ഇടിവിന്റെ ട്രെൻഡിന് ബ്രേക്കിട്ട് സ്വർണവില (Kerala Gold Price) വീണ്ടും തുടർച്ചയായ മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 70 രൂപ വർധിച്ച് വില 7,065 രൂപയായി. 560 രൂപ ഉയർന്ന് 56,520 രൂപയാണ് പവൻവില. ഇന്നലെയും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു.
5 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാം വില വീണ്ടും 7,000 രൂപയും പവൻവില 56,000 രൂപയും കടക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 60 രൂപ കുതിച്ച് 5,830 രൂപയായി. വെള്ളിവിലയും കൂടുകയാണ്. ഗ്രാമിന് രണ്ടുരൂപ ഉയർന്ന് 99 രൂപയിലാണ് ഇന്ന് വ്യാപാരം.
എന്തുകൊണ്ട് വീണ്ടും വില കൂടുന്നു?
റഷ്യക്കുള്ളിൽ കയറി അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിന് പിന്നാലെ, റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ കലുഷിതമാകുന്നതാണ് സ്വർണത്തിന് തിരിച്ചുകയറ്റത്തിനുള്ള ഊർജമാകുന്നത്. യുദ്ധം പോലുള്ള സാഹചര്യങ്ങൾ ആഗോള സാമ്പത്തികമേഖലയ്ക്ക് തിരിച്ചടിയാണ്. വ്യാപാരങ്ങളും നിക്ഷേപങ്ങളും തടസ്സം നേരിടും. ഇത് ഓഹരി, കടപ്പത്ര വിപണികളെയും ബാധിക്കും.
ഇത്തരം സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്കാണ്. നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് പിൻവാങ്ങി സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചേക്കേറും. വിലയും കൂടും. കഴിഞ്ഞവാരങ്ങളിൽ മുന്നേറ്റത്തിലായിരുന്ന യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി (കടപ്പത്ര) യീൽഡും നഷ്ടത്തിലേക്ക് വീണതും സ്വർണത്തിന് ഊർജമായി.
Image : Shutterstock/sasirin pamai
2025ൽ രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിക്കുമെന്ന പ്രമുഖ രാജ്യാന്തര ധനകാര്യ, അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനവും സ്വർണത്തിന് കരുത്തായിട്ടുണ്ട്. പുറമേ, ട്രംപ് വീണ്ടും അധികാരത്തിലേറുമ്പോൾ ആഗോളതലത്തിൽ വ്യാപാരയുദ്ധം കടുത്തേക്കുമെന്ന വിലയിരുത്തലുകളും സ്വർണത്തിന് നേട്ടമായി.
കുതിച്ചുകയറി രാജ്യാന്തരവില
കഴിഞ്ഞവാരം ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന രാജ്യാന്തരവില, ഇന്ന് 60 ഡോളറിലധികം കുതിച്ച് 2,625 ഡോളർ വരെയെത്തി. നിലവിൽ 2,623 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വിലക്കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്.
A saleswoman arranges a gold necklace inside a jewellery showroom in the southern Indian city of Kochi April 16, 2013. Gold futures in India, which hit the lowest level in more than 18 months on Tuesday, may stage a recovery as key technical indicators point to the yellow metal entering oversold territory, according to analysts. REUTERS/Sivaram V (INDIA – Tags: BUSINESS)
സ്വർണവില നിലവിലെ കുതിപ്പ് തുടരുകയും 2,650 ഡോളർ ഭേദിക്കുകയും ചെയ്താൽ ആ മുന്നേറ്റം 2,710 ഡോളർ വരെയെങ്കിലും ചെന്നെത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 57,000-58,000 രൂപ നിരക്കിലേക്ക് തിരിച്ചുകയറിയേക്കും.
പണിക്കൂലി ഉൾപ്പെടെ ഇന്നത്തെ വില
പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ), 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 61,180 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,648 രൂപയും. ഇന്നലെ പവന് 60,575 രൂപയും ഗ്രാമിന് 7,571 രൂപയുമേ ഉണ്ടായിരുന്നുള്ളൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി പൂർണമായും ഒഴിവാക്കുകയോ ഡിസ്കൗണ്ട് ലഭ്യമാക്കുകയോ ചെയ്യുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]