ഇറാനുമായി വെടിനിർത്തലിന് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇറാനെ ഞങ്ങൾ തകർക്കുകയാണ്.
ഈ സമയത്ത് വെടിനിർത്തലിന് താൽപ്പര്യമില്ല’’ – ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘‘അവർക്ക് (ഇറാൻ) ഇപ്പോൾ നേവിയുമില്ല, എയർ ഫോഴ്സുമില്ല, ഒന്നുമില്ല’’ – എന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ തുടർപ്രസ്താവനകളും ശമനമില്ലാത്ത ഇസ്രയേൽ-ഇറാൻ ആക്രമണ-പ്രത്യാക്രമണങ്ങളും ആഗോള വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയാണ്. അതെങ്ങനെയാണെന്ന് നോക്കാം:
എണ്ണവില വീണ്ടും കുതിപ്പിൽ
ഇറാനെതിരായ ആക്രമണത്തിന്റെ ഭാഗമായി മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കുമെന്ന സൂചനയും ഇതിനിടെ യുഎസ് നൽകിയിരുന്നു.
ഇതോടെ യുദ്ധം അടുത്തെങ്ങും അവസാനിക്കില്ലെന്ന വിലയിരുത്തലുണ്ടായി. രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടുതൽ മുന്നേറുകയും ചെയ്തു.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വിലയുള്ളത് ബാരലിന് 2.80% മുന്നേറി 98.23 ഡോളറിൽ. ബ്രെന്റ് ക്രൂഡ് വില 3.26% കുതിച്ച് 112.2 ഡോളറിലുമെത്തി.
ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണ, ഊർജോൽപന്ന വിതരണം തടസ്സപ്പെട്ടത് ലോക രാജ്യങ്ങളെയാകെ വെട്ടിലാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയ്ക്ക് നൽകിയതിനു സമാനമായ 30 ദിവസത്തെ ഉപരോധ ഇളവ് ഇറാന്റെ എണ്ണയ്ക്കും നൽകുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. പക്ഷേ, എണ്ണവിലയുടെ കുതിപ്പിന് തടയിടാനായിട്ടില്ല.
മാർച്ച് 20-ഏപ്രിൽ 19 കാലയളവിലേക്കാണ് ഇറാന്റെ ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപന്നങ്ങൾക്കും ഇളവ്. യുദ്ധ പശ്ചാത്തലത്തിൽ വില കുത്തനെ കൂടിനിൽക്കേ യുഎസിന്റെ ഇളവും കിട്ടിയത് റഷ്യയ്ക്കും ഇറാനും ഒരുപോലെ ‘സാമ്പത്തിക’ നേട്ടവുമാണ്.
ഹോർമുസിൽ യുഎസ് നേരിട്ട് ഇടപെടില്ല: ട്രംപ്
വെടിനിർത്തൽ ഇല്ലെന്ന പ്രസ്താവന നടത്തുംമുൻപ് ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞത് ഇങ്ങനെ: ‘‘ഇറാനിൽ ഞങ്ങൾ ലക്ഷ്യത്തിന് അടുത്തെത്തി.
സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണിക്കും. ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ആ പാത ഉപയോഗിക്കുന്ന രാജ്യങ്ങളാണ്.
യുഎസ് അല്ല. അവർ ആവശ്യപ്പെട്ടാൽ യുഎസ് സഹായിക്കും.
എന്നാൽ, ഇറാനെന്ന ഭീഷണി ഇല്ലാതായാൽ ഇതിന്റെയൊന്നും ആവശ്യംവരില്ല. മറ്റ് രാജ്യങ്ങൾക്ക് കാര്യങ്ങൾ എളുപ്പവുമാകും’’.
എണ്ണ മുന്നേറിയപ്പോൾ സ്വർണം ഇടിഞ്ഞു
അതേസമയം, എണ്ണവില വീണ്ടും കുതിച്ചതോടെ സ്വർണവില കൂടുതൽ ഇടിഞ്ഞു.
ഇന്നലെ ഔൺസിന് 4600-4700 ഡോളർ നിരക്കിലായിരുന്ന രാജ്യാന്തരവില, ഇപ്പോഴുള്ളത് 4494 ഡോളറിൽ. ഒരുവേള 4485ലേക്കും ഇടിഞ്ഞിരുന്നു.
∙ ക്രൂഡ് ഓയിൽ വില കുത്തനെ കൂടുന്നത് ലോക രാജ്യങ്ങളിലെല്ലാം അവശ്യവസ്തുക്കളുടെ വിലയും പണപ്പെരുപ്പവും കൂടാനിടയാക്കും.
പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായി പലിശനിരക്ക് കൂട്ടുന്നത് ആലോചിക്കുകയാണ്.
∙ പലിശനിരക്ക് കൂടുന്നത് ഡോളർ, കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപ പലിശനിരക്ക് എന്നിവ കൂടാനിടയാക്കും. ഇത് ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നീ നിക്ഷേപങ്ങളുടെ ആകർഷണീയതയ്ക്ക് മങ്ങലേൽപ്പിക്കും.
∙ സ്വർണ നിക്ഷേപങ്ങളിൽ വിറ്റൊഴിയൽ സമ്മർദമുണ്ടാകുന്നതും മറ്റ് ആസ്തി നിക്ഷേപങ്ങൾക്ക് താൽപ്പര്യം കൂടുന്നതും ഡോളറിന്റെ മുന്നേറ്റവും സ്വർണവിലയെ വീഴ്ത്തുകയാണ്.
2011 സെപ്റ്റംബറിന് ശേഷം രാജ്യാന്തര സ്വർണവില ഏറ്റവുമധികം തകർച്ച നേരിട്ട ആഴ്ചയാണ് കടന്നുപോകുന്നത്.
∙ കേരളത്തിൽ ഇന്നലെ പവൻ വില 1.09 ലക്ഷം രൂപ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു.
ഇന്ന് കൂടുതൽ ഇടിയും. ആഭരണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഇതു നേട്ടമാണ്.
ഇതിനകം സ്വർണത്തിൽ നിക്ഷേപമായികണ്ട് പണമിറക്കിയവർക്ക് തിരിച്ചടിയുമാണ്. എന്നാൽ, പുതുതായി നിക്ഷേപം ആരംഭിക്കാനുദ്ദേശിക്കുന്നവർക്ക് ഇത് സുവർണാവസരമാണെന്ന് വിലയിരുത്തുന്നവരുണ്ട്.
ഓഹരികളും വീഴുന്നു
ഇറാന്റെ ശക്തി ക്ഷയിച്ചെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു.
എന്നാൽ, ഇതിനുപിന്നാലെയും ഇന്നലെ ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം കടുപ്പിച്ചതും എണ്ണവില വർധനയെ സ്വാധീനിച്ചു. ഓഹരി വിപണികൾക്കും ഇത് ആഘാതമായി.
∙ യുഎസിൽ ഡൗ ജോൺസ് 0.96%, എസ് ആൻഡ് പി500 സൂചിക 1.51%, നാസ്ഡാക് 2.01% എന്നിങ്ങനെ ഇടിഞ്ഞു. ∙ യൂറോപ്യൻ, എഷ്യൻ വിപണികളും നഷ്ടത്തിലായിരുന്നു.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ് 0.44%, നിഫ്റ്റി 0.49% എന്നിങ്ങനെ ഉയർന്നാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

