പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിനിടെ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയെ ‘പുറത്തുനിർത്താൻ’ തന്നെ തീരുമാനിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഉപയോഗിക്കുന്ന 5 ടർക്കിഷ് വിമാനങ്ങളുടെ പ്രവർത്തനാനുമതി നീട്ടിനൽകില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.
നിലവിൽ ഇൻഡിഗോ 15 വിദേശ വിമാനങ്ങളാണ് പാട്ടത്തിനെടുത്ത് പറത്തുന്നത്.
7 എണ്ണം തുർക്കിയുടേതാണ്. ഇതിൽ 5 നാരോബോഡി വിമാനങ്ങളുടെ പ്രവർത്തനാനുമതി 2026 മാർച്ചുവരെയായി ഡിജിസിഎ ചുരുക്കിയിരുന്നു.
ഇത് ഇനി നീട്ടിനൽകേണ്ടെന്നാണ് തീരുമാനം. തുർക്കിയുടെ കോറെൻഡൻ എയർലൈൻസിൽ നിന്ന് ഇൻഡിഗോ പാട്ടത്തിനെടുത്ത ബോയിങ്-737 വിമാനങ്ങളാണിവ.
പാട്ടക്കാലാവധി മാർച്ച് 26ന് തീരുമെന്ന് നേരത്തേ ഇൻഡിഗോ അറിയിച്ചിരുന്നു. ബാക്കി 2 എണ്ണം ബോയിങ്-777 വൈഡ് ബോഡി എയർക്രാഫ്റ്റുകളാണ്.
ഇവയുടെ പ്രവർത്തനാനുമതി 2026 ഫെബ്രുവരിയിലും തീരും.
ഫലത്തിൽ മാർച്ചിനുശേഷം ഈ 7 വിമാനങ്ങളും ഇൻഡിഗോയ്ക്ക് ഉപയോഗിക്കാനാവില്ല. തിരിച്ച് തുർക്കി കമ്പനികൾക്ക് തന്നെ കൊടുക്കണം.
പാട്ടക്കാലാവധി പുതുക്കേണ്ടെന്ന് ഡിജിസിഎ നിർദേശിച്ചിട്ടുമുണ്ട്. ഇൻഡിഗോയുടെ കൈവശമുള്ള ടർക്കിഷ് വിമാനങ്ങളുടെ പറക്കൽ അനുമതി 6 മാസത്തേക്ക് കൂടി നീട്ടിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വ്യക്തതവരുത്തി ഡിജിസിഎ രംഗത്തെത്തിയത്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഡൽഹി/മുംബൈ സർവീസിനാണ് ഇൻഡിഗോ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
മറ്റൊരു ടർക്കിഷ് കമ്പനിയായ ഫ്രീബേർഡിൽ നിന്ന് 5 എയർബസ് എ320 വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കാൻ നേരത്തേ ഇൻഡിഗോയ്ക്ക് ഡിജിസിഎയുടെ അനുമതി ലഭിച്ചിരുന്നു.
എന്നാൽ, ഈ വിമാനങ്ങൾ ഇതുവരെ ഇൻഡിഗോ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇവ ഉപയോഗിക്കാനും അനുമതി ലഭിച്ചേക്കില്ല.
വിമാനങ്ങൾ പാട്ടത്തിനെടുത്ത് ഉപയോഗിക്കുന്നത് വ്യോമയാന രംഗത്ത് സാധാരണമാണ്.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് പിന്തുണയുമായി തുർക്കി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന് തുർക്കി ആയുധങ്ങളും നൽകിയിരുന്നു.
പിന്നാലെ ഇന്ത്യയിൽ തുർക്കിക്കെതിരെ ബഹിഷ്കരണ ആഹ്വാനം ശക്തമാവുകയായിരുന്നു. ടർക്കിഷ് ഉൽപന്നങ്ങൾക്ക് പുറമേ തുർക്കിയിലേക്കുള്ള വിനോദ യാത്രയും കുറഞ്ഞു.
ഈ വർഷം തുർക്കിയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഇടിഞ്ഞത് 30 ശതമാനത്തിലധികമാണ്.
ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ചുമതലയിലുണ്ടായിരുന്ന ടർക്കിഷ് കമ്പനി സെലെബിയുടെ സുരക്ഷാ ക്ലിയറൻസും ഇന്ത്യ റദ്ദാക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുൾപ്പെടെയാണ് ഇതോടെ സെലെബി പുറത്തായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

