ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിലൊന്നായ റഷ്യ കടുത്ത സാമ്പത്തിക, ഊർജ്ജ പ്രതിസന്ധിയിലേക്ക്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങി ദിവസങ്ങൾ തള്ളിനീക്കേണ്ട
അവസ്ഥയിലാണ് ഈ ആഗോള ശക്തി. വ്ലാഡിമിർ പുട്ടിൻ ഭരണകൂടത്തിന് മുന്നിൽ മറ്റ് വഴികളില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
റഷ്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ മുന്നേറുന്നത്. റഷ്യയുടെ കയറ്റുമതി വരുമാനത്തിൽ നിർണായക പങ്ക് വഹിക്കുന്ന റിഫൈനറികളെ തിരഞ്ഞുപിടിച്ച് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്ന തന്ത്രമാണ് യുക്രെയ്ൻ പയറ്റുന്നത്.
ഇതിനകം റഷ്യയുടെ റിഫൈനിങ് ശേഷിയുടെ 40 ശതമാനത്തോളം ആക്രമണങ്ങളിലൂടെ തകർന്നെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ പ്രതിസന്ധിയാണ് റഷ്യയെ കടുത്ത ബുദ്ധിമുട്ടിലേക്ക് തള്ളിയിട്ടിരിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധാനന്തരവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയിൽ കയറ്റുമതി ചെയ്ത രാജ്യമാണ് റഷ്യ. എന്നാൽ, അതേ ക്രൂഡോയിൽ സംസ്കരിച്ച് പെട്രോളും ഡീസലുമാക്കി ഇപ്പോൾ ഇന്ത്യ റഷ്യയിലേക്ക് തിരികെ കയറ്റുമതി ചെയ്യുകയാണ്.
60,000 മെട്രിക് ടൺ പെട്രോളാണ് ഗുജറാത്തിലെ നയാര എനർജി റിഫൈനറിയിൽ നിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം രാജ്യാന്തര കമ്മോഡിറ്റി ട്രേഡർമാർ വഴിയാണ് റഷ്യയിലേക്ക് ഇന്ധനം എത്തിക്കുന്നത്.
റഷ്യയിലേക്ക് നേരിട്ട് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലെ റിഫൈനറികൾ, പെട്രോൾ ശേഖരണ കേന്ദ്രങ്ങൾ, പെട്രോകെമിക്കൽ കോംപ്ലക്സുകൾ എന്നിവയിൽ യുക്രെയ്ന്റെ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പടിഞ്ഞാറൻ റഷ്യയിലെ ഗ്യാസ്ഫ്രോം നാഫ്തെഖിം റിഫൈനറിയാണ് ഏറ്റവുമൊടുവിൽ ആക്രമണത്തിന് ഇരയായത്. പ്രതിവർഷം 70 ലക്ഷം ടൺ ക്രൂഡോയിൽ സംസ്കരിക്കുന്ന റിഫൈനറിയാണിത്.
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, അമോണിയ, യൂറിയ തുടങ്ങിയവ ഇവിടെ ഉൽപാദിപ്പിച്ചിരുന്നു. രാജ്യത്ത് പ്രതിസന്ധി കനത്തതോടെ റഷ്യയിലെ 55 പ്രവിശ്യകളിലെങ്കിലും പെട്രോളും ഡീസലും ഇപ്പോൾ ഉപഭോക്താക്കൾക്ക് റേഷൻ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.
അതായത്, നിശ്ചിത അളവിൽ കൂടുതൽ ഇന്ധനം ആർക്കും നൽകുന്നില്ല. ഇന്ധനവിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്.
പ്രതിസന്ധിയെ തുടർന്ന് റഷ്യയിൽ നിന്നുള്ള പെട്രോൾ, ഡീസൽ, വിമാന ഇന്ധന കയറ്റുമതിക്ക് പുടിൻ ഭരണകൂടം വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. എണ്ണക്കമ്പനികളോട് താഴ്ന്ന ഗ്രേഡ് ഇന്ധനം ഉൽപാദിപ്പിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

