സ്വർണാഭരണപ്രിയർക്ക് കനത്ത ആശങ്ക നൽകി വില ഇന്നും കുതിച്ചുകയറി പുതിയ ഉയരംതൊട്ടു. ഇന്ന് ഒറ്റയടിക്ക് 920 രൂപ ഉയർന്ന പവൻവില 83,840 രൂപയിലെത്തി.
84,000 എന്ന നാഴികക്കല്ലിലേക്ക് 160 രൂപ മാത്രം അകലം. ഗ്രാമിന് 115 രൂപ ഉയർന്ന് വില 10,480 രൂപയായി.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടിയിരുന്നു.
രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് വീഴ്ചയുമാണ് കേരളത്തിലും പൊന്നിൻകുതിപ്പിന് വഴിവച്ചത്. രൂപ ഇന്ന് 10 പൈസ താഴ്ന്ന് എക്കാലത്തെയും താഴ്ചയായ 88.49ലാണ് വ്യാപാരം ആരംഭിച്ചത്.
മറ്റ് ഏഷ്യൻ കറൻസികൾ നേരിട്ട വീഴ്ച രൂപയ്ക്കും തിരിച്ചടിയാവുകയായിരുന്നു.
താരിഫ് ഷോക്കിന് പിന്നാലെ, ട്രംപ് എച്ച്1ബി വീസ ഫീസ് നിരക്ക് കൂട്ടിയത് ഇന്ത്യയ്ക്കുമേൽ പടർത്തുന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി.
രൂപ വീണതോടെ സ്വർണം ഇറക്കുമതിച്ചെലവ് കൂടുമെന്ന ആശങ്കയും ആഭ്യന്തരവില കൂടാനിടയാക്കി. നവരാത്രി, ദീപാവലി ഉത്സവകാലത്ത് ആഭരണ ഡിമാൻഡ് കൂടാനുള്ള സാധ്യതകളുണ്ട്.
ഇത് വിലയെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
വാങ്ങാൻ 90,000വും പോരാ!
പവന്റെ വാങ്ങൽവില ഇന്ന് 90,000 രൂപയും ഭേദിച്ചിട്ടുണ്ട്. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാൽതന്നെ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 90,728 രൂപ നൽകണം, ഒരു ഗ്രാം സ്വർണാഭരണത്തിന് 11,340 രൂപയും.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35% വരെയൊക്കെയാകാം.
സ്വർണക്കുതിപ്പിന്റെ നാൾവഴി
(പവൻ വില രൂപയിൽ, അതത് വർഷത്തെ മാർച്ച് 31 പ്രകാരം)
1925 : 13.75
1950 : 72.75
1975 : 396
1990 : 2,493
2000 : 3,212
2010 : 12,280
2015 : 19,760
2020 : 32,000
2022 : 38,120
2023 : 44,000
2024 : 50,280
2025 : 67,400
കഴിഞ്ഞവർഷം സെപ്റ്റംബർ 23ന് പവൻവില 55,840 രൂപയേ ഉണ്ടായിരുന്നു; ഗ്രാമിന് 6,980 രൂപയും.
അതായത് ഒറ്റവർഷംകൊണ്ട് പവന് കൂടിയത് 28,000 രൂപ; ഗ്രാമിന് 3,500 രൂപയും. ഈ വർഷം ജനുവരി ഒന്നിന് വില പവന് 57,200 രൂപയും ഗ്രാമിന് 7,150 രൂപയുമായിരുന്നു.
2025ൽ ഇതുവരെ പവന് 26,640 രൂപയും ഗ്രാമിന് 3,330 രൂപയും കൂടി. ഈ മാസം ഒന്നിന് പവന് 77,640 രൂപയിലായിരുന്നു വ്യാപാരം; ഗ്രാമിന് 9,705 രൂപയും.
ഈ മാസം ഇന്നുവരെ സ്വർണം ഗ്രാമിന് കുതിച്ചുകയറിയത് 6,200 രൂപയാണ്; പവന് 775 രൂപയും.
കടിഞ്ഞാണില്ലാതെ രാജ്യാന്തര വിലക്കുതിപ്പ്
∙ രാജ്യാന്തര വില കുതിച്ചുയരുന്നതാണ് കേരളത്തിലും വില കൂടാൻ പ്രധാന കാരണം. ഇന്നലെ വീണ്ടും 3,700 ഡോളർ എന്ന റെക്കോർഡ് ഭേദിച്ച രാജ്യാന്തര വില, ഇന്ന് ഔൺസിന് ഒരുവേള 3,758 ഡോളർ വരെയെത്തി.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,743 ഡോളറിൽ. 60 ഡോളറിനടുത്ത് നേട്ടത്തിലാണ് വിലയുള്ളത്.
∙ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് കഴിഞ്ഞവാരം അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.
ഇനിയും പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ തെളിയുന്നതാണ് സ്വർണക്കുതിപ്പിന്റെ പ്രധാന ഉത്തേജകം.
∙ പലിശനിരക്ക് കുറയുമ്പോൾ ബാങ്ക് നിക്ഷേപവും യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളും അനാകർഷകമാകും. ഇതോടെ, സ്വർണനിക്ഷേപങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയാണ് വിലയെ മേലോട്ട് നയിക്കുന്നത്.
∙ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) താഴ്ന്നതും സ്വർണത്തിന് നേട്ടമായി.
∙ ലാഭമെടുപ്പ് സമ്മർദമോ മറ്റ് തിരിച്ചടികളോ ഉണ്ടായില്ലെങ്കിൽ രാജ്യാന്തരവില വൈകാതെ 3,800 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ അങ്ങനെയെങ്കിൽ പവൻവില 85,000 രൂപയും തൊടും.
സ്വർണം വാരിക്കൂട്ടി ബ്രിട്ടൻ
ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ ‘സുരക്ഷിത നിക്ഷേപം’ എന്നനിലയിൽ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണത്തിന് കരുത്താവുകയാണ്. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വിറ്റ്സർലൻഡിൽ നിന്ന് വലിയതോതിൽ സ്വർണം വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
യുകെയുടെ കേന്ദ്രബാങ്ക് 63 ടണ്ണാണ് കൂട്ടിച്ചേർത്തത്; 2022നുശേഷമുള്ള ഏറ്റവും വലിയ സ്വർണം വാങ്ങലാണിത്.
തൊട്ടാൽ പൊള്ളും വെള്ളി
വെള്ളിക്കും വില റെക്കോർഡ് തൊട്ടു. 150 രൂപയെന്ന നാഴികക്കല്ലിലേക്ക് ഇനിയുള്ളത് ചെറുദൂരം.
ഇന്ന് ചില ജ്വല്ലറികളിൽ വില ഗ്രാമിന് 3 രൂപ കൂടി 147 രൂപയായി. രാജ്യാന്തരവില ഔൺസിന് 2.1% വർധനയുമായി 14 വർഷത്തെ ഉയരമായ 43.99 ഡോളറിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ ചില ജ്വല്ലറികളിൽ വില ഗ്രാമിന് 4 രൂപ വർധിച്ച് 144 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്റെ അതേ കുതിപ്പാവേശം ‘കുഞ്ഞൻ’ കാരറ്റ് സ്വർണത്തിനുമുണ്ട്. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം വില ഗ്രാമിന് 95 രൂപ ഉയർന്ന് റെക്കോർഡ് 8,680 രൂപയായി.
മറ്റു ചില വ്യാപാരികൾ നൽകിയ വില 95 രൂപ തന്നെ ഉയർത്തി 8,615 രൂപയാണ്. ഗ്രാമിന് 6,700 രൂപയിലാണ് 14 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം.
9 കാരറ്റിനു വില 4,325 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]