൽ നിക്ഷേപിക്കാം. ബോണ്ടുകൾ, ഓഹരികളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ ഉയരുകയും താഴുകയും ചെയ്യുന്നുള്ളൂ.
അതായത് അവയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. പൊതുവെ ബോണ്ടുകൾക്ക് വരുമാന സ്ഥിരത നൽകാൻ കഴിയും. അതുപോലെ ബോണ്ടുകളുടെ പലിശ നിരക്കുകൾ പലപ്പോഴും ബാങ്കുകളിലോ, മണി മാർക്കറ്റ് അക്കൗണ്ടുകളിലോ ഉള്ള സേവിങ്സ് നിരക്കുകളേക്കാൾ കൂടുതലായിരിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോണ്ടുകൾ വിറ്റാൽ നഷ്ടമുണ്ടാകും.അതുപോലെ ബോണ്ടുകൾക്ക് പൊതുവെ പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങളുമുണ്ട്.
പണപ്പെരുപ്പം ലഭിക്കുന്ന പലിശയേക്കാൾ വേഗത്തിൽ കൂടാൻ തുടങ്ങിയാൽ കാലക്രമേണ നിക്ഷേപത്തിന്റെ യഥാർത്ഥ മൂല്യം കുറയും. ബോണ്ട് ഉടമകൾക്ക് ഓഹരി ഉടമകളുടെ പോലെ ലാഭവിഹിതം ലഭിക്കില്ല. അതുപോലെ കമ്പനി തീരുമാനങ്ങളിൽ വോട്ടുചെയ്യാനും കഴിയില്ല.