തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പേരിനൊപ്പം ‘തിരുവനന്തപുരം’ എന്നുകൂടി ചേർത്തേക്കും. രാജ്യാന്തര തലത്തിൽ തുറമുഖം ശ്രദ്ധ ആകർഷിക്കുന്നതിനായി തിരുവനന്തപുരം കൂടി പേരിനൊപ്പം ചേർക്കണമെന്ന് ആവശ്യപ്പെട്ട് നിർദേശങ്ങൾ അധികൃതർക്കു ലഭിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ലോഗോ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ പേരും പുറത്തുവിടും.
പേരുമായി ബന്ധപ്പെട്ടു പല നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുറമുഖത്തിനു യോജിച്ച പേര് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്ന് രാവിലെ 11.30ന് മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി തുറമുഖത്തിന്റെ ലോഗോ പ്രകാശനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. സർക്കാരിന്റെ സ്പെഷൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്യും.
കമ്പനിയുടെ സമൂഹമാധ്യമ പേജുകളുടെ പ്രകാശനം മന്ത്രി പി.രാജീവ് നിർവഹിക്കും. വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുകളുമായി ചൈനയിൽ നിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ 4ന് വരാനിരിക്കെയാണ് ലോഗോ പ്രകാശനം. കപ്പൽ സിംഗപ്പൂർ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 4ന് ആദ്യ കപ്പൽ വരുമെങ്കിലും അടുത്ത മേയ് മാസത്തോടു കൂടി മാത്രമേ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യൂ. തുറമുഖത്തിന് ആവശ്യമായ കൂടുതൽ ക്രെയിനുമായി നവംബർ മാസത്തോടെ മറ്റു 3 കപ്പലുകൾ കൂടി വിഴിഞ്ഞത്ത് എത്തും.
Content Highlight: Thiruvananthapuram may also be added along with the name of Vizhinjam port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]