ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് നൽകിയ സമ്മാനം ഓഹരി വിപണിയിൽ കൗതുകകരമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കി. പ്രശസ്തമായ ‘മെലഡി’ ചോക്ലേറ്റുകൾ സമ്മാനമായി നൽകുന്ന പ്രധാനമന്ത്രിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയുണ്ടായി.
ഈ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികൾ അപ്രതീക്ഷിതമായി കുതിച്ചുയർന്നു. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം നടത്തിയിരുന്ന ഓഹരി, ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്നും 4.84 രൂപയിലേക്ക് ഇടിഞ്ഞിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുടെ സമ്മാനത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ഓഹരി വില ശരവേഗത്തിൽ ഉയരുകയും 5.25 രൂപ എന്ന നിലയിലെത്തുകയും ചെയ്തു. അപ്പർ-സർക്യൂട്ട് പരിധിയായ 5 ശതമാനം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്.
എങ്കിലും, ഈ മുന്നേറ്റത്തിന് പിന്നിൽ ഒരു ആശയക്കുഴപ്പമുണ്ടെന്നതാണ് വസ്തുത. പ്രധാനമന്ത്രി സമ്മാനിച്ചത് പ്രശസ്തമായ പാർലെ പ്രോഡക്ട്സ് നിർമിക്കുന്ന ‘മെലഡി’ ചോക്ലേറ്റുകളാണ്.
എന്നാൽ, ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയത് റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലകളിൽ പ്രവർത്തിക്കുന്ന പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ്. പേര് തമ്മിലുള്ള സാമ്യം മാത്രമാണ് ഈ അപ്രതീക്ഷിത കുതിപ്പിന് കാരണമായത്.
പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ജോർജ മെലോനി പങ്കുവെച്ച വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും ചെയ്തിരുന്നു. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

