പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ദീപാവലി സമ്മാനം’ ജനങ്ങളിലേക്ക് എത്തുംമുൻപേ, വിപണിക്ക് കടുത്ത ഷോക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും നടപടികൾ. ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറച്ച തീരുമാനം ഇന്നു പ്രാബല്യത്തിൽ വന്നു.
ഇത് ഉപഭോക്തൃ വിപണിക്കും ഓഹരി വിപണിക്കും വൻ കുതിപ്പ് സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് വിദേശത്തുനിന്നുള്ള ആഘാതം.
ആശങ്കയിൽ ഐടി ലോകം
∙ ട്രംപ് എച്ച്1ബി വീസ ഫീസ് നിരക്ക് കുത്തനെ കൂട്ടിയത് ഐടി കമ്പനികൾക്ക് വൻ അടിയായിട്ടുണ്ട്. 2024ൽ 1.41 ലക്ഷം പേരാണ് എച്ച്1ബി വീസയിൽ യുഎസിൽ എത്തിയത്.
ഈ വർഷവും ഇതേതോതിൽ വിദേശികളെ നിയമിക്കുകയാണെങ്കിൽ 14 ബില്യൻ ഡോളറിന്റെ (ഏകദേശം 1.2 ലക്ഷം കോടി രൂപ) അധിക സാമ്പത്തിക ബാധ്യതയാണ് ഐടി കമ്പനികളെ കാത്തിരിക്കുന്നത്.
∙ അമേരിക്കൻ വിപണിയെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളിൽ ഇന്നു കനത്ത സമ്മർദത്തിന് ഇതു വഴിവച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
ഇസ്രയേലിനെതിരെ യുകെ, കാനഡ
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നിവയ്ക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തുവന്നതും ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയതും മധ്യേഷ്യയെ വീണ്ടും യുദ്ധകലുഷിതമാക്കിയിട്ടുണ്ട്.
ഫ്രാൻസ്, ബൽജിയം തുടങ്ങിയ രാജ്യങ്ങളും പലസ്തീനിനെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പലസ്തീൻ എന്നൊരു രാജ്യം ഉണ്ടാവില്ലെന്നും യുകെയുടെയും ഫ്രാൻസിന്റെയും മറ്റുംനീക്കം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ, ഇസ്രയേലിനെ ചെറുക്കാൻ അറബ് രാജ്യങ്ങൾ വീണ്ടും ഒന്നിക്കുന്നതും മേഖലയെ സംഘർഷത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്.
മധ്യേഷ്യ വീണ്ടും കലുഷിതമായതിന് പുറമേ റഷ്യയുടെ എണ്ണ, എൽഎൻജി വിതരണ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം കടുപ്പിച്ചതും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും കൂടാനിടയാക്കി.
സാമ്പത്തികരംഗത്തെ അസ്വാരസ്യങ്ങൾക്കിടെ, ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നേടി സ്വർണവിലയും കുതിച്ചുകയറുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.51% ഉയർന്ന് 67.02 ഡോളറായി.
ഡബ്ല്യുടിഐ ക്രൂഡ് 0.54% ഉയർന്ന് 63.02 ഡോളറും. രാജ്യാന്തര സ്വർണവില ഔൺസിന് 21 ഡോളർ മുന്നേറി 3,693 ഡോളറായി.
കേരളത്തിൽ ഇന്ന് വില കൂടുതൽ മുന്നേറി പുത്തനുയരം കുറിച്ചേക്കും.
ചാഞ്ചാടി ഗിഫ്റ്റ് നിഫ്റ്റി
ജിഎസ്ടി ഇളവ്, വീണ്ടും പുനരാരംഭിച്ച ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, ഇന്ത്യയുമായി ഈ വർഷം തന്നെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നടപടി തുടങ്ങിയ ആനുകൂലഘടകങ്ങൾ കരുത്താക്കി മുന്നേറാനിരിക്കേയാണ്, ട്രംപും നെതന്യാഹുവും ഇന്ത്യൻ ഓഹരി വിപണിക്ക് കടുത്ത ഷോക്കാവുന്നത്.
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി ഒരുഘട്ടത്തിൽ 120 പോയിന്റ് ഇടിഞ്ഞു. പിന്നീട്, നഷ്ടം നിജപ്പെടുത്തിയെങ്കിലും ആശങ്ക അതിശക്തം.
സെൻസെക്സും നിഫ്റ്റിയും ഇന്നു ചാഞ്ചാട്ടത്തിലായേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
പലിശയിൽ തൊടാതെ ചൈന
ഫെഡറൽ റിസർവ് പലിശ കുറച്ചെങ്കിലും, തുടർച്ചയായ പലിശനിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കൂടി വ്യക്തമാക്കിയതോടെ യുഎസ് ഓഹരി വിപണികൾ വീണ്ടും നഷ്ടത്തിന്റെ പാതയിലേറിയിട്ടുണ്ട്. ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.13%, നാസ്ഡാക് 0.15%, ഡൗ 0.11% എന്നിങ്ങനെ താഴ്ന്നു.
ആഭ്യന്തര സമ്പദ്മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്കിൽ തൊടാതെ പണനയം പ്രഖ്യാപിച്ച ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ തീരുമാനം ഏഷ്യൻ ഓഹരി വിപണികൾക്ക് ആശ്വാസമായിട്ടുണ്ട്.
ജാപ്പനീസ് നിക്കേയ് 1.56%, ചൈനയിൽ ഷാങ്ഹായ് 0.05% എന്നിങ്ങനെ നേട്ടത്തിലേറി. ഹോങ്കോങ് സൂചിക 0.76 ശതമാനവും ഉയർന്നു.
ഐപിഒ പെരുമഴ
4 വമ്പൻ യുദ്ധക്കപ്പലുകൾ നിർമിക്കാനായി മൊത്തം 80,000 കോടി രൂപ മതിക്കുന്ന ടെൻഡർ ക്ഷണിക്കാനുള്ള നാവികസേനയുടെ നീക്കം കൊച്ചിൻ ഷിപ്പ്യാർഡിനും മാസഗോൺ ഡോക്കിനും നേട്ടമായേക്കും.
ഇവയുടെ ഓഹരികളിൽ ഇന്നു ചലനം പ്രതീക്ഷിക്കാം.
∙ മെയിൻബോർഡ് ശ്രേണിയിൽ 12 ഉൾപ്പെടെ മൊത്തം 31 കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഈയാഴ്ച അരങ്ങേറുമെന്നതും ശ്രദ്ധേയമാണ്. ഇവ സംയോജിതമായി സമാഹരിക്കുന്നത് 8,310 കോടി രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]