തിരുവനന്തപുരം ∙ 571 കോടി രൂപയുടെ വരുമാന ലാഭം ഉണ്ടായിട്ടും അതിന്റെ ഇരട്ടിയിലധികം രൂപയുടെ നഷ്ടം രേഖപ്പെടുത്തി കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷന്. കമ്മിഷൻ ഇത് അംഗീകരിച്ചാൽ 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വലിയതോതിൽ വർധിക്കും.
മുൻകാലങ്ങളിൽ വൈദ്യുതി നിരക്കിലൂടെ തിരിച്ചു പിടിക്കാൻ കഴിയാത്ത നഷ്ടം 1676.02 കോടി രൂപയാണെന്നും 571.22 കോടി രൂപയുടെ വരുമാന ലാഭം കുറയ്ക്കുമ്പോൾ 1053.79 കോടി രൂപ നഷ്ടം റഗുലേറ്ററി ആസ്തിയായി കണക്കാക്കണമെന്നുമാണ് കെഎസ്ഇബിയുടെ വാദം.
കെഎസ്ഇബിയുടെ വരും വർഷങ്ങളിലെ വരവ്, ചെലവ് എസ്റ്റിമേറ്റിന് റഗുലേറ്ററി കമ്മിഷൻ മുൻകൂട്ടി അംഗീകാരം നൽകും. അതതു വർഷം അവസാനിക്കുമ്പോൾ ഈ എസ്റ്റിമേറ്റും യഥാർഥ വരവ്, ചെലവ് കണക്കും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി അംഗീകാരത്തിനായി കെഎസ്ഇബി അപേക്ഷ സമർപ്പിക്കും.
അതിലാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
2024 മാർച്ച് 31 വരെയുള്ള റഗുലേറ്ററി ആസ്തി 6645.30 കോടി രൂപയുണ്ട്. ഈ തുക 2031 മാർച്ച് 31 ന് മുൻപ് കെഎസ്ഇബിക്കു തിരിച്ചു കിട്ടുന്നവിധം വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനോടൊപ്പം 2024–25 ലെ നഷ്ടം കൂടി ചേർക്കുമ്പോൾ ആകെ നഷ്ടം 7699.09 കോടി രൂപയാകും. 2027 ഏപ്രിൽ മുതൽ പരിഷ്കരിക്കുന്ന വൈദ്യുതി നിരക്കിൽ ഇത്തരത്തിൽ തിരിച്ചു പിടിക്കേണ്ട
തുക കൂടി കൂട്ടിച്ചേർക്കുമ്പോൾ ഉപയോക്താക്കൾക്ക് യൂണിറ്റിന് ഒരു രൂപയിലധികം വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിന് അധിക വായ്പയെടുക്കാനുള്ള കേന്ദ്ര നിർദേശത്തിന്റെ ഭാഗമായി 2023–24 ലെ കെഎസ്ഇബിയുടെ ആകെ നഷ്ടത്തിന്റെ 90% ആയ 494.29 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതു കൂടി ചേർത്താണ് 2024–25 ൽ ലാഭം 571 കോടിയായത്.
ഇതിനു പുറമേ, കെഎസ്ഇബിക്കു വിവിധ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട കുടിശികയായ 718.02 കോടി രൂപയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
കെഎസ്ഇബി ലാഭം നേടുമ്പോഴും തിരിച്ചുപിടിക്കാൻ കഴിയാത്ത തുക നഷ്ടം കാണിക്കുന്നതിന്റെ കാരണങ്ങൾ കമ്മിഷൻ വിശദമായി പരിശോധിക്കും.
ചെലവു കുറച്ചു പ്രവർത്തന നഷ്ടം കുറയ്ക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇല്ലെങ്കിൽ ഉണ്ടാകുന്ന നഷ്ടം പൂർണമായും ഉപയോക്താക്കൾ വഹിക്കേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

