റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെ, വീണ്ടും സ്വരംകടുപ്പിച്ച് യൂറോപ്യൻ രാഷ്ട്രങ്ങളും ജപ്പാനും. വെടിനിർത്തൽ ഉറപ്പാക്കാനായി യുഎസ് മുന്നോട്ടുവച്ച 28-വ്യവസ്ഥകളോടു കൂടിയ സമാധാന ഡീൽ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു.
ഡീലിന് വഴങ്ങിയില്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകുമെന്നും പന്ത് ഇപ്പോൾ യുക്രെയ്ന്റെ കോർട്ടിലാണെന്നും റഷ്യൻ പ്രസിഡന്റ് പുട്ടിനും പറഞ്ഞിരുന്നു.
ഇതിനിടെ യുക്രെയ്ന്റെ കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യൻ സൈന്യം രംഗത്തെത്തിയത് പ്രതിസന്ധി സങ്കീർണമാക്കി. ഡോണെട്സ്കിന് സമീപം സ്വനീവ്ക, നോവോ എന്നിവയാണ് പിടിച്ചെടുത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
യുഎസ് അവതരിപ്പിച്ചത് പുട്ടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രേവ് തയ്യാറാക്കിയ സമാധാന ഡീൽ ആണെന്നും അത് അംഗീകരിക്കുന്നത് റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്നും യുക്രെയ്്ൻ വ്യക്തമാക്കിയിരുന്നു.
ഡോൺബാസ് ഉൾപ്പെടെ ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുകൊടുക്കുക, യുക്രെയ്നിൽ വിദേശ സൈന്യത്തെ അനുവദിക്കാതിരിക്കുക, യുക്രെയ്ൻ സൈന്യത്തിന്റെ മൈസലുകൾ ഉൾപ്പെടെ ആയുധങ്ങൾ പാതിയും നശിപ്പിക്കുക തുടങ്ങി റഷ്യയ്ക്ക് അനുകൂലമായ വ്യവസ്ഥകളാണ് ഡീലിലുള്ളത്. ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും യുക്രെയ്ന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവ് വയ്ക്കില്ലെന്നും പ്രസിഡന്റ് സെലെൻസ്കിയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡീൽ ഫൈനൽ അല്ലെന്നും ഏതെങ്കിലും വിധത്തിൽ യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഡീലിന് സമ്മതമല്ലെങ്കിൽ യുക്രെയ്ൻ യുദ്ധം തുടരട്ടെയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഡീലിന്മേൽ ചോദ്യങ്ങളുയരുന്നു; കിറിൽ കരിമ്പട്ടികയിൽ
പുട്ടിന്റെ ഏറ്റവും അടുത്ത അനുയായികളിലൊരാണ് നിലവിൽ യുക്രെയ്ൻ-റഷ്യ സമാധാന കരാറിന് മുൻകൈ എടുക്കുന്ന കിറിൽ ദിമിത്രേവ്.
യുദ്ധ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ യുഎസ് 2022ൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർ, കമ്പനികൾ ഇതുപ്രകാരം ദിമിത്രേവുമായി ഇടപാടുകളൊന്നും നടത്താനുംപാടില്ല.
എന്നിട്ടും, സമാധാന ഡീൽ ഉറപ്പാക്കാൻ യുഎസ് അധികൃതർക്ക് എങ്ങനെ കിറിലുമായി ബന്ധപ്പെടാൻ കഴിഞ്ഞുവെന്ന ചോദ്യം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പെടെ യുഎസ് സെനറ്റർമാർക്കിടയിൽതന്നെ ഉയർന്നിട്ടുണ്ട്.
ദിമിത്രേവ് തയാറാക്കിയത് റഷ്യയ്ക്ക് അനുകൂലമായ ഡീൽ ആണെന്നും അംഗീകരിക്കില്ലെന്നും യുക്രെയ്നും വ്യക്തമാക്കിയിരുന്നു.
യൂറോപ്പിന്റെ തോൽവി!
യൂറോപ്യൻ യൂണിയനെയും നാറ്റോയും പങ്കാളികളാക്കാതെയുള്ള ഡീൽ അംഗീകരിക്കില്ലെന്നും ചർച്ച വേണമെന്നും യൂറോപ്യൻ രാഷ്ട്രങ്ങളും ജപ്പാനും ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, കാനഡ, നെതർലൻഡ്സ്, ജപ്പാൻ, സ്പെയിൻ, ഫിൻലൻഡ്, നോർവേ എന്നിവയാണ് ഡീലിനെതിരെ രംഗത്തെത്തിയത്.
ഡീൽ യുക്രെയ്ൻ അംഗീകരിച്ചാൽ അത് യുക്രേനിയൻ ജനതയുടെയും യൂറോപ്പിന്റെയാകെയും തോൽവിയായിരിക്കുമെന്നും യൂറോപ്പിനാകെ സുരക്ഷാപ്രശ്നമുണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡ്റിച് മെഴ്സ് എന്നിവർ പറഞ്ഞു.
അതേസമയം, ഡീലിന് മുൻപായി റഷ്യൻ പ്രസിഡന്റ് പുട്ടിനും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗേയ് റിയാബ്കോവ് പറഞ്ഞു.
ക്രൂഡ് ഓയിൽ വില താഴേക്ക്
റഷ്യ-യുക്രെയ്ൻ സമാധാന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴുകയാണ്. ഡബ്ല്യുടിഐ വില ബാരലിന് 58 ഡോളറിലേക്കും ബ്രെന്റ് വില 62 ഡോളറിലേക്കും കുറഞ്ഞു.
ഉപരോധം നീങ്ങിയേക്കുമെന്ന പ്രതീക്ഷയുമായി റഷ്യൻ റിഫൈനറികൾ ഉൽപാദനം കൂട്ടിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഓഹരികളിൽ കയറ്റിറക്കം
ഗാസയിലെ വെടിനിർത്തലിന് പിന്നാലെ റഷ്യയ്ക്കും യുക്രെയ്നും ഇടയിലും സമാധാനം പുലരുമെന്ന പ്രതീക്ഷകൾ ആഗോള സമ്പദ്മേഖലയ്ക്കും ഓഹരി വിപണികൾക്കും നേട്ടമാകും. യുഎസിൽ കഴിഞ്ഞവാരം ആഞ്ഞടിച്ച നിർമിതബുദ്ധി കുമിളപ്പേടി (എഐ ബബിൾ) ഏറക്കുറെ മാറിത്തുടങ്ങിയിട്ടുണ്ട്.
ഓഹരി സൂചികകളായ ഡൗ ജോൺസ് 1.08%, എസ് ആൻഡ് പി 0.98%, നാസ്ഡാക് 0.88% എന്നിങ്ങനെ കയറിയത് ആശ്വാസം പകരുന്നു.
ഇന്ത്യൻ വിപണികളിൽ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും ആഴ്ചയോട് സെൻസെക്സും നിഫ്റ്റിയും വിടപറഞ്ഞത് നേട്ടത്തോടെയാണ്. തുടർച്ചയായ രണ്ടാം ആഴ്ചയിലും ഇതോടെ നേട്ടത്തിലേറാൻ കഴിഞ്ഞു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 670 പോയിന്റും (+0.79%) നിഫ്റ്റി 158 പോയിന്റുമാണ് (+0.61%) ഉയർന്നത്.
∙ അതേസമയം, രൂപ ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്ക് ഇടിഞ്ഞു. മൂല്യം 89 ഭേദിച്ച് 89.61ൽ എത്തി.
∙ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ഏകീകൃത മൂലധന വിപണി നിയമഭേദഗതി, ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നിലവിലെ 74ൽ നിന്ന് 100 ശതമാനത്തിലേക്ക് ഉയർത്താനുള്ള ബിൽ തുടങ്ങിയവ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നത് ഓഹരി വിപണികളുടെ ശ്രദ്ധ നേടും.
∙ ഗാസയിൽ ഹമാസ് ക്യാംപുകൾക്ക് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് ആശങ്കയാകുന്നുണ്ട്.
∙ സ്വർണവില ചഞ്ചാട്ടത്തിലാണ്.
രാജ്യാന്തരവില ഔൺസിന് 4,060 ഡോളർ നിലവാരത്തിൽ നിൽക്കുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും സ്വർണത്തിന് തിരിച്ചടിയാകുന്നു.
യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും 100 കടന്നതും സ്വർണത്തിന് പ്രതികൂലമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

