റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ‘പിഴ’ എന്നോണം ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 25% തീരുവ യുഎസ് എടുത്തുകളയും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനപ്രകാരം ഇപ്പോൾ ചുമത്തുന്നത്. ഇതിൽ നിന്ന് 25% ഒഴിവാക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.
എങ്കിലും കയറ്റുമതി രംഗത്തെ മറ്റ് ഏഷ്യൻ എതിരാളികളായ ബംഗ്ലദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപ്പോഴും ഇന്ത്യയ്ക്കുമേലുള്ള തീരുവ കൂടുതലായിരിക്കും.
ഈ രാജ്യങ്ങൾക്ക് യുഎസ് ചുമത്തുന്ന തീരുവ 20 ശതമാനത്തിലും താഴെയാണ്. പാക്കിസ്ഥാനും 19 ശതമാനമേയുള്ളൂ. റഷ്യൻ എണ്ണയ്ക്കുള്ള പിഴ എടുത്തുകളഞ്ഞാലും മറ്റ് തീരുവകൾ നിലനിൽക്കുമെന്ന് ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസ്സന്റ് പറഞ്ഞു.
നിലവിൽ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഏറക്കുറെ നിർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴച്ചുങ്കം ഒഴിവാക്കാനുള്ള യുഎസിന്റെ നീക്കമെന്നും ബെസ്സന്റ് വ്യക്തമാക്കി.
ഇത് ട്രംപിന്റെ താരിഫ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് നേരത്തേ യുഎസിന്റെ യൂറോപ്പിലെ സഖ്യകക്ഷികളോടും ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇത് യൂറോപ്യൻ രാഷ്ട്രങ്ങൾ കൈയോടെ നിരസിച്ചു.
യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുമായി വമ്പൻ വ്യാപാരക്കരാർ നേടിയെടുക്കാനായി ശ്രമിക്കുകയാണെന്നും അതുകൊണ്ടാണ് അവർ ട്രംപിന്റെ ആവശ്യം തള്ളിയതെന്നും ബെസ്സന്റ് പറഞ്ഞു. ട്രംപ് ഏറ്റവുമദികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്തായിട്ടും ഇന്ത്യയ്ക്കുമേൽ ട്രംപ് കനത്ത തീരുവ ചുമത്തുകയായിരുന്നു. ഇതിനു പുറമേയായിരുന്നു 25% പിഴച്ചുങ്കവും.
റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് പിഴച്ചുങ്കം ചുമത്തിയ ഏക രാജ്യവും ഇന്ത്യയാണ്.
ചൈന, തുർക്കി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങിയവ ഇപ്പോഴും റഷ്യൻ എണ്ണയുൾപ്പെടെ വാങ്ങുന്നുണ്ട്. അടുത്തിടെ ഇന്ത്യയെ പിന്തള്ളി റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളായി തുർക്കി മാറിയിരുന്നു.
ചൈനയാണ് വർഷങ്ങളായി ഒന്നാമത്.
റഷ്യയിൽ നിന്ന് യുഎസ് ഇപ്പോഴും ബില്യൻ കണക്കിന്റെ ഡോളറിന്റെ വളം ഉൾപ്പെടെ വാങ്ങുന്നുണ്ടെന്നും എന്നിട്ടും ഇന്ത്യയ്ക്കുമേൽ പിഴച്ചുങ്കം ചുമത്തിയത് ഇരട്ടത്താപ്പാണെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു. യുഎസിൽ നിന്ന് ഇന്ത്യയിലെത്തുന്ന പരിപ്പ് ഉൾപ്പെട
ഏതാനും കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ 30% ഇറക്കുമതി തീരുവ ചുമത്തി തിരിച്ചടിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ നടപടി വലിയ ആഘാതമായെന്നും തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് നേരിട്ട് പറയണമെന്നും ഏതാനും യുഎസ് സെനറ്റർമാർ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വമ്പൻ സ്വതന്ത്ര വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമാകും. അടുത്തയാഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിലെത്തും.
കരാർ പ്രഖ്യാപനവുമുണ്ടാകും. ഇതിനിടെ യുഎസ് ഇന്ത്യയ്ക്കുമേലുള്ള തീരുവ കുറയ്ക്കുന്നതും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതും ഇന്ത്യയ്ക്ക് ഇരട്ടി മധുരമാകും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായാൽ മൊത്തം തീരുവ 20 ശതമാനത്തിനും താഴെയായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

