പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിൽ വ്യക്തത തേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാർ. ലയനം സംബന്ധിച്ച റിപ്പോർട്ടുകൾ ജീവനക്കാർക്കും ഇടപാടുകാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്കയായിട്ടുണ്ടെന്ന് കത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആൻഡ് ഓഫിസേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾക്കിടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.
ലാഭ വളർച്ചയിലും വായ്പാവളർച്ചയിലും മറ്റു ബാങ്കുകളേക്കാൾ ഏറെക്കാലമായി ബഹുദൂരം മുന്നിലെത്താനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ എസ്ബിഐയിൽ ലയിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, ഇക്കാര്യത്തിൽ ധനമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2026-27നകം ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്ര നീക്കം. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന ആലോചനയാണ് ഈ നീക്കത്തിനു പിന്നിൽ.
എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് സാധ്യത.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയും. ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്.
ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.
ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും. 2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്.
പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

