റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഹമാസിനേക്കാൾ ശക്തനാണെന്നും ‘ടെററിസ്റ്റ്’ (ഭീകരൻ) ആണെന്നും തുറന്നടിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം ഹമാസ്-ഇസ്രയേൽ സംഘർഷത്തേക്കാൾ വലുതാണ്.
ലോകത്തെ രണ്ടാമത്തെ വലിയ സൈനികശക്തിയാണ് റഷ്യ. പുട്ടിനെ തളയ്ക്കാൻ ഹമാസിനുമേൽ ചെലുത്തിയതിനേക്കാൾ വലിയ സമ്മർദം വേണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനോടും സെലൻസ്കി ആവശ്യപ്പെട്ടു.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിലേക്ക് താനും വരാമെന്നും പുട്ടിനുമായി ചർച്ചയ്ക്ക് തയാറാണെന്നും സെലൻസ്കി ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎസിന്റെ അതിനൂതന, ദീർഘദൂര മിസൈലായ ടോമഹോക്ക് വേണമെന്ന അഭ്യർഥനയുമായി കഴിഞ്ഞയാഴ്ച സെലൻസ്കി വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഭ്യർഥന തള്ളിയ ട്രംപ്, റഷ്യയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സമാധാന ചർച്ചയിലേക്ക് കടക്കാനും അല്ലെങ്കിൽ റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞോളൂ എന്ന് പറഞ്ഞതും സെലൻസ്കിക്ക് കനത്ത അടിയുമായിരുന്നു.
യുക്രെയ്ന് ടോമഹോക്ക് നൽകിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രെയ്ന്റെ ഭാഗവും അപൂർവ ധാതുക്കളാൽ സമ്പന്നവുമായ ഡൊണെട്സ്ക് വിട്ടുകിട്ടിയാൽ വെടിനിർത്തലിലേക്ക് കടക്കാമെന്ന് ട്രംപുമായി കഴിഞ്ഞയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ പുട്ടിൻ പറഞ്ഞിരുന്നു. എന്നാൽ, ഡൊണെട്സ്ക് വിൽക്കാനില്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
ബുഡാപെസ്റ്റിൽ കാണാമെന്ന് ട്രംപും പുട്ടിനും തീരുമാനിച്ചിട്ടുണെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
റഷ്യ-യുക്രെയ്ൻ യുദ്ധം നീളുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശങ്കയാകുന്നുണ്ട്. ഇതിനിടെ, വെടിനിർത്തൽ കരാർ നിലനിൽക്കേതന്നെ ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതും ആശങ്ക ഇരട്ടിയാക്കി.
എന്നാൽ, വെടിനിർത്തൽ ധാരണ തുടരുമെന്ന് ഇസ്രയേൽ പിന്നീട് പ്രതികരിച്ചിട്ടുണ്ട്. ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയ്ക്കുള്ള നീക്കങ്ങളും മധ്യേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകളും ഓഹരി വിപണികൾക്കും കരുത്താകും.
യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് വിരാമം കുറിക്കാനായി ട്രംപും ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയും വൈകാതെ നടന്നേക്കുമെന്നാണ് സൂചനകൾ.
ഇതിനു മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്കോട് ബെസ്സന്റ്, ചൈനീസ് ഉപപ്രധാനമന്ത്രി ഹി ലിഫെങ്ങുമായി ഈയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നതും ആഗോള സാമ്പത്തിക മേഖലയ്ക്കും ഓഹരി വിപണികൾക്കും ആശ്വാസമാണ്.
കുതിച്ചും കിതച്ചും ചൈന
ചൈനയുടെ ജൂലൈ-സെപ്റ്റംബർപാദ ജിഡിപി വളർച്ചാക്കണക്ക് ഇടിഞ്ഞത് ഓഹരി വിപണിക്ക് ടെൻഷനായേക്കും. ഏപ്രിൽ-ജൂൺ പാദത്തിൽ ചൈന 5.2% വളർന്നിരുന്നു.
സെപ്റ്റംബർ പാദ വളർച്ച 4.8 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാൽ, പാദാടിസ്ഥാനത്തിൽ വളർച്ച 0.8ൽ നിന്ന് 1.1 ശതമാനത്തിലേക്ക് ഉയർന്നു.
സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ റിയൽ എസ്റ്റേറ്ര് മേഖല കൂടുതൽ തളർച്ചയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെയുള്ള പ്രോപ്പർട്ടി നിക്ഷേപ നഷ്ടനിരക്ക് 12.9 ശതമാനത്തിൽ നിന്ന് 13.9 ശതമാനത്തിലേക്ക് കൂടിയതാണ് തിരിച്ചടി.
എന്നാൽ റീട്ടെയ്ൽ വിൽപന, വ്യാവസായിക ഉൽപാദനം എന്നിവ പ്രതീക്ഷിത നിരക്കിനേക്കാൾ ഉയർന്നിട്ടുണ്ട്.
തൊഴിലില്ലായ്മ നിരക്ക് മെച്ചപ്പെട്ടതും നേട്ടമാണ്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികളും ഏഷ്യയിൽ ജാപ്പനീസ് നിക്കേയിയും നേട്ടത്തിലാണെന്നത് ഇന്ത്യൻ ഓഹരി വിപണിക്കും ഇന്ന് നേട്ടത്തിൽ തുടരാമെന്ന പ്രതീക്ഷ നൽകിയേക്കും. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 0.73% ഉയർന്നത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിൽ തുടങ്ങുമെന്ന സൂചനയാണ് തരുന്നതും.
∙ യുഎസിന്റെ നിർണായക പണപ്പെരുപ്പ കണക്കും ഈയാഴ്ച പുറത്തുവരും.
∙ കൊക്ക-കോള, ടെസ്ല, ഇന്റൽ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വമ്പന്മാരുടെ സെപ്റ്റംബർപാദ പ്രവർത്തനഫലവുമാകും ഈയാഴ്ച അമേരിക്കൻ ഓഹരികളുടെ ‘തലവര’ നിശ്ചയിക്കുക.
∙ ട്രംപ് പല ഉൽപന്നങ്ങളുടെയും തീരുവ അടുത്തിടെ കുറച്ചതും ഇനിയും നൂറുകണക്കിന് ഉൽപന്നങ്ങളുടെ തീരുവ കുറയ്ക്കാനുള്ള സാധ്യതകളും നേട്ടമാകും.
∙ യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ് 0.2%, എസ് ആൻഡ് പി 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ ഉയർന്നു.
∙ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു.
ചൈനീസ് സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെന്നതിന്റെ മറ്റൊരു സൂചനയാണിത്.
∙ ജാപ്പനീസ് നിക്കേയ് 1.6% ഉയർന്നു. ചൈനീസ് സൂചികകൾ മാറ്റമില്ലാതെ നിൽക്കുന്നു.
ദക്ഷിണ കൊറിയയുടെ കോസ്പി 0.36% ഉയർന്ന് റെക്കോർഡിലാണുള്ളത്.
ഉത്സവകാലം: ഇന്ത്യയ്ക്ക് അവധിയുടെ ആലസ്യവും
റിലയൻസ് ഇൻഡസ്ട്രീസ് മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിട്ടതും ധൻതേരസിനോട് അനുബന്ധിച്ച് വാഹന, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ കമ്പനികൾ കൈവരിച്ച മികച്ച വിൽപനയും ഓഹരി വിപണിക്ക് കരുത്താവും.
ഇന്ത്യ-യുഎസ്, ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ ചർച്ചകൾ വീണ്ടും ട്രാക്കിലാകുന്നതും നേട്ടമാണ്.
കഴിഞ്ഞ 3 മാസക്കാലം ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ചുകൊണ്ടിരുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഒക്ടോബറിൽ വീണ്ടും വാങ്ങലുകാരായി തിരിച്ചെത്തിയതും ഇരട്ടിമധുരമാണ്. രൂപ കഴിഞ്ഞ സെഷനിൽ ഡോളറിനെതിരെ 6 പൈസ താഴ്ന്ന് 88.02ൽ ആണ് വ്യാപാരം പൂർത്തിയാക്കിയത്.
ദീപാവലി പ്രമാണിച്ച് നാളെയും ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് മറ്റന്നാളും (ഒക്ടോബർ 21, 22) സെൻസെക്സിനും നിഫ്റ്റിക്കും അവധിയാണ്.
നാളെ പക്ഷേ, ഒരു മണിക്കൂർ നീളുന്ന ‘മുഹൂർത്ത വ്യാപാരം’ നടക്കുമെന്നത് വിപണിക്ക് കുതിക്കാനുള്ള പ്രതീക്ഷയും നൽകുന്നു.
∙ എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ഭാരതി എയർടെൽ തുടങ്ങിയ പ്രമുഖരുടെ ‘ക്യു2’ (സെപ്റ്റംബർപാദം) ഫലം വൈകാതെ അറിയാം.
∙ സൊമാറ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ മാതൃസ്ഥാപനമായ എറ്റേണലിന് ഉത്തർപ്രദേശ് ജിഎസ്ടി വകുപ്പിൽ നിന്ന് 128 കോടിയുടെ നോട്ടിസ് കിട്ടി.
∙ മികച്ച ധൻതേരസ് വിൽപനയും ദീപാവലി വിൽപന ഉഷാറാകുമെന്ന പ്രതീക്ഷകളും മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ വാഹനക്കമ്പനികളുടെ ഓഹരികളെ സ്വാധീനിച്ചേക്കും.
∙ 3 വ്യത്യസ്ത വെസ്സലുകൾ പുറത്തിറക്കിയും കൂടുതൽ ഓർഡറുകൾ നേടിയും കൊച്ചിൻ ഷിപ്യാഡ് കഴിഞ്ഞദിവസം വൻ ശ്രദ്ധ നേടി.
∙ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഡബ്ല്യുടിഐ ഇനത്തിന് 57 ഡോളറിലും ബ്രെന്റ് വില 61 ഡോളറിലും തുടരുകയാണ്. വില താഴ്ന്നത് ഇന്ത്യയ്ക്കും രൂപയ്ക്കും വലിയ ആശ്വാസമാണ്.
∙ സ്വർണവില വീണ്ടും കൂടുകയാണ്.
ഔൺസിന് 4,219 ഡോളർ വരെ ഇറങ്ങിയ വില ഇപ്പോൾ 4,260ലേക്ക് തിരിച്ചുകയറി. കേരളത്തിൽ ഇന്നു വില കൂടിയേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

