
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും വലിയ നഷ്ടത്തിൽ വ്യാപാരം തുടരുന്നത് ആശങ്കയാണ്.
നിർണായക കടമ്പയായ 23000 പോയിന്റിലും മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23216 പോയിന്റ് വരെ മുന്നേറിയ ശേഷം 1.24% നേട്ടത്തിൽ 23190 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 899 പോയിന്റ് മുന്നേറി 76348 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഒന്നര മാസത്തിന് ശേഷം ബാങ്ക് നിഫ്റ്റി വീണ്ടും 50000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു.
ഐടിയുടെ പിന്തുണയിൽ മുന്നേറി നിന്ന ഇന്ത്യൻ വിപണിക്ക് രണ്ടാം പകുതിയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെയും, റിലയൻസിന്റെയും മുന്നേറ്റമാണ് പുതിയ ഉയരങ്ങൾ നൽകിയത്. ഐടി സെക്ടർ 1.25%മുന്നേറിയപ്പോൾ ഓട്ടോ, മെറ്റൽ, റിയൽറ്റി, എഫ്എംസിജി, ഇൻഫ്രാ സെക്ടറുകളും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറി.
മുന്നേറി രൂപ
അമേരിക്കൻ ഫെഡ് റിസർവ് ഇനിയും നിരക്ക് കുറക്കുമെന്ന സൂചന അമേരിക്കൻ ഡോളറിനും ബോണ്ട് യീൽഡിനും തിരുത്തൽ നൽകിയത് ഇന്ത്യൻ രൂപക്ക് നൽകിയ മുന്നേറ്റം ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്കും ഉണർവ് നൽകി. ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും ഇന്ന് 0.70% വീതം മുന്നേറി.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 86.35/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. അടുത്ത ആഴ്ചയിലും ആർബിഐ ഫോറെക്സ് വിപണിയിൽ ഇടപെടാനിരിക്കുന്നതും രൂപക്ക് പ്രതീക്ഷയാണ്.
ഫെഡ് നിരക്ക് കുറയും
അമേരിക്കൻ ഫെഡ് റിസർവിന്റെ അടിസ്ഥാന പലിശ നിരക്ക് ഇത്തവണയും 4.50 ശതമാനം തന്നെ നിർത്തിയ ഫെഡ് റിസർവ് നടപ്പ് വർഷത്തിൽ 50 ബേസിസ് പോയിന്റിലേറെ കുറച്ച് 3.9%ൽ എത്തിക്കുമെന്ന് വിഭാവനം ചെയ്തതാണ് വിപണിയുടെ ആവേശം വർദ്ധിപ്പിച്ചത്. അമേരിക്കൻ താരിഫുകൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയെയും, പണനയങ്ങളെയും സ്വാധീനിക്കുമെന്ന് പറഞ്ഞ ഫെഡ് ചെയർമാൻ അമേരിക്കൻ സിപിഐ 2% എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് പ്രതീക്ഷയോടെ കണ്ടതും വിപണിക്ക് അനുകൂലമായി.
ഇന്ത്യ നികുതി കുറച്ചേക്കും
ഇന്ത്യയുമായുള്ളത് ഒരേ ഒരു പ്രശ്നം ഉയർന്ന ഇറക്കുമതി താരിഫിലൂടെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ എന്ന വിശാലമായ വിപണി നിഷേധിക്കുന്നതാണെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ നികുതികളിൽ വലിയ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു. എന്ത് തന്നെയായാലും ഏപ്രിൽ രണ്ടിന് അമേരിക്കയുടെ റെസിപ്രോക്കൽ താരിഫുകൾ നിലവിൽ വരുമെന്നും അമേരിക്കൻ പ്രസിഡന്റ് സൂചിപ്പിച്ചു.
സ്വർണം
അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ ഡോളറിനും, ബോണ്ട് യീൽഡിനും നൽകിയ തിരുത്തൽ ഇന്നലെയും, ഇന്നും മുന്നേറി. രാജ്യാന്തര വിപണിയിൽ ഔൺസിന് 3065 ഡോളറെന്ന പുതിയ റെക്കോർഡ് കുറിച്ച സ്വർണം തിരിച്ചിറങ്ങാതെ 3035 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
യുദ്ധ സാധ്യതയിൽ വീണ്ടും മുന്നേറി തുടങ്ങിയ ബ്രെന്റ് ക്രൂഡ് ഓയിൽ 70 ഡോളറിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. വെള്ളിയും നാചുറൽ ഗ്യാസും ഒന്നര ശതമാനം വീതം നഷ്ടത്തിൽ തുടരുമ്പോൾ ബേസ് മെറ്റലുകളും നഷ്ടത്തിലാണ് തുടരുന്നത്.
ഇനി അദാനിയും കേബിളുണ്ടാക്കും
ബിർളക്ക് പിന്നാലെ അദാനിയും കേബിൾ നിർമാണ മേഖലയിലേക്കിറങ്ങുന്നു എന്ന വാർത്ത ഒരു മാസത്തിനിടയിൽ രണ്ടാം തവണയും ഇന്ത്യൻ കേബിൾ ഓഹരികൾക്ക് തകർച്ച നൽകി. കീ ഇൻഡസ്ട്രീസ് 13% വീണപ്പോൾ പോളിക്യാബ്സ് 6%വും, ഫിനോലൈക്സ് കേബിൾസ് 4%വും വീണു.
അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള കച്ച് കോപ്പറിന്റെ ജെവി ആയ പ്രണീത ഇക്കോകേബിൾസ് വിപണി പിടിച്ചേക്കാമെന്നത് അദാനി എന്റർപ്രൈസസിന് അനുകൂലമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക