റഷ്യയും യുക്രെയ്നും തമ്മിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വീണ്ടം കനത്ത തിരിച്ചടി. വിവിധ യൂറോപ്യൻ രാഷ്ട്രങ്ങളിലായുള്ള റഷ്യയുടെ ആസ്തി എടുത്ത് യുക്രെയ്നു നൽകാനുള്ള യൂറോപ്യൻ യൂണിയന്റെ (ഇയു) നീക്കത്തിനെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രംഗത്തെത്തി.
ഇത് പിടിച്ചുപറിയാണെന്നും റഷ്യൻ സമ്പത്ത് യൂറോപ്യൻ രാജ്യങ്ങൾ മോഷ്ടിക്കുകയാണെന്നും പുട്ടിൻ ആരോപിച്ചു.
245 ബില്യൻ ഡോളറാണ് (ഏകദേശം 22 ലക്ഷം കോടി രൂപ) യൂറോപ്യൻ രാഷ്ട്രങ്ങളിലായി റഷ്യയ്ക്കുള്ളത്. ഇത് യുക്രെയ്ന്റെ പുനരുജ്ജീവന പദ്ധതികൾക്കായി നൽകാനായിരുന്നു ഇയുവിന്റെ പ്ലാൻ.
കടത്തിൽ മുങ്ങിയവരുടെ തന്ത്രം
കടത്തിൽ മുങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ തന്ത്രപരമായി റഷ്യൻ സമ്പത്ത് കക്കുകയാണെന്ന് പുട്ടിൻ പറഞ്ഞു.
ഈ രാജ്യങ്ങളുടെ ബജറ്റ് ദയനീയമാണ്. ഫ്രാൻസിന്റെ ദേശീയ കടം 120 ശതമാനം കവിഞ്ഞു.
റഷ്യയ്ക്ക് 17.7 ശതമാനമേയുള്ളൂ. ഞങ്ങളുടെ ധനക്കമ്മി വെറും 2.6 ശതമാനമാണ്.
അടുത്തവർഷം അത് 1.6 ശതമാനമായി കുറയുകയും ചെയ്യും. ഫ്രാൻസിന് ഇത് 6 ശതമാനമാണ്.
ഇനിയിപ്പോൾ കൂടുതൽ കടമെടുക്കാമെന്നുവച്ചാൽ ഫ്രാൻസിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും അത് അവരുടെ ബജറ്റിനെ കൂടുതൽ ദുർബലമാക്കും.
സ്വർണം പണയംവച്ച് രക്ഷപ്പെടാൻ പോലുംപറ്റാത്ത സ്ഥിതിയിലാണ് ഈ രാജ്യങ്ങൾ. ഈ സാഹചര്യത്തിലാണ്, റഷ്യയുടെ സ്വത്ത് മോഷ്ടിക്കാനുള്ള നീക്കം.
ഇങ്ങനെ മോഷ്ടിച്ച് ഉപയോഗിക്കുമ്പോൾ ബജറ്റിൽ അതുകാണിക്കേണ്ടെന്ന ബുദ്ധിയാണ് ഫ്രാൻസും മറ്റും പയറ്റുന്നതെന്നും പുട്ടിൻ ആരോപിച്ചു.
യുദ്ധം ചെയ്യുന്നത് അവരാണ്
റഷ്യയല്ല പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായി യുദ്ധം ചെയ്യുന്നത്. അവർ യുക്രെയ്നെ കൂട്ടുപിടിച്ച് ഞങ്ങൾക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്.
റഷ്യയുടെ സുരക്ഷയും പരമാധികാരവും മാനിക്കാൻ ഈ രാജ്യങ്ങൾ തയാറായാൽ സംഘർഷം അവസാനിപ്പിക്കാൻ താൻ ഒരുക്കമാണെന്നും പുട്ടിൻ പറഞ്ഞു. അതേസമയം, പുട്ടിന്റെ വിമർശനത്തിന് പിന്നാലെ യൂറോപ്യൻ യൂണിയൻ പ്ലാൻ മാറ്റി.
റഷ്യൻ സമ്പത്ത് ഉപയോഗിക്കുന്നതിനു പകരം യുക്രെയ്ന് 105 ബില്യൻ ഡോളർ (9.45 ലക്ഷം കോടി രൂപ) വായ്പ തരപ്പെടുത്താനാണ് ഇപ്പോൾ ആലോചന.
റഷ്യൻ സമ്പത്ത് യുക്രെയ്ന് കൊടുക്കുന്നതിനോട് യൂറോപ്യൻ യൂണിയനിൽതന്നെ അഭിപ്രായ ഭിന്നതയുണ്ടായതും പ്ലാൻ മാറ്റാനിടയാക്കി. ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, ഡെന്മാർക്ക്, സ്വീഡൻ, പോളണ്ട്, ലാത്വിയ, ലിത്വാനിയ, അയർലൻഡ് എന്നിവയാണ് റഷ്യൻ സമ്പത്ത് യുക്രെയ്ന് കൊടുക്കണമെന്ന് വാദിക്കുന്നത്.
ഹംഗറി ഉൾപ്പെടെ ചില രാജ്യങ്ങൾ ഇതിനോട് താൽപ്പര്യപ്പെടുന്നില്ല.
കുതിക്കുന്നു എണ്ണയും സ്വർണവും
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നീളുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും കരിനിഴലാവുകയാണ്. ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു തുടങ്ങി.
ബ്രെന്റ് വില ബാരലിന് 1.09 ഡോളർ വർധിച്ച് 60.47 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില 0.93% വർധിച്ച് 56.52 ഡോളറിലെത്തി.
യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ നേട്ടംകൊയ്യാറുള്ള സ്വർണവില ഔൺസിന് 8 ഡോളർ ഉയർന്ന് 4,340 ഡോളറായി.
ഇന്ത്യൻ ഓഹരിക്ക് പ്രതീക്ഷ
യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ കാഴ്ചവച്ച നേട്ടത്തിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം പൂർത്തിയാക്കിയത് നേട്ടത്തിലാണ്. സെൻസെക്സ് 447 പോയിന്റ് (+0.53%) നേട്ടവുമായി 84,929ൽ എത്തി.
നിഫ്റ്റി 150 പോയിന്റ് (+0.58%) ഉയർന്ന് 25,966ലും. ക്രിസ്മസ് അവധിയുടെ ആലസ്യത്തിലേക്കാണ് ഈവാരം ഓഹരി വിപണികൾ നീങ്ങുന്നത്.
അമേരിക്ക കിതയ്ക്കുമോ?
യുഎസിന്റെ വൈകാതെ പുറത്തുവരുന്ന ജിഡിപി കണക്കിലേക്കാണ് ഏവരുടെയും പ്രധാന ഉറ്റുനോട്ടം.
ട്രംപിനും ഇതു നിർണായകമാണ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ 2025ൽതന്നെ യാഥാർഥ്യമാകുമെന്നായിരുന്നു ഇരു രാജ്യങ്ങളുടെയും നേതാക്കൾ നേരത്തേ അവകാശപ്പെട്ടിരുന്നത്.
കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി അടക്കം നിരവധി വിഷയങ്ങളിൽ ഇപ്പോഴും സമവായമായിട്ടില്ലാത്തതിനാൽ കരാർ യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കണം.
2026ന്റെ പാതിയോടെ മാത്രമേ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുള്ളൂ. കരാർ വൈകുന്നത് ഓഹരി വിപണി, ഇന്ത്യയുടെ കയറ്റുമതി വിപണി, രൂപ എന്നിവയ്ക്ക് ആഘാതമാകുന്നുണ്ട്.
കൈവിട്ടും കൈപിടിച്ചും
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയെ കൈവിടുന്ന മനോഭാവം തുടർന്നതും തിരിച്ചടിയായിട്ടുണ്ട്.
ഈ വർഷം ഇതുവരെ അവർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത് റെക്കോർഡ് 1.58 ലക്ഷം കോടി രൂപയാണ്. അതേസമയം, കഴിഞ്ഞ 3 സെഷനുകളിലായി അവർ 3,003 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപകർ തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് ചില സാമ്പത്തിക വിദഗ്ധർ വാദിക്കുന്നു. ഈ പോസിറ്റീവ് ട്രെൻഡ് ശക്തമായാൽ ഈയാഴ്ച നേട്ടത്തിന്റേതാക്കാൻ ഓഹരി വിപണിക്ക് കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

