പ്രമുഖ വ്യവസായി എം.എ. യൂസഫലി (M.A. Yusuff Ali) നയിക്കുന്ന ലുലു ഗ്രൂപ്പിന് (Lulu Group) കീഴിലെ ലുലു റീട്ടെയ്ൽ ഹോൾഡിങ്സിന്റെ (Lulu Retail Holdings PLC/LULU) ഓഹരികൾ ലിസ്റ്റ് ചെയ്ത് മൂന്നാംദിനം നേട്ടത്തിന്റെ ട്രാക്കിലേറി. ഓഹരികൾ വാങ്ങിക്കൂട്ടാൻ യുഎഇ പൗരന്മാർ മത്സരിച്ചതോടെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്/ADX) ഇന്ന് മാത്രം കൈമാറ്റം ചെയ്യപ്പെട്ടത് ലുലു റീട്ടെയ്ലിന്റെ (LULU) 10.7 കോടിയോളം ഓഹരികൾ. 2.03 ദിർഹം വിലയിൽ ഇന്ന് വ്യാപാരം ആരംഭിച്ച ഓഹരി, ഒരുവേള 1.48% നേട്ടവുമായി 2.06 ദിർഹം വരെ ഉയർന്നു. വ്യാപാരാന്ത്യത്തിലുള്ളത് 0.99% ഉയർന്ന് 2.05 ദിർഹത്തിൽ.
ഇന്ന് എഡിഎക്സിൽ ഏറ്റവും സജീവമായ ഓഹരികളിൽ മുൻപന്തിയിലുമായിരുന്നു ലുലു. 22.01 കോടി ദിർഹം മതിക്കുന്ന ലുലു ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. വ്യാപാരമൂല്യത്തിൽ ഇന്ന് ലുലു രണ്ടാംസ്ഥാനത്തും കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുമാണ്.
ഇന്നത്തെ വ്യാപാരാന്ത്യപ്രകാരം 2,117.42 കോടി ദിർഹമാണ് (ഏകദേശം 48,700 കോടി രൂപ) ലുലു റീട്ടെയ്ലിന്റെ വിപണിമൂല്യം. ലിസ്റ്റിങ് വേളയിൽ ലുലു റീട്ടെയ്ലിന്റെ മൊത്തം പൊതു ഓഹരികളിൽ 76.91 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ കൈവശമുണ്ടായിരുന്നത്. ഇന്നത് 77.02 ശതമാനമായി ഉയർന്നു. യുഎഇ പൗരന്മാരുടെ കൈവശമുള്ള ഓഹരികൾ 9.87 ശതമാനത്തിൽ നിന്ന് 10.14 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. യുഎഇ പൗരന്മാർ വൻതോതിൽ ലുലു ഓഹരികൾ വാങ്ങിക്കുന്നുണ്ട്. മൊത്തം ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ ഓഹരിപങ്കാളിത്തം പക്ഷേ 12.82ൽ നിന്ന് 12.42 ശതമാനത്തിലേക്ക് കുറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം 0.41ൽ നിന്നുയർന്ന് 0.42 ശതമാനവുമായി.
ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു ലുലു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. യുഎഇ ഈ വർഷം സാക്ഷിയായ ഏറ്റവും വലിയ ഐപിഒ വഴി ലുലു സമാഹരിച്ചത് 172 കോടി ഡോളർ (14,520 കോടി രൂപ). മൊത്തം 3,700 കോടി ഡോളറിന്റെ (ഏകദേശം 3.12 ലക്ഷം കോടി രൂപ) സബ്സ്ക്രിപ്ഷൻ അപേക്ഷകളാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാരിതര സ്ഥാപനത്തിന് ലഭിച്ച ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷനാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]