വില കൃത്രിമമായി പെരുപ്പിക്കുന്നതും ഫണ്ട് തിരിമറികളും തടയാനായി ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). എസ്എംഇകളുടെ ഐപിഒയിൽ (SME IPO) റീട്ടെയ്ൽ നിക്ഷേപകർക്ക് ഓഹരികൾക്കായി അപേക്ഷിക്കാവുന്ന മിനിമം തുക 4 ലക്ഷം രൂപയായി ഉയർത്തുന്നത് സംബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളും മർച്ചന്റ് ബാങ്കിങ് സ്ഥാപനങ്ങളും മുന്നോട്ടുവച്ച നിർദേശത്തിന്മേൽ സെബി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു.
Also Read
ട്രംപ് വന്നു; ബിറ്റ്കോയിൻ കുതിച്ചു, 94,000 ഡോളർ ഭേദിച്ച് വില, ഇറ്റലിയുടെ ജിഡിപിക്കും മുകളിൽ
Representative Image. Photo Credit : Andrii Yalanskyi / iStockPhoto.com
എസ്എംഇ ശ്രേണിയിൽ ഐപിഒകൾ വൻതോതിൽ നടക്കുന്നതും നിക്ഷേപകരുടെ വിപുലമായ പങ്കാളിത്തവും സെബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2024ൽ ഇതിനകം മാത്രം 200ലേറെ കമ്പനികളാണ് ഈ ശ്രേണിയിൽ നിന്ന് ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്. അവ സംയോജിതമായി 7,000 കോടിയിലേറെ രൂപയും സമാഹരിച്ചു. എസ്എംഇ ഐപിഒകളിൽ തിരിമറി നടക്കുന്നുണ്ടെന്നും വില കൃത്രിമമായി പെരുപ്പിക്കുന്നുണ്ടെന്നും നേരത്തെ സെബി (SEBI) മേധാവി മാധബി പുരി ബുച് അഭിപ്രായപ്പെട്ടിരുന്നു. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം എസ്എംഇകൾ പ്രൊമോട്ടർമാരുടെ തന്നെ കടലാസ് കമ്പനികളിലേക്ക് (Shell companies) മാറ്റുന്നുണ്ടെന്നും സെബി കണ്ടെത്തിയിരുന്നു.
ആശങ്കയായി പങ്കാളിത്തം
എസ്എംഇ ഐപിഒകളിൽ നിക്ഷേപകരുടെ പങ്കാളിത്തവും ആകെ വിൽപനയ്ക്കുള്ള ഓഹരികളും തമ്മിലെ അനുപാതം കൂടുന്നതും സെബിയെ കൂടുതൽ കർക്കശനടപടികൾക്ക് പ്രേരിപ്പിക്കുന്നുണ്ട്. 2021-22ൽ അനുപാതം 4 മടങ്ങ് ആയിരുന്നെങ്കിൽ (അതായത് അപേക്ഷകളുടെ എണ്ണം ആകെ ലഭ്യമായ ഓഹരികളേക്കാൾ 4 മടങ്ങ് അധികം) 2022-23ൽ ഇത് 46 മടങ്ങായി. 2023-24ൽ 245 മടങ്ങിലേക്കുമാണ് കൂടിയത്. നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങളിലേക്ക് സെബി കടക്കുന്നത്.
Image : iStock/traffic_analyzer
ഐപിഒ വഴി ഓഹരി വിപണിയിലെത്തുന്ന ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) ആദ്യ വ്യാപാര ദിനത്തിൽ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (NSE) അടുത്തിടെ പരിഷ്കരിച്ചിരുന്നു. ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഐപിഒയിലെ വിലയേക്കാൾ (ഇഷ്യൂ വില) 90 ശതമാനം വരെ വർധനയേ ലിസ്റ്റിങ്ങ് വിലയിൽ അനുവദിക്കൂ. അതായത്, ഓഹരിവില 90 ശതമാനം വരെ ഉയർന്നാൽ അത് ലിസ്റ്റിങ്ങ് വിലയായി കണക്കാക്കും. ലിസ്റ്റിങ്ങ് വില സംബന്ധിച്ച ഊഹക്കണക്കുകളും അതുവച്ചുള്ള ഇടപാടുകളും തടയാനും എൻഎസ്ഇയുടെ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ.
മുന്നിൽ രണ്ട് നിർദേശങ്ങൾ
നിലവിൽ എസ്എംഇ ഐപിഒയിൽ റീട്ടെയ്ൽ നിക്ഷേപകർക്ക് അപേക്ഷിക്കാവുന്ന മിനിമം തുക ഒരുലക്ഷം രൂപയാണ്. ഇത് 4 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ഒരു നിർദേശം. രണ്ടുലക്ഷം രൂപയാക്കിയാൽ മതിയെന്നൊരു നിർദേശവും സെബിക്ക് മുന്നിലുണ്ട്. 14 വർഷം മുമ്പാണ് സെബി ഒരുലക്ഷം രൂപയെന്ന നിബന്ധന ഏർപ്പെടുത്തിയത്. മിനിമം തുക ഒരുലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷമോ 4 ലക്ഷം രൂപയോ ആക്കിയാലും നിക്ഷേപകർക്കുള്ള അലോട്മെന്റിൽ മാറ്റമുണ്ടാകില്ല. മിനിമം 35% ഓഹരികൾ റീട്ടെയ്ൽ നിക്ഷേപകർക്കായി നീക്കിവയ്ക്കണമെന്ന ചട്ടം തുടരും.
Image : Shutterstock AI
നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമായ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) എസ്എംഇ ഐപിഒയിൽ പൂർണമായും ഒഴിവാക്കുകയോ പരമാവധി 20-25% എന്ന പരിധി നിശ്ചയിക്കുകയോ വേണമെന്ന നിർദേശവും സെബിക്ക് മുന്നിലുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം (2023-24) രണ്ട് എസ്എംഇ ഐപിഒകൾ പൂർണമായും ഒഎഫ്എസ് മാത്രമായിരുന്നു. നടപ്പുവർഷം ഇതുവരെ നടന്ന ഐപിഒകളിൽ ഒരെണ്ണവും ഒഎഫ്എസ് മാത്രമുള്ളതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]