
ചെങ്കടലിനോട് ചേർന്ന് ഇസ്രയേലിനുള്ള ഏക തുറമുഖം കടക്കെണിയിലായതിനെ തുടർന്ന് അടച്ചുപൂട്ടി. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം ശക്തമായതിനെ തുടർന്ന് പ്രതിസന്ധിയിലായ ഐലറ്റ് തുറമുഖത്തിനാണ് പൂട്ടുവീണത്.
ഏറെക്കാലമായി പ്രവർത്തനം നിലച്ചിരുന്നതിനാൽ നികുതിയടയ്ക്കുന്നതിലും വീഴ്ച വന്നിരുന്നു. തുടർന്നാണ് അടച്ചുപൂട്ടാനുള്ള തീരുമാനം.
ഏകദേശം 25 കോടി രൂപയാണ് നികുതി കുടിശിക.
ചെങ്കടലിൽ കപ്പലുകൾക്കുനേരെ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി ഹൂതികളുടെ ആക്രമണം ശക്തമാണ്. ഇത് തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു.
ഇക്കാലയളവിൽ വരുമാനം 90 ശതമാനവും ഇടിഞ്ഞു. നികുതി കുടിശികയെ തുടർന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മുനിസിപ്പൽ അധികൃതർ മരവിപ്പിക്കുകയും ചെയ്തിരുന്നു.
170ഓളം പേരുടെ ജോലിയും ഇതോടെ തുലാസിലായെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിലേക്കും തിരിച്ചും ഇന്ത്യ, ചൈന, ഓസ്ട്രേലിയ, തെക്കു-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് ചരക്കുകൾ പ്രധാനമായും നീക്കം ചെയ്തിരുന്നത് ഈ തുറമുഖം വഴിയായിരുന്നു. ഇസ്രയേലിലേക്കുള്ള മൊത്തം വാഹന ഇറക്കുമതിയുടെ 50 ശതമാനവും നടന്നിരുന്നതും ഐലറ്റ് മുഖേനയാണ്.
നിലവിൽ കപ്പലുകൾ ആഫ്രിക്കയെ ചുറ്റി മെഡിറ്ററേനിയൻ പാതയാണ് തിരഞ്ഞെടുക്കുന്നത്. ഇത് സമയനഷ്ടത്തിന് പുറമെ ഉയർന്ന സാമ്പത്തികച്ചെലവിനും വഴിവച്ചിട്ടുണ്ട്.
അടുത്തിടെ ചെങ്കടലിൽ ഏതാനും ഗ്രീക്ക് എണ്ണക്കപ്പലുകൾക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
ഇത് രാജ്യാന്തര എണ്ണവില കൂടാനും ഇടയാക്കിയിരുന്നു. ഇസ്രയേലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ 98 ശതമാനവും കടൽവഴിയാണെന്നതിനാൽ, ചെങ്കടലിലെ പ്രക്ഷോഭവും ഐലറ്റിന്റെ പ്രവർത്തനം നിലച്ചതും ഇസ്രയേലിന് തിരിച്ചടിയാണ്.
നിലവിൽ മെഡിറ്ററേനിയൻ ഭാഗത്തുള്ള, ഇസ്രയേലിന്റെ തന്ത്രപ്രധാന തുറമുഖവും ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുമുള്ള ഹൈഫ തുറമുഖം വഴിയാണ് ചരക്കുനീക്കം കൂടുതലും നടക്കുന്നത്.
ഹൈഫ പോർട്ടിന്റെ 70% ഓഹരികൾ അദാനി പോർട്സ് 120 കോടി ഡോളറിന് (ഏകദേശം 9,400 കോടി രൂപ) സ്വന്തമാക്കിയത് 2023ലാണ്. ഹൈഫ തുറമുഖത്തെ സ്വകാര്യവൽകരിക്കുന്നതിന്റെ ഭാഗമായുള്ള ടെൻഡർ വഴിയായിരുന്നു ഇത്.
ഇസ്രയേലിലെ ഗാഡോട്ട് ഗ്രൂപ്പുമായി (Israel’s Gadot Group) സഹകരിച്ചായിരുന്നു ഏറ്റെടുക്കൽ. ഇസ്രയേലിന്റെ കയറ്റുമതി-ഇറക്കുമതി ഇടപാടുകളിൽ നിർണായക പങ്കുള്ള തുറമുഖമാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]