പാലക്കാട് ∙ സംഭരിച്ച നെല്ല് അരിയാക്കി നൽകുന്നതിലെ അനുപാതം (ഔട്ട് ടേൺ റേഷ്യോ) ഉൾപ്പെടെ മില്ലുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ നെല്ലെടുപ്പുമായി സഹകരിക്കില്ലെന്നു മില്ലുടമകളുടെ യോഗം.
ചില മില്ലുടമകൾ സംഭരണവിലയിലും കുറഞ്ഞ വിലയ്ക്കു നെല്ലെടുത്തു കർഷകരെ ചൂഷണം ചെയ്യുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരം നടപടികളിൽ നിന്നു പിന്മാറണമെന്നും മുൻപു നടന്ന ചർച്ചയിൽ മന്ത്രി ജി.ആർ.അനിൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാട് അടക്കമുള്ള ജില്ലകളിൽ മില്ലുകൾ ഇപ്പോൾ കൃഷിക്കാരിൽ നിന്നു നേരിട്ടു നടത്തുന്ന നെല്ലെടുപ്പും നിർത്തിവയ്ക്കുന്നതായി കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ഒരു തരത്തിലുള്ള ഉറപ്പും നൽകാത്ത സാഹചര്യത്തിൽ നെല്ലെടുക്കാനാകില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മില്ലുകൾക്കുള്ള കൈകാര്യച്ചെലവ് ഇപ്പോഴുള്ളതിൽ നിന്നു വർധിപ്പിക്കുന്നതു പരിഗണിക്കാമെന്നാണു മന്ത്രിമാർ ആകെ നൽകിയിട്ടുള്ള ഉറപ്പ്.
ഇതിൽ വർധന എത്രയെന്നു പോലും ഇതുവരെ അറിയിച്ചിട്ടില്ല.
ജിഎസ്ടി നോട്ടിസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും മില്ലുകൾ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. 18നു നടന്ന മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചു മില്ലുകളോടു തീരുമാനം അറിയിക്കാനാണു സർക്കാർ നിർദേശിച്ചിരുന്നത്.
ഓൺലൈനായി ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.കെ.കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, പാലക്കാട് ജില്ലയിൽ നിന്ന് വി.ആർ.പുഷ്പാംഗദൻ, എ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
നെല്ലെടുപ്പിൽ പൂർണ സ്തംഭനം
ഇതുവരെ സപ്ലൈകോ നെല്ലു സംഭരണം തുടങ്ങിയിട്ടില്ല. കിട്ടിയ വിലയ്ക്ക് കൃഷിക്കാർ സ്വകാര്യ മില്ലുകൾക്കു നെല്ലു വിൽക്കുകയാണ്.
ഇതും നിർത്തിവയ്ക്കാനാണ് ഇന്നലെ ചേർന്ന മില്ലുടമകളുടെ യോഗത്തിലെ തീരുമാനം. ഇതോടെ നെല്ലെടുപ്പു പൂർണമായും സ്തംഭിക്കും.
കർഷകർ ഗുരുതര പ്രതിസന്ധിയിലാണ്. മഴ കനത്തതോടെ നെല്ല് ഉണക്കി സൂക്ഷിക്കാനാകാത്ത സാഹചര്യമാണ്.
കൊയ്തെടുത്ത നെല്ലു വിൽക്കാൻ കൃഷിക്കാർക്കു മുന്നിൽ ഒരു മാർഗവുമില്ല.
വിഷയത്തിൽ സർക്കാർ തലത്തിൽ അടിയന്തര നടപടി അനിവാര്യമാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചിരുന്നെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല.
പാലക്കാട് ജില്ലയിൽ മാത്രം അരലക്ഷത്തോളം കൃഷിക്കാരാണു കടുത്ത പ്രതിസന്ധി നേരിടുന്നത്. മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ച് തീരുമാനം ഉണ്ടാക്കുമെന്നാണു പ്രതീക്ഷ.
സർക്കാർ തീരുമാനം നീളുന്നതു കാരണം സപ്ലൈകോയും നിസ്സഹായാവസ്ഥയിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

