
ഹോചിമിൻസിറ്റി ∙കൊച്ചിയിൽ നിന്നു വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഹോചിമിൻ സിറ്റിയിലേക്കുള്ള വിമാന സർവീസിനു ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നു കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്കു പറക്കാനൊരുങ്ങി ബജറ്റ് എയർലൈനായ വിയറ്റ്ജെറ്റ്. കൊച്ചിക്കു പുറമേ ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിൽ നിന്നാണു നിലവിൽ വിയറ്റ്ജെറ്റിനു സർവീസ്. നവംബർ ആദ്യം മുതൽ തിരുച്ചിറപ്പള്ളിയിലേക്കും വിയറ്റ്ജെറ്റ് പ്രവർത്തനം വ്യാപിപ്പിക്കും.
ഇക്കൊല്ലം ആദ്യ ആറു മാസത്തിനിടെ 3 ലക്ഷത്തോളം യാത്രക്കാരാണ് ഇന്ത്യയിൽ നിന്നു വിവിധ വിയറ്റ്നാം നഗരങ്ങളിലേക്കു പറന്നത്; മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വർധന.
ഹോചിമിൻ സിറ്റിയിൽ നിന്നു തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം വൈകിട്ട് 6.55നു പുറപ്പെടുന്ന വിമാനം (വി ജെ 1811) രാത്രി 10.50ന് കൊച്ചിയിലെത്തും. രാത്രി 11.50നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന മടക്കവിമാനം (വി ജെ 1812) പിറ്റേന്നു രാവിലെ 6.25നു ഹോചിമിൻ സിറ്റിയിലെത്തും. ഇക്കോണമി ക്ലാസിനു പുറമേ സ്കൈബോസ് എന്ന പ്രീമിയം ഇക്കോണമി സീറ്റുകളുമുള്ള എയർബസ് എ 320 വിമാനമാണ് സർവീസ് നടത്തുന്നത്.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് 5555 രൂപ നിരക്കിൽ വരെ ടിക്കറ്റ് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഡിസംബർ 31 വരെ പ്രതിവാര ഓഫറുകൾ പ്രാബല്യത്തിലുണ്ട്. എയർടെൽ ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ റോമിങ് സൗകര്യവും വിയറ്റ്നാമിൽ ലഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]