വിപണി ഉത്സവവാരത്തിലേക്ക് കടക്കുകയാണ് ഇന്നു മുതൽ. ദീപാവലിയുടെ നക്ഷത്ര പ്രഭ വിപണിയെ പ്രകാശഭരിതമാക്കുമോയെന്ന ആകാംക്ഷയിലാണ് നിക്ഷേപകർ.
ആശങ്കയോടെ ആരംഭിച്ച് ആഹ്ലാദത്തിൽ അവസാനിച്ച വാരമാണ് ഓഹരി വിപണിയിൽ കടന്നു പോയത്. ആദ്യ വ്യാപാര ദിനത്തിൽ തന്നെ മുന്നോട്ടു കുതിക്കാൻ തയാറായി നിന്ന വിപണിയെ ചൈനയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 100% ഇറക്കുമതിത്തീരുവ പിന്നോട്ടടിച്ചു.
അടുത്ത ദിവസവും വിപണി തീരുവ ഭീതിയിൽ തന്നെയായിരുന്നു. എന്നാൽ വ്യാപാര വാരത്തിലെ അവസാന 3 ദിവസങ്ങളിലും വിപണിയിൽ ശക്തമായ കുതിപ്പാണുണ്ടായത്.
പോയ വാരം നിഫ്റ്റി 25,550 മുതൽ 25,800 വരെ പോകും എന്നായിരുന്നു പ്രവചനങ്ങൾ.
അത് ഏതാണ്ട് ശരിയായി വന്നു എന്നാണ് സൂചികകളുടെ നില സൂചിപ്പിക്കുന്നത്. ട്രംപിന്റെ 100% തീരുവ വന്നില്ലായിരുന്നെങ്കിൽ വിപണി 25,800 കടന്ന് മുന്നേറ്റത്തിന്റെ ഭ്രമണപഥത്തിൽ എത്തുമായിരുന്നു.
പോയവാരം സെൻസെക്സിന്റെ ശരാശരി നേട്ടം 1.8 ശതമാനവും നിഫ്റ്റിയുടേത് 1.7 ശതമാനവുമാണ്. ഇനിയും 2% വീതം നേട്ടമുണ്ടാക്കിയാൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം അവയുടെ റെക്കോർഡ് നിരക്കുകളായ 85,978.25, 26,277.36 പോയിന്റുകളിലെത്തും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27നാണ് സൂചികകൾ ഈ നേട്ടം കൈവരിച്ചത്.
തീരുവപ്പേടിയെ മറികടക്കാൻ വിപണിയെ സഹായിച്ചത് പല ഘടകങ്ങളാണ്. പ്രമുഖ കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്തുയർന്ന രണ്ടാം പാദ ഫലങ്ങളും മൂന്നാം പാദ ഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും വിപണി ഉയരാൻ പ്രധാന കാരണമായി.
കൂടാതെ, ഓഹരികളുടെ വിലകൾ യുക്തിസഹമായ നിലയിൽ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയ വിപണി മൂല്യമുള്ള ചില കമ്പനികളുടെ ഓഹരികൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഇതും വിപണിയെ സഹായിച്ചു. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും രാജ്യാന്തര നാണ്യനിധി ഇന്ത്യയുടെ വളർച്ച അനുമാനം 6.5 ശതമാനമായി ഉയർത്തിയതും വിപണിയുടെ കുതിപ്പിനു കരുത്തേകി.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികളിലെ ഷോർട് കവറിങ്ങും വിപണിയുടെ കയറ്റത്തെ സഹായിച്ചുവെന്നുവേണം കരുതാൻ.
ഈ ആഴ്ചയിൽ, ചൊവ്വയും ബുധനും ദീപാവലി പ്രമാണിച്ച് വിപണിക്ക് അവധിയായിരിക്കും. ദീപാവലിയോടെ ആരംഭിക്കുന്ന സംവത് പുതുവർഷത്തിന്റെ ഭാഗമായി നടത്തുന്ന മുഹൂർത്ത വ്യാപാരം ചൊവ്വാഴ്ച 1.45 മുതൽ 2.45 വരെ ആയിരിക്കും.
വർഷാരംഭ വ്യാപാരമായതിനാൽ ഭൂരിഭാഗം നിക്ഷേപകരും ചെറിയ തോതിലെങ്കിലും മുഹൂർത്ത വ്യാപാരത്തിൽ ഓഹരികളിൽ നിക്ഷേപം നടത്തും.
കഴിഞ്ഞ 5 വർഷങ്ങളിലും (2020 -2024), മുഹൂർത്ത വ്യാപാരത്തിൽ നിഫ്റ്റി നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ഈ വർഷവും കാലാവസ്ഥ അനുകൂലമായതിനാൽ സൂചിക ഉയരാനാണ് സാധ്യത.
വിപണിയുടെ എല്ലാ ഘടകങ്ങളും കുതിപ്പിന് സഹായകരമാണ്. അതുകൊണ്ടു തന്നെ ഈ ആഴ്ചയും വിപണിയിൽ കാളക്കൂറ്റന്മാർ മേഞ്ഞുനടക്കാനാണു സാധ്യത.
എങ്കിലും വിപണിയുടെ ആകാശത്തുനിന്ന് കാർമേഘങ്ങൾ പൂർണമായി ഒഴിഞ്ഞുപോയിട്ടില്ല. ചുരുങ്ങിയ വ്യാപാര ദിനങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും അമേരിക്കൻ തീരുവ ഉയർത്തുന്ന ഭീഷണികളും ഭൗമരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും വ്യാപാരം ചില സെക്ടറുകളിലേക്കു മാത്രമായി ചുരുക്കിയേക്കാം.
അതുകൊണ്ടു തന്നെ ഓരോ വ്യാപാര ദിനങ്ങളിൽ അവസാനിക്കുന്നതോ, അടുത്ത ദിവസത്തിലേക്ക് നീളുന്നതോ ആയ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ട്.
ഈ ആഴ്ചയും ബാങ്ക് ഓഹരികളായിരിക്കും വിപണിയുടെ കുതിപ്പിനു കൂടുതൽ ഊർജം പകരുക. നിഫ്റ്റി ബാങ്ക് സൂചിക ഇപ്പോൾ പുതിയ റെക്കോർഡായ 57,651.30ലാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ത ുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ രണ്ടാം പാദത്തിലെ മികച്ച പ്രകടനത്തിലാണ് ബാങ്കിങ് മേഖല കുതിക്കുന്നത്. ബാങ്കിങ് രംഗത്തെ മറ്റൊരു വലിയ വാർത്ത മുംബൈ ആസ്ഥാനമായ ആർബിഎൽ ബാങ്കിനെ എമിറേറ്റ്സ് എൻബിഡി ഏറ്റെടുക്കുന്നുവെന്നതാണ്.
രത്നാകർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ 1943ൽ ആരംഭിച്ച ബാങ്കാണിത്. ഓപ്പൺ ഓഫറും അനൗൺസ് ചെയ്തിട്ടുണ്ട്.
300 കോടി യുഎസ് ഡോളറാണ് അവർ ആർബിഎലിൽ നിക്ഷേപിക്കുന്നത്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കും ആർബിഎൽ ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇന്ത്യയിലേക്ക് യുഎഇ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടുമെന്ന സൂചനയാണിത്. ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് എമിറേറ്റ്സ് എൻബിഡി പുതിയ സാഹചര്യത്തിൽ പിൻമാറുമോയെന്ന് വ്യക്തമല്ല.
ഈ ആഴ്ച നിഫ്റ്റി 25,850 വരെ ഉയർന്നേക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
അതല്ല, വിപണി ഇറക്കത്തിലേക്കു പോവുകയാണെങ്കിൽ സൂചിക 25,500 വരെ താഴാമെന്നും വിലയിരുത്തലുണ്ട്. യുഎസ് കേന്ദ്രബാങ്കിന്റെ പലിശ സംബന്ധിച്ച തീരുമാനവും ഈയാഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

