മണ്ണുത്തി (തൃശൂർ) ∙ കേരള കാർഷിക സർവകലാശാല പുറത്തിറക്കുന്ന വൈൻ അടുത്ത മാസം വിപണിയിലെത്തും. 3 തരം വൈനുകൾക്ക് എക്സൈസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് വൈൻ നിർമാണ യൂണിറ്റിന് എക്സൈസ് അംഗീകാരം ലഭിക്കുന്നത്. ‘നിള’ ബ്രാൻഡിൽ കശുമാങ്ങ വൈൻ, പൈനാപ്പിൾ വൈൻ, ബനാന വൈൻ എന്നിവയാണ് വപണിയിലിറക്കുന്നത്. ആദ്യഘട്ടത്തിൽ ബവ്റിജസ് കോർപറേഷന്റെ പ്രീമിയം കൗണ്ടർ വഴിയാകും വിൽപന. 

750 മില്ലിലീറ്റർ കുപ്പിക്ക് 1000 രൂപയിൽ താഴെ വിലയ്ക്കാണു ലഭ്യമാക്കുക. ബനാനയിലും പൈനാപ്പിളിലും 12.5% വീതവും കാഷ്യൂവിൽ 14.5 ശതമാനവുമാണ് ആൽക്കഹോളിന്റെ അളവ്. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാർഷിക കോളജിനു കീഴിലുള്ള പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉൽപന്നങ്ങളുടെ ഗവേഷണവും നിർമാണവും നടത്തുന്നത്. 125 ലീറ്റർ വൈനാണ് ഓരോ മാസവും ഉൽപാദിപ്പിക്കുക.


– താഴ്ന്നിറങ്ങി സ്വർണവില; ആഭരണപ്രിയർക്ക് നേരിയ ആശ്വാസം, വിവാഹ പാർട്ടികൾക്ക് ‘സുവർണാവസരമാക്കാം’

വകുപ്പ് മേധാവി ഡോ. സജി ഗോമസിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിനൊടുവിൽ വൈൻ നിർമാണത്തിന് 2023ൽ ലൈസൻസ് ലഭിച്ചു. ആദ്യം കർണാടക സർക്കാരിന്റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് ഇന്ത്യയിലെ മികച്ച വൈൻ നിർമാതാക്കളിലൊന്നായ മഹാരാഷ്ട്രയിലെ ‘സുല’യിൽനിന്നും സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണു വ്യാവസായിക നിർമാണത്തിലേക്ക് എത്തിയത്. കാർഷിക കോളജ് വളപ്പിൽ തന്നെയാണ് ഉൽപാദന യൂണിറ്റ്.

representative image

കൂഴച്ചക്ക, ചക്ക, തേങ്ങാവെള്ളം, ഞാവൽ പഴം, ജാതിക്കയുടെ തൊണ്ട് എന്നിവയിൽ നിന്നുള്ള വൈൻ നിർമാണത്തിനുള്ള ഗവേഷണം തുടരുന്നതായി സജി ഗോമസ് പറഞ്ഞു. പാളയംകോടൻ പഴമാണ് ബനാന വൈൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. മൗറീഷ്യസ് ഇത്തിലുള്ള പൈനാപ്പിളിൽ നിന്നാണ് പൈനാപ്പിൾ വൈൻ. മണ്ണാർക്കാട്ടെ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിൽ നിന്നാണു വൈനിനുള്ള കശുമാങ്ങ എത്തിക്കുന്നത്. ഒരുബാച്ച്(125 ലീറ്റർ) വൈൻ തയാറാക്കുന്നതിന് 7 മാസം വേണ്ടിവരും. 

English Summary:

Kerala Agricultural University launches ‘Nila’ fruit wines (cashew, pineapple, banana) – a first for the state! Available at Beverages Corporation premium counters, these high-quality wines are priced under ₹1000.