വീസ ചട്ടം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാക്കിസ്ഥാൻകാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടൽ തുടങ്ങിയവയും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നത് പാക്കിസ്ഥാന് രാജ്യാന്തരതലത്തിൽ വൻ നാടക്കേടായി.
ഭിക്ഷക്കാരെ തിരിച്ചയച്ചകാര്യം പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സ്ഥിരീകരിച്ചു. 2025ൽ ഇതുവരെ സൗദിയും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആകെ 66,154 പാക്കിസ്ഥാനി ഭിക്ഷക്കാരെയാണ് തിരിച്ചയച്ചത്.
യുഎഇ ഇവർക്ക് വീസ വിലക്കും പ്രഖ്യാപിച്ചു.
അനധികൃതമായി രാജ്യത്തു പ്രവേശിക്കുക, ഭിക്ഷയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ രാജ്യങ്ങൾ പാക്കിസ്ഥാനികൾക്കെതിരെ ആരോപിക്കുന്നത്. 2025ൽ ഇതുവരെ സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനി ഭിക്ഷാടകരെ നാടുകടത്തിയെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു.
യുഎഇ മടക്കി അയച്ചത് 6,000 പേരെ.
അസർബൈജാൻ 2,500 പേരെയും തിരിച്ചയച്ചു. ഒമാൻ, ഇറാക്ക്, ഖത്തർ, മലേഷ്യ, തായ്ലൻഡ്, കംബോഡിയ, ചില യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചെന്ന് മുഖ്താർ സമ്മതിച്ചു.
സൗദിയുടെ ശക്തമായ താക്കീത്
തീർഥാടന വീസയിൽ രാജ്യത്തെത്തി തിരിച്ചുപോകാതെയും അനധികൃതമായി തങ്ങിയും പാക്കിസ്ഥാനികൾ ഭിക്ഷാടന രംഗത്തേക്കും ക്രിമിനൽ കുറ്റകൃത്യങ്ങളിലേക്കും കടക്കുകയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഭിക്ഷക്കാരെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് സൗദി ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. അനുസരിച്ചില്ലെങ്കിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
വെളിച്ചത്തായത് വമ്പൻ വ്യവസായം
സൗദിയും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പാക്കിസ്ഥാനി ഭിക്ഷക്കാരെ തിരിച്ചയയ്ക്കുന്നുണ്ടെന്ന കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
പ്രശ്നം ഗുരുതരമാണെന്നും ഇങ്ങനെപോയാൽ പാക്കിസ്ഥാനികൾക്ക് മറ്റു രാജ്യങ്ങളുടെ വീസ കിട്ടാൻ പ്രയാസമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏതാണ്ട് 2.2 കോടിയോളം പാക്കിസ്ഥാനികൾ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വർഷവും 42 ബില്യൻ ഡോളറാണ് (ഏകദേശം 3.75 ലക്ഷം കോടി രൂപ) ഇവർ സമാഹരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരിൽ 90 ശതമാനവും പാക്കിസ്ഥാനികളാണെന്ന് 2023ൽ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സുൽഫിക്കൽ ഹൈദറും അഭിപ്രായപ്പെട്ടിരുന്നു.
തീർഥാടന വീസ നേടി സൗദി, ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെത്തുന്നവരാണ് മടങ്ങിവരാതെ ഭിക്ഷാടനത്തിലേക്ക് കടക്കുന്നത്.
ഭിക്ഷയെടുത്ത് ജീവിക്കുന്ന രാജ്യം
പാക്കിസ്ഥാൻ ഭിക്ഷയെടുത്ത് ജീവിക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞെന്ന് അടുത്തിടെ ഇന്ത്യയും പരിഹസിച്ചിരുന്നു. പാക്കിസ്ഥാനിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എൻജിനിയറിങ് പഠിച്ച പതിനായിരങ്ങൾ പോലും തൊഴിലില്ലാതെ പ്രയാസപ്പെടുകയാണെന്നും പാക്കിസ്ഥാനി സെനറ്റർ റാണാ മഹ്മുദുൽ ഹസൻ അഭിപ്രായപ്പെട്ടിരുന്നു.
‘മനുഷ്യക്കടത്ത്’ മാർഗത്തിലൂടെ പലരും വിദേശത്തേക്ക് പോകുന്നു. ഇവരിൽ പലരും ഭിക്ഷാടനത്തിലേക്കും കടക്കുന്നു.
‘‘ഇന്ത്യ ചന്ദ്രനിലെത്തി, നമ്മൾ ഓരോ ദിവസവും പ്രതിസന്ധിയിലേക്കും’’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

