
ഓരോ രാജ്യത്തിനും ഓരോ വസ്തുവിനും കനത്ത തീരുവ ചുമത്തുമ്പോൾ അത് പരസ്യമായി വിളിച്ചുപറയാറുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യമായി 50% തീരുവ കഴിഞ്ഞദിവസം ചുമത്തിയത് 400ലേറെ ഉൽപന്നങ്ങൾക്ക്. ഇവയിൽ ഒട്ടുമിക്കതുംതന്നെ ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്നതുമാണ്.
ഫയർ എക്സ്റ്റിൻഗ്വിഷറുകൾ, മെഷീനറികൾ, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ, അലുമിനിയമോ സ്റ്റീലോ അടങ്ങിയ വസ്തുക്കൾ എന്നിങ്ങനെ 407 ഉൽപന്നങ്ങൾക്കാണ് 50% തീരുവ ബാധകമാക്കിയത്.
നേരത്തേ ട്രംപ് 50% തീരുവ സ്റ്റീലിനും അലുമിനിയത്തിനും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ വസ്തുക്കൾക്ക് കൂടി ചുമത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് തീരുമാനിച്ചത്.
ട്രംപിന്റെ ആ ‘രഹസ്യനീക്കം’ ഏറ്റവുമധികം തിരിച്ചടിയാവുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ.
നിലവിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. പുറമെ മറ്റ് രാജ്യങ്ങൾക്കുമേൽ 10-41% തീരുവയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം സ്റ്റീലിനും അലുമിനിയത്തിനും ഇതിനെല്ലാം പുറമെയാണ് 50% തീരുവ. അതായത്, ഏത് രാജ്യത്തുനിന്നും ഇവ യുഎസിൽ എത്തിയാൽ 50% തീരുവ ബാധകം.
ഇതാണ് ഇപ്പോൾ 400ലേറെ ഉൽപന്നങ്ങൾക്കും ബാധകമാക്കിയത്.
ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50 ശതമാനത്തിൽ നിന്ന് കുറച്ചാലും 400ലേറെ വരുന്ന ഈ ഉൽപന്നങ്ങൾക്കും സ്റ്റീലിനും അലുമിനിയത്തിനുമുള്ള തീരുവ 50 ശതമാനമായിതന്നെ നിലനിൽക്കുമെന്നതാണ് തിരിച്ചടി. വാഹന ഘടകങ്ങൾ, പ്ലാസ്റ്റിക്, ഫർണിചർ ഘടകങ്ങൾ എന്നിങ്ങനെ സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ അംശമുള്ള വസ്തുക്കൾക്കെല്ലാം 50% തീരുവ ബാധകമാണ്.
കടം വീട്ടാനെന്ന് അമേരിക്ക
നിലവിൽ അമേരിക്കയ്ക്ക് 37,137,282,641,768 കോടി ഡോളറിന്റെ കടബാധ്യതയുണ്ട്.
അതായത് 37.13 ലക്ഷം കോടി ഡോളർ (ഏകദേശം 3,300 ലക്ഷം കോടി രൂപ). ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ തീരുവ കൂട്ടിയതുവഴി കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് ഈ കടം കുറയ്ക്കാൻ ഉപയോഗിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു.
തീരുവ വഴി ഈ വർഷം 30,000 കോടി ഡോളർ (ഏകദേശം 26 ലക്ഷം കോടി രൂപ) വരുമാനമാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ, തീരുവ വരുമാനം ഇതിലും കൂടിയേക്കാമെന്നും ബെസ്സന്റ് വ്യക്തമാക്കി.
പുട്ടിനെ അറസ്റ്റ് ചെയ്യില്ല; ‘സമാധാന’ വേദിയാകാൻ സ്വിറ്റ്സർലൻഡ്
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനായി വൈകാതെ സെലെൻസ്കി-പുട്ടിൻ കൂടിക്കാഴ്ച ഒരുക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും.
ട്രംപും ചർച്ചയിൽ പങ്കെടുക്കും. എങ്കിലും, യുദ്ധക്കുറ്റത്തിന് രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ പുട്ടിനെ ചർച്ചയ്ക്കായി ഏത് രാജ്യത്തേക്ക് ക്ഷണിക്കുമെന്ന ആശങ്കയിലാണ് ചർച്ചയുടെ ‘സംഘാടക’ രാജ്യങ്ങൾ.
∙ 125 രാജ്യങ്ങളിൽ പ്രവേശിക്കാനാണ് നിലവിൽ പുട്ടിന് പ്രതിസന്ധിയുള്ളത്.
∙ എന്നാൽ, സമാധാന ചർച്ചയ്ക്കായി വരുന്ന പുട്ടിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഓസ്ട്രിയ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.
∙ യുക്രെയ്നിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ക്രിമിനൽ കുറ്റമാണ് പുട്ടിനുമേൽ കോടതി ചുമത്തിയിരിക്കുന്നത്.
∙ പുട്ടിൻ-സെലെൻസ്കി ചർച്ചയ്ക്ക് വേദിയാകാൻ സ്വിറ്റ്സർലൻഡിനാണ് സാധ്യതയേറെ.
അമേരിക്കയിൽ ഓഹരിത്തകർച്ച
യുഎസ് ഓഹരി വിപണികൾ റെക്കോർഡ് തേരോട്ടത്തിന് ബ്രേക്കിട്ട് ഇപ്പോൾ നഷ്ടയാത്രയിലാണ്.
ജാക്സൺ ഹോൾ ഇക്കണോമിക് സിംപോസിയത്തിൽ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പലിശയുടെ ദിശയെച്ചൊല്ലി എന്തുപറയുന്ന ടെൻഷനിലാണ് ഓഹരി നിക്ഷേപകർ. പണപ്പെരുപ്പം ട്രംപിന്റെ താരിഫ് പിടിവാശിമൂലം വീണ്ടും കൂടിത്തുടങ്ങിയതിനാൽ പവൽ പലിശനിരക്ക് കൂട്ടില്ലെന്ന സൂചന നൽകുമോ എന്നതാണ് ഭീതി.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക്ക് 100 ഫ്യൂച്ചേഴ്സ്, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവ 0.2% വരെ നഷ്ടത്തിലായി.
∙ ഇന്നലെ ഡൗ ജോൺസ് 0.02% മാത്രം നേട്ടമെഴുതിയപ്പോൾ എസ് ആൻഡ് പി500 സൂചിക 0.6 ശതമാനവും നാസ്ഡാക് കോംപസിറ്റ് 1.6 ശതമാനവും കൂപ്പുകുത്തി.
∙ ചിപ് നിർമാതാക്കളായ ഇന്റൽ കോർപറേഷന്റെ ഓഹരി 7% വരെ ഉയർന്നു.
ചിപ് കയറ്റുമതി ലൈസൻസിന് പകരം കമ്പനികളിൽ യുഎസ് ഗവൺമെന്റിന് ഓഹരി പങ്കാളിത്തം നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരിക്കുതിപ്പ്.
കയറ്റുമതിയിൽ തളർന്ന് ജപ്പാൻ; ഏഷ്യൻ ഓഹരികൾ വീണു
ജപ്പാനിൽ നിന്നുള്ള കയറ്റുമതി ജൂലൈയിൽ 2.6% താഴ്ന്നു. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്.
ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ മാസത്തെ പണനയത്തിലും പലിശനിരക്ക് നിലനിർത്തി.
∙ ജാപ്പനീസ് ഓഹരി സൂചികായ നിക്കേയ് 0.93%, ടോപിക്സ് 0.31% എന്നിങ്ങനെ നഷ്ടത്തിലായി.
∙ ദക്ഷിണ കൊറിയയുടെ കോസ്പി 1.52% വീണു. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചികയും 0.24% താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്.
∙ ചൈനയിൽ ഷാങ്ഹായ് സൂചിക 0.08% നേട്ടം കുറിച്ചു.
ഹോങ്കോങ് വിപണി 0.48% ഇടിഞ്ഞു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.34%, ഡാക്സ് 0.45% എന്നിങ്ങനെ ഉയർന്നു.
∙ ഏഷ്യൻ, അമേരിക്കൻ ഓഹരി വിപണികളുടെ വീഴ്ചയുടെ പ്രതിഫലനം ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിലും അലയടിക്കുമോയെന്ന ആശങ്ക ശക്തമാണ്.
ഗിഫ്റ്റ് നിഫ്റ്റിക്ക് നഷ്ടം
കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കാര നീക്കത്തിന്റെ കരുത്തിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി ലാഭയാത്ര നടത്തുന്ന ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് എങ്ങോട്ട്? രാവിലെ 40 പോയിന്റ് താഴ്ന്ന ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത് അത്ര ശുഭസൂചനയല്ല.
ഇപ്പോൾ 24,980ൽ നിൽക്കുന്ന നിഫ്റ്റിക്ക് 25,000 പോയിന്റ് വീണ്ടെടുക്കാനാകുമോ?
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 634 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. ഓഗസ്റ്റിൽ ഇതുവരെ അവർ പിൻവലിച്ചത് 1.71 ലക്ഷം കോടി രൂപ.
അതേസമയം ജിഎസ്ടി പരിഷ്കാര നീക്കവും ഉത്സവകാലത്തിന്റെ വിരുന്നുവരവും നൽകുന്ന പോസിറ്റീവ് ആവേശം നിലനിർത്താൻ നിക്ഷേപകർക്ക് കഴിഞ്ഞാൽ വിദേശ വെല്ലുവിളികളെ കൂസാതെ മുന്നോട്ടുതന്നെ കുതിക്കാൻ ഇന്ത്യൻ ഓഹരികൾക്ക് കഴിയുമെന്ന വിലയിരുത്തലുമുണ്ട്.
രൂപയും പൊന്നും എണ്ണയും
രൂപ ഇന്നലെയും ഡോളറിനെതിരെ മികച്ച പ്രകടനം നടത്തി. 26 പൈസ മെച്ചപ്പെട്ട് 87.13ൽ ആണ് വ്യാപാരാന്ത്യത്തിൽ മൂല്യം.
റഷ്യ-യുക്രെയ്ൻ സമാധാന നീക്കത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഉയരുകയാണ്. അത് ഇന്ത്യയ്ക്ക് തിരിച്ചടിയുമാണ്.
ഉപഭോഗത്തിന്റെ 85-90% ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വിലകുറഞ്ഞുനിൽക്കുന്നതാണ് ഉത്തമം.
∙ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.59% നേട്ടവുമായി 62.72 ഡോളറിലും ബ്രെന്റ് വില 0.32% ഉയർന്ന് 66 ഡോളറിലും എത്തി.
∙ ആഭരണപ്രിയർക്ക് ആശ്വാസവുമായി രാജ്യാന്തര സ്വർണവില താഴേക്കുതന്നെ. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 18 ഡോളർ താഴ്ന്ന് ഔൺസിന് 3,314 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കുറയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]