തിരുവനന്തപുരം ∙ പ്രവാസി മലയാളികൾക്കു ഗൾഫിലേക്കും തിരിച്ചും കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ കപ്പൽ സർവീസ് ആരംഭിക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനു തിരിച്ചടി. താൽപര്യമറിയിച്ച ചെന്നൈയിലെ കമ്പനി സർവീസിനായി കണ്ടെത്തിയ കപ്പൽ 40 വർഷത്തിലേറെ പഴക്കമുള്ളത്.
സുരക്ഷ സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ ഹാജരാക്കാൻ കേന്ദ്ര ഷിപ്പിങ് കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി നൽകിയില്ല.
വിമാനക്കമ്പനികൾ ഗൾഫ് യാത്രക്കൂലി അന്യായമായി വർധിപ്പിക്കുന്നതിനു തടയിടാനാണ്, വിമാനയാത്രയ്ക്കു പകരമാകില്ലെങ്കിലും കേരളം കപ്പൽ സർവീസിനെക്കുറിച്ച് ആലോചിച്ചത്. ഗൾഫ് മലയാളികളുടെയും ദീർഘകാല ആവശ്യമായിരുന്നു ഇത്.
താൽപര്യപത്രം ക്ഷണിച്ചപ്പോൾ 3 കമ്പനികൾ എത്തിയെങ്കിലും ചെന്നൈയിലെ കമ്പനിയുമായുള്ള ചർച്ചയാണു മുന്നോട്ടുപോയത്.
കപ്പൽ വാടകയ്ക്കെടുത്തു കമ്പനി സ്വന്തംനിലയ്ക്കു സർവീസ് നടത്തണം. ടിക്കറ്റ് സബ്സിഡി ഉൾപ്പെടെയുള്ള ധനസഹായം സർക്കാർ നൽകും.
കേന്ദ്ര സർക്കാരിനുവേണ്ടി ഷിപ്പിങ് കോർപറേഷനും സംസ്ഥാന സർക്കാരിനു വേണ്ടി കേരള മാരിടൈം ബോർഡും ചെന്നൈയിലെ കമ്പനിയുമായി ചർച്ച നടത്തി. കപ്പൽ കണ്ടെത്തി മാരിടൈം ബോർഡ് വഴി അപേക്ഷിച്ചാൽ ഏറ്റവും വേഗത്തിൽ ലൈസൻസ് നൽകാമെന്നു ഷിപ്പിങ് കോർപറേഷൻ ഉറപ്പുനൽകി.
2 മാസം മുൻപ് ഷിപ്പിങ് കോർപറേഷൻ അധികൃതർക്കു മുൻപിൽ വിശദാംശങ്ങൾ അവതരിപ്പിച്ചപ്പോഴാണ്, കണ്ടെത്തിയ കപ്പലിന് 40 വർഷം പഴക്കമുണ്ടെന്നു വ്യക്തമാക്കിയത്.
ലൈസൻസ് നൽകുന്നത് ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ്ങിന്റെ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ്. ഇതിനുള്ള സാങ്കേതിക വിവരങ്ങളാണു കമ്പനി നൽകാത്തത്.
കപ്പലിന്റെ കാലപ്പഴക്കം മൂലം അനുമതി കിട്ടാൻ എളുപ്പമല്ലെന്നു ഷിപ്പിങ് കോർപറേഷനും സൂചന നൽകി. പദ്ധതി നടപ്പാകാത്ത സ്ഥിതിക്ക് ഈ മേഖലയിൽ മാരിടൈം ബോർഡ് വിശദമായ പഠനം നടത്തും.
ഉയരാതെ വിമാന പദ്ധതിയും
പ്രവാസികൾക്കുവേണ്ടി തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാന സർവീസ് ആരംഭിക്കാൻ നോർക്ക വഴി നടത്തിയ നീക്കം അടുത്തിടെ സർക്കാർ ഉപേക്ഷിച്ചിരുന്നു.
വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചർച്ച നടത്തിയെങ്കിലും, രാജ്യങ്ങൾ തമ്മിലുള്ള കരാറിനെയും വിമാനക്കമ്പനികളുടെ വരുമാനത്തെയും ബാധിക്കുമെന്നതിനാൽ കേന്ദ്രാനുമതി ലഭിക്കില്ലെന്നു ബോധ്യപ്പെട്ടതോടെയായിരുന്നു പിൻമാറ്റം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]