ന്യൂഡൽഹി ∙ മാംസം, പാലുൽപന്നങ്ങൾ, മുട്ട എന്നിവ ലബോറട്ടറികളിൽ വികസിപ്പിക്കുന്നതിനും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യവസ്ഥകൾ കൊണ്ടുവരും.ഇന്ത്യയിൽനിന്ന് കൃത്രിമ മാംസ കയറ്റുമതി വർധിക്കുന്നതും ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടായതും കണക്കിലെടുത്താണ് നടപടി.
നിലവിൽ പതിനഞ്ചോളം ഇന്ത്യൻ കമ്പനികൾ കൃത്രിമ മാംസം നിർമിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. ഒട്ടേറെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുകയും റഗുലേറ്ററി അംഗീകാരത്തിന് അപേക്ഷിക്കുകയും ചെയ്തതിട്ടുണ്ടെന്നും എഫ്എസ്എസ്എഐ പറയുന്നു. യുഎസും സിംഗപ്പൂരും ഇസ്രയേലും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളുമാണ് കൃത്രിമ മാംസ വിപണിയിൽ മുന്നിലുള്ളത്.
കേന്ദ്രത്തിന്റെ കണക്കുകളനുസരിച്ച്, ലോകത്തിൽ ഏറ്റവും കൂടുതൽ കന്നുകാലികളുള്ള രാജ്യമായ ഇന്ത്യയാണ് മാട്ടിറച്ചി ഉൽപാദനത്തിലും മുന്നിൽ. മാട്ടിറച്ചി കയറ്റുമതിയിൽ മുൻപന്തിയിലുള്ള ഇന്ത്യ, ആട്ടിറച്ചി കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തും കോഴിയിറച്ചി കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുമാണ്. കൃത്രിമ മാംസ നിർമാണ മേഖല രാജ്യത്ത് പ്രാരംഭ ദശയിലാണെങ്കിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിർമാണത്തിലും കയറ്റുമതിയിലും വലിയ വളർച്ചയാണ് ഇന്ത്യൻ കമ്പനികൾ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ കൃത്രിമ മാംസ നിർമാണ മേഖലയ്ക്ക് വ്യക്തമായ പ്രവർത്തന വ്യവസ്ഥകൾ വേണമെന്ന് മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ അനിമൽസ്-പബ്ലിക് പോളിസി ഫൗണ്ടേഷൻ (പിഎപിപിഎഫ്) ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഈ മേഖലയ്ക്ക് ബാധകമാകുന്ന ചട്ടങ്ങളില്ല. ഈ സ്ഥിതി മാറണമെന്ന് ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയും അഭിപ്രായപ്പെട്ടിരുന്നു.
എന്താണ് കൃത്രിമ മാംസം?
കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെയുള്ളതും അത്തരത്തിൽ പാകം ചെയ്ത് ഉപയോഗിക്കാവുന്നതുമാണ് സാങ്കേതികമായി ‘ഇൻവിട്രോ മീറ്റ്’ എന്നറിയപ്പെടുന്ന കൃത്രിമ മാംസം. ക്ലീൻ മീറ്റ്, ലാബ് ഗ്രോൺ മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടുതന്നെ ഇത് രക്തരഹിതവുമാണ്.
Credit:sturti/iStockPhoto
സെല്ലുലാർ അഗ്രികൾചർ സാങ്കേതിക വിദ്യയുടെ ഒരു രൂപമാണ് ലാബ്മീറ്റ്. ബയോ റിയാക്ടറിന്റെ അതീവ വൃത്തിയുള്ള, അനുയോജ്യ അന്തരീക്ഷത്തിൽ കോഴി, പോത്ത്, കാള, മീൻ, വന്യമൃഗങ്ങൾ തുടങ്ങിയവയുടെ കോശങ്ങൾ വളർത്തിയെടുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]