
കയ്യിൽ പണം വന്നാൽ നമുക്ക് മൂന്നു കാര്യങ്ങളാണ് ചെയ്യാൻ പറ്റുക
1. ചെലവാക്കുക (spend)
2. മിച്ചംപിടിക്കുക (save)
3. നിക്ഷേപിക്കുക (invest)
കിട്ടുന്ന വരുമാനത്തിൽനിന്ന് ഈ മൂന്ന് കാര്യങ്ങൾക്കായി പണം ഉറപ്പാക്കുമ്പോഴാണ് ഒരാൾ സാമ്പത്തി കമായി വിജയിക്കുന്നത്. വരുമാനം കുറവാണെങ്കിൽ അതിന് ആനുപാതികമായി നമ്മുടെ ചെലവുകളുടെ റേഷ്യോ വളരെ കൂടും, സ്വാഭാവികമായും നിക്ഷേപിക്കാൻ പണം കുറവായിരിക്കും. മാത്രമല്ല, ഉള്ളതു മുഴുവൻ നിക്ഷേപിച്ചാൽ അത് ബുദ്ധിമോശവുമാണ്. കാരണം പെട്ടെന്നു വരുന്ന അത്യാവശ്യങ്ങൾക്കു പണം കണ്ടെത്താൻ വിഷമിക്കും.
വർഷങ്ങൾക്കു മുന്പേ വാറൻ ബഫറ്റ് പറഞ്ഞിട്ടുണ്ട് ചെലവാക്കിയതിനുശേഷം ബാക്കിയുള്ളത് അല്ല സേവ് ചെയ്യേണ്ടത്. മറിച്ച് ആദ്യമേ സേവ് ചെയ്തിട്ട് ബാക്കിയുള്ളതു ചെലവാക്കൂ എന്ന്. ഈ വാചകത്തിന്റെ പൊരുൾ എന്താണെന്ന് ഒന്നു വിശകലനം ചെയ്യാം.
1. ആദ്യമേ സേവ് ചെയ്താൽ- നമ്മളുടെ വരുമാന മാർഗത്തിന് എന്തെങ്കിലും ഒരു തടസ്സം നേരിട്ടാൽ, ഈ സേവിങ്സ് നമ്മളെ പരിരക്ഷിക്കും.
2. മിച്ചം ചെലവാക്കിയാൽ– നമ്മുടെ വരുമാനത്തിൽ നിന്നും ഏറ്റവും ഒടുവിലാണ് ചെലവാക്കാനുള്ള തുക മാറ്റിവയ്ക്കുന്നതെങ്കിൽ, ഒരു പരിധിവരെ പാഴ്ചെലവ് ഒഴിവാക്കാം.
ഇന്നത്തെ കാലത്ത് ജോലിയിൽ തടസ്സം നേരിടുന്നതും ചികിത്സയ്ക്ക് അടക്കം അപ്രതീക്ഷിതമായി വിവിധ ചെലവുകൾ വരുന്നതും സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആറുമാസത്തെ വരുമാനം എങ്കിലും ഒരു സേവിങ് ഫണ്ടായി മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലും ആശുപത്രി ചെലവുകൾ വന്നാലും ഈ ഫണ്ട് ഉപയോഗിക്കാം. അത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് അമിത പലിശയ്ക്ക് കടം എടുക്കുന്നത് ഒഴിവാക്കാം. പല കുടുംബങ്ങളും കടക്കെണിയിൽ വീണുപോകുന്നത് അത്തരം സന്ദർഭങ്ങളിലാണല്ലോ?
നിക്ഷേപം പിന്വലിച്ചാൽ അപകടം
ആവശ്യത്തിന് സേവിങ്സ് ഇല്ലെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിൽനിന്നും ഫണ്ട് പിൻവലിക്കേണ്ടി വരും. ഭാവിയിലെ നിശ്ചിത ആവശ്യങ്ങൾക്കായി ദീർഘകാലംകൊണ്ട് ആസ്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളവയാകും ആ നിക്ഷേപങ്ങൾ. ലക്ഷ്യമിട്ട കാലാവധിക്കോ മെച്യൂരിറ്റി പീരിയഡിന് മുൻപോ ഇങ്ങനെ പണം പിൻവലിച്ചാൽ ഉദ്ദേശിച്ച രീതിയിൽ ആസ്തി സൃഷ്ടിക്കാനാകില്ല. പെട്ടെന്നു വിൽക്കുമ്പോള് പലപ്പോഴും ശരിയായ വില ലഭിക്കുകയും ഇല്ല. മ്യൂച്വൽ ഫണ്ട്, ഓഹരി, റിയൽ എസ്റ്റേറ്റ്പോലുള്ള എല്ലാ ആസ്തികളുടെയും കാര്യം അങ്ങനെതന്നെയാണ്.
സേവിങ്സിന് മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ടുകൾ വന്നതോടെ മിച്ചം പിടിക്കുന്ന തുക സൂക്ഷിക്കാനും ആകർഷകമായ നേട്ടം എടുക്കാനും എല്ലാവർക്കും അവസരം ലഭിച്ചുതുടങ്ങി. സേവിങ്സിനുവേണ്ടിയുള്ള ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകൾ. അതുവഴി എമർജൻസി ഫണ്ട് സൃഷ്ടിക്കാൻ എളുപ്പമാണ്. എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് എന്നിവയടക്കമുള്ള കമ്പനികളുടെ ലിക്വിഡ് ഫണ്ടുകൾ ഉദാഹരണം.
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പോലെ വാർഷിക റിട്ടേൺ ഇതിൽനിന്നും പ്രതീക്ഷിക്കാം. മാത്രമല്ല, മുൻകൂട്ടി പിൻവലിക്കുമ്പോൾ എഫ്ഡിക്കുള്ള പെനാൽറ്റി ഇതിനു ബാധകമല്ല. പണം ആവശ്യമുള്ള ദിവസത്തിനു തൊട്ടുമുൻപുള്ള പ്രവൃത്തി ദിവസം പണം പിൻവലിക്കാം. ഈ വർഷം ലിക്വിഡ് ഫണ്ടിലൂടെ നല്ലൊരു സേവിങ്സ് ഫണ്ട് സൃഷ്ടിക്കാൻ തീരുമാനിച്ചാൽ സാമ്പത്തിക അനിശ്ചിതത്വത്തിൽനിന്നു സുഖമായി രക്ഷപ്പെടാം.
ലേഖകൻ ഇൻഷുറൻസ്, മ്യൂച്വൽഫണ്ട് അഡ്വൈസറാണ്
മെയ് ലക്കം സമ്പാദ്യത്തില് പ്രസിദ്ധീകരിച്ചത്.
സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക.