ന്യൂഡൽഹി∙ വരുന്ന ഫെബ്രുവരി ഒന്നിനു പുറമേ 2027ലും ബജറ്റ് അവതരിപ്പിക്കാനായാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരണം നടത്തിയ മൊറാർജി ദേശായിയുടെ റെക്കോർഡിനൊപ്പം ധനമന്ത്രി നിർമല സീതാരാമനുമെത്തും. 10 ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചത്.
ഇത്തവണത്തേത് നിർമലയുടെ ഒൻപതാമത്തെ ബജറ്റാണ്. ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ ഇത്തവണത്തെ ബജറ്റോടെ നിർമല പി.ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്തെത്തും.
ചിദംബരവും 9 ബജറ്റുകളാണ് അവതരിപ്പിച്ചത്.
സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡിനെ (ഏഴെണ്ണം) കഴിഞ്ഞ വർഷം തന്നെ നിർമല മറികടന്നു. ഇലക്ഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡും മൊറാർജി ദേശായിക്കായിരുന്നു (6 എണ്ണം).
ഇത് 2024ൽ തന്നെ നിർമല മറികടന്നിരുന്നു.
തുടർച്ചയായി കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മറ്റ് ധനമന്ത്രിമാർ: മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്ലി (5 വീതം). വരുന്ന ഫെബ്രുവരി ഒന്നിലെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 8 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുണ്ടാവുക.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധവും മറ്റ് രാജ്യാന്തര പ്രതിസന്ധികളുമുണ്ടാക്കിയ അനിശ്ചിതത്വങ്ങൾക്കിടെയാണ് ബജറ്റ് അവതരണം.
ധനസെക്രട്ടറിയില്ലാത്ത ബജറ്റ്
കേന്ദ്രധന സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴാണ് ബജറ്റ് തയാറെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
ധനമന്ത്രാലയത്തിനു കീഴിൽ റവന്യു, സാമ്പത്തിക കാര്യം, ധനവിനിയോഗം തുടങ്ങി 5 വകുപ്പുകളാണുള്ളത്. ഇവയ്ക്കൊരോന്നിനും സെക്രട്ടറിമാരുണ്ട്.
ഇതിൽ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനാണ് ധനസെക്രട്ടറിയെന്ന പദവി കൂടി നൽകുന്നത്. കാബിനറ്റിന്റെ നിയമന കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്.
എന്നാൽ മുൻ ധനസെക്രട്ടറി അജയ് സേഠ് ജൂൺ 30ന് സ്ഥാനമൊഴിഞ്ഞ ശേഷം ആർക്കും ഈ പദവി നൽകിയിട്ടില്ല. നിലവിലെ സീനിയോരിറ്റി പരിഗണിച്ചാൽ ധനസേവനവകുപ്പ് സെക്രട്ടറി എം.നാഗരാജുവിനാണ് പദവി ലഭിക്കേണ്ടതെങ്കിലും തീരുമാനമില്ല.
ധനമന്ത്രാലയത്തിനു കീഴിലുള്ള വകുപ്പുകളെ ഏകോപിപ്പിക്കുന്ന ചുമതലയും ധന സെക്രട്ടറിക്കാണ്. ആ പദവി ഒഴിഞ്ഞുകിടക്കുന്നത് ബജറ്റ് തയാറെടുപ്പുകളെ ബാധിച്ചിട്ടില്ലെന്നാണ് ധനമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ആസൂത്രണവും അച്ചടിയും രണ്ടിടത്ത്
ഡൽഹിയിലെ പ്രസിദ്ധമായ നോർത്ത് ബ്ലോക്കിൽ നിന്ന് ധനമന്ത്രാലയം പുതിയ കർത്തവ്യഭവൻ സമുച്ചയത്തിലേക്കു മാറിയശേഷമുള്ള ആദ്യ ബജറ്റാണിത്.
അതുകൊണ്ട് ഇക്കുറി ബജറ്റിന്റെ ആലോചനകളും യോഗങ്ങളുമെല്ലാം നടന്നത് പുതിയ കെട്ടിടത്തിലാണ്. അച്ചടിയും പുതിയ കെട്ടിടത്തിൽ നടക്കേണ്ടതായിരുന്നു.
ഇതിനുള്ള പുതിയ പ്രസും തയാറാക്കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അച്ചടി ഇക്കുറിയും നോർത്ത് ബ്ലോക്കിലെ പഴയ പ്രസിൽ തന്നെയാണ്. അതുകൊണ്ട് ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി നടക്കുന്ന ‘ഹൽവ പാചകവും’ ഇക്കുറി നോർത്ത് ബ്ലോക്കിലാണ്.
വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും.
ഹൽവ പാചകത്തിനു ശേഷം അറുപതോളം പ്രധാന ഉദ്യോഗസ്ഥർ അവിടെത്തന്നെ ‘ലോക്ക്–ഇൻ’ രീതിയിലേക്കു മാറും. ബജറ്റിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കാൻ ബജറ്റ് തയാറാക്കുന്നതിൽ പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥർ മുതൽ അച്ചടി നിർവഹിക്കുന്ന ജീവനക്കാർ വരെ ധനമന്ത്രാലയ ഓഫിസിൽ തന്നെ താമസിക്കും.
ഇവർക്ക് ഫോൺ പോലും അനുവദിക്കില്ല. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രമേ ഇവർക്ക് ഓഫിസ് വിട്ടു പോകാനാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

