റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ ട്രംപിന്റെ കൂടുതൽ പിന്തുണയും യുഎസിന്റെ അതിനൂതന ‘ടോമഹോക്ക്’ മിസൈലും സ്വന്തമാക്കാമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ മോഹത്തിന് കനത്ത തിരിച്ചടി. യുഎസിൽ നിന്ന് ദീർഘദൂര മിസൈൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ സെലൻസ്കിക്ക് നിരാശയോടെ പടിയിറങ്ങേണ്ടിവന്നു.
സെലൻസ്കി ആഗ്രഹിക്കുന്ന മിസൈൽ നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിയും തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്കുപോലും കടന്നുചെല്ലാൻ കരുത്തുള്ളതാണ് ഉഗ്രശേഷിയുള്ള ‘ടോമഹോക്ക്’ മിസൈലുകൾ. എന്നാൽ, യുദ്ധം അവസാനിപ്പിക്കേണ്ടതിനു പകരം കൂടുതൽ രൂക്ഷമാക്കാനാണ് സെലൻസ്കി ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചത് അദ്ദേഹത്തിന് വൻ തിരിച്ചടിയായി.
ഇതിനിടെ, റഷ്യ മുന്നോട്ടുവച്ച റഷ്യ-അലാസ്ക റെയിൽ ടണൽ പദ്ധതി കൊള്ളാമെന്നും ആലോചിക്കാമെന്നും ട്രംപ് പറഞ്ഞതും സെലൻസ്കിയെ വെട്ടിലാക്കി.
ട്രംപിന്റെ നീക്കത്തിൽ താൻ നിരാശനാണെന്ന് സെലൻസ്കി പറഞ്ഞു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിക്ക് മുന്നിലാണ് റഷ്യ ടണൽ പദ്ധതിക്കുള്ള പ്രൊപ്പോസൽ കൊണ്ടുവന്നത്.
റഷ്യയിലെ ച്യുകോട്ക (Chukotka) പ്രദേശത്തുനിന്ന് യുഎസിലെ അലാസ്ക വരെ കടലിനടിയിലൂടെയുള്ള തുരങ്കപദ്ധതിയാണിത്.
ബേറിങ് കടലിടുക്ക് വഴിയാണ് റഷ്യ പദ്ധതി ആസൂത്രണം ചെയ്യുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിക്ഷേപ പദ്ധതികളുടെ പ്രതിനിധി കിറിൽ ഡിമിത്രിയേവ് ആണ് പദ്ധതി മസ്കിന് മുന്നിലവതരിപ്പിച്ചത്.
പദ്ധതിക്ക് പാതിച്ചെലവ് റഷ്യ വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്. മസ്ക് പ്രതികരിച്ചിട്ടില്ല.
ഏകദേശം 100 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പദ്ധതി.
യാഥാർഥ്യമായാൽ യുഎസ്-റഷ്യ ബന്ധത്തിൽ വഴിത്തിരിവാകുമെന്നും കിറിൽ അഭിപ്രായപ്പെട്ടു. 65 ബില്യൻ ഡോളർ നിർമാണച്ചെലവാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ വിനിമയനിരക്ക് പ്രകാരം ഏകദേശം 5.8 ലക്ഷം കോടി രൂപവരും.
എന്നാൽ, ബോറിങ് കമ്പനിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചെലവ് 8 ബില്യനായി (70,000 കോടി രൂപ) ചുരുക്കാനാകുമെന്നും 8 വർഷം കൊണ്ട് ടണൽ യാഥാർഥ്യമാക്കാനാകുമെന്നും കിറിൽ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുട്ടിനുമായി വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അതിനുമുൻപായി റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
മൗനത്തിൽ മസ്ക്
അലാസ്ക-റഷ്യ റെയിൽ ടണലിനെ ‘‘പുട്ടിൻ-ട്രംപ്’’ പദ്ധതിയെന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. റഷ്യയുടെ പ്രൊപ്പോസലിനോട് മസ്ക് പ്രതികരിച്ചിട്ടില്ല.
മൈനസ് ഡിഗ്രി താപനിലയും അടിക്കടി ഭൂചലനങ്ങളുമുള്ള മേഖലയാണ് ബേറിങ് കടലിടുക്ക് എന്നതിനാൽ പദ്ധതി പ്രായോഗികമാണോയെന്ന ആശങ്കയുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതുവരെ ബോറിങ് കമ്പനി പ്രവർത്തിച്ചിട്ടുമില്ല.
മസ്കിന്റെ ഇലക്ട്രിക് വാഹനക്കമ്പനിയായ ടെസ്ലയ്ക്ക് റഷ്യയുമായി ഇപ്പോഴും ബന്ധങ്ങളുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.
റഷ്യൻ കമ്പനിയായ റൂസലിൽ നിന്നാണ് ടെസ്ല അലുമിനിയം വാങ്ങുന്നതെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. മസ്ക് 2022ൽ പുട്ടിനുമായി രഹസ്യചർച്ച നടത്തിയിരുന്നെന്ന് അടുത്തിടെ വോൾസ്ട്രീറ്റ് ജേർണലും റിപ്പോർട്ട് ചെയ്തിരുന്നു.
തായ്വാനിൽ മസ്കിന്റെ സ്റ്റാർലിങ്കിന്റെ പ്രവർത്തനം നിർത്തണമെന്ന് അടുത്തിടെ പുട്ടിൻ ചൈനയ്ക്കുവേണ്ടി മസ്കിനോട് ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ചൈനയുമായി ചർച്ച; ഓഹരിക്ക് നേട്ടം
വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎസ്-ചൈന പ്രതിനിധികൾ അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് വ്യക്തമാക്കിയത് ഓഹരികൾക്ക് നേട്ടമായി. ചൈനീസ് ഉപ പ്രധാനമന്ത്രി ഹി ലിഫെങ്ങുമായി ബെസ്സന്റ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ചയുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണിത്.
ട്രംപ് കഴിഞ്ഞദിവസം ചൈനയ്ക്കുമേൽ പ്രഖ്യാപിച്ച 100% അധികത്തീരുവ പ്രാബല്യത്തിൽ വരാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. യുഎസിൽ ബാങ്കുകൾ നേരിടുന്ന കിട്ടാക്കട
പ്രതിസന്ധി സാരമുള്ളതല്ലെന്ന വിലയിരുത്തലുകളും ഓഹരികൾക്ക് തിരിച്ചുകയറാനുള്ള ഊർജമായി. യുഎസിൽ എസ് ആൻഡ് പി 500 സൂചിക 0.53%, നാസ്ഡാക് 0.52%, ഡൗ ജോൺസ് 0.52% എന്നിങ്ങനെ ഉയർന്നു.
ഇടിഞ്ഞ് സ്വർണം, എണ്ണയും താഴേക്ക്
യുഎസ്-ചൈന വ്യാപാരയുദ്ധം ശമിച്ചേക്കുമെന്ന വിലയിരുത്തലും ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങളും രാജ്യാന്തര എണ്ണ, സ്വർണം വിലകളെ താഴേക്കുനയിച്ചു.
റഷ്യൻ എണ്ണയ്ക്കുമേലുള്ള നിയന്ത്രണങ്ങൾ മാറിയേക്കുമെന്ന വിലയിരുത്തലുകളെ തുടർന്നാണ് ക്രൂഡ് ഓയിൽ വില താഴുന്നത്. ഡബ്ല്യുടിഐ വില 57 ഡോളർ നിലവാരത്തിലും ബ്രെന്റ് വില 61 ഡോളർ നിലവാരത്തിലുമാണുള്ളത്.
ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണവിലയും താഴ്ന്നു.
ഒരുവേള ഔൺസിന് 4,400 ഡോളറിന് അടുത്തുവരെയെത്തിയ വില ഇന്നലെ 4,189 ഡോളർ വരെ കൂപ്പുകുത്തി. ഇപ്പോഴുള്ളത് 4,249 ഡോളറിൽ.
കേരളത്തിൽ ഇന്നുവില കുറഞ്ഞേക്കാം. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷകളാണ് സ്വർണവിലയുടെ കുതിപ്പിന് ‘താൽക്കാലികമായി’ തടയിട്ടത്.
യുഎസ് ഡോളർ ഇൻഡക്സ് 0.21% ഉയർന്ന് 98.54ലും 10 വർഷ യുഎസ് ട്രഷറി യീൽഡ് 0.041% ഉയർന്ന് 4.014 ശതമാനത്തിലും എത്തിയതും സ്വർണത്തിന് തിരിച്ചടിയായി.
സാഹചര്യം പ്രതികൂലമായതോടെ ലാഭമെടുപ്പ് തകൃതിയാവുകയും വില ഇടിയുകയുമായിരുന്നു. വെള്ളിവിലയും ഔൺസിന് റെക്കോർഡ് 54 ഡോളറിൽ നിന്ന് 51 ഡോളറിലേക്ക് താഴ്ന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]