
പവന് 75040 രൂപ! സ്വർണവില ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി.
ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലായി. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ്ണവിലയിൽ വീണ്ടും വമ്പൻ റെക്കോർഡാണിത്.
കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായി ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.
അതിനുശേഷം വില ഗ്രാമിന് 9000 രൂപയിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയുമായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരുമെന്നതാണ് അവസ്ഥ.
രാജ്യാന്തര വിപണിയിൽ സ്വർണ വിലയെ സ്വാധീനിച്ചത് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ഇന്നലത്തെ പ്രഖ്യാപനങ്ങളും ഡോളറിന്റെയും യുഎസ് ട്രഷറി യീൽഡിന്റെയും വീഴ്ചയുമാണ്. പലിശ നിരക്കുകളെക്കുറിച്ചോ, അദ്ദേഹത്തിന്റെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നൽകിയില്ല.
ഇനി രാജ്യാന്തര വിപണിയിൽ 3460 ഡോളർ മറികടന്നാൽ 3500 കടന്ന് മുന്നോട്ടു കുതിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ വിലയിരുത്തുന്നത്.എന്നാൽ യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ ഇറക്കുമതി തീരുവ ചർച്ചകൾ സമവായത്തിലായാൽ അതു സ്വർണവിലയുടെ കുതിപ്പിന് തടയിടും. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപപദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായാലും സ്വർണവില ഇടിയും
സ്വർണവില കുതിപ്പിന്റെ പാതയിലായത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവസരങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വൻ തിരിച്ചടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]