ആഗോളതലത്തിൽ ആശങ്കപടർത്തി യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി. രണ്ട് കമ്പനികൾ പാപ്പരത്ത ഹർജി (ബാങ്ക്റപ്റ്റ്സി) ഫയൽ ചെയ്തതോടെ മുൻനിര ബാങ്കുകളുടെ ഓഹരികൾ കൂട്ടത്തകർച്ചയിലായി.
യുഎസ് ഓഹരി വിപണികളും നഷ്ടത്തിലേക്ക് വീണു. ഏഷ്യൻ വിപണികളിലും പ്രതിഫലനം ആഞ്ഞടിക്കുന്നുണ്ട്.
വാഹനഘടക നിർമാതാക്കളായ ഫസ്റ്റ് ബ്രാൻഡ്സ്, ട്രൈകളർ ഹോൾഡിങ്സ് എന്നിവയാണ് പാപ്പർ ഹർജിയുമായി കോടതിയിലെത്തിയത്.
ഇവർക്ക് നൽകിയ വായ്പ ഇതോടെ തുലാസിലായത് കിട്ടാക്കടമാകുമെന്ന പേടി ബാങ്കിങ് ഓഹരികളിൽ കനത്ത വിറ്റൊഴിയൽ സമ്മർദത്തിന് വഴിവച്ചു. പ്രമുഖ നിക്ഷേപ ബാങ്കിങ് സ്ഥാപനങ്ങളായ ജെഫറീസ്, ജെപി മോർഗൻ, യുബിഎസ് എന്നിവ അടക്കം ഇവയ്ക്ക് വായ്പ നൽകിയിട്ടുണ്ട്.
അതാണ്, നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തിയതും.
ജെഫറീസിന്റെ ഓഹരിവില ഇടിഞ്ഞത് 10 ശതമാനത്തിലധികം. ജെപി മോർഗൻ, യുബിഎസ്, സയോൺസ് ബാൻകോർപറേഷൻ, വെസ്റ്റേൺ അലയൻസ് ബാൻകോർപ് എന്നിവ 13% വരെയും വീണു.
എസ്പിഡിആർ എസ് ആൻഡ് പി റീജണൽ ബാങ്കിങ് ഇടിഎഫ് 6% താഴേക്കുപോയി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി മുൻപും ആഗോളതലത്തിൽ കനത്ത ആശങ്ക പടർത്തിയിട്ടുണ്ട്.
2008-09ൽ ആഗോള സാമ്പത്തികമാന്ദ്യത്തിന് വഴിവച്ചതും യുഎസിലെ ബാങ്കിങ് പ്രതിസന്ധിയായിരുന്നു. 2008-09ലേതിന് സമാനമായ ആഴമില്ലെങ്കിലും നിലവിലെ പ്രതിസന്ധിയും ഓഹരികളെ അലട്ടുന്നുവെന്നാണ് കൂട്ടത്തോടെയുള്ള വിൽപനസമ്മർദം വ്യക്തമാക്കുന്നത്.
ചുവപ്പണിഞ്ഞ് വിപണി, ആഞ്ഞടിച്ച് ചൈന
യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി500, ഡൗ ജോൺസ് എന്നിവ 0.65 ശതമാനം വരെയും നാസ്ഡാക് 0.47 ശതമാനവും ഇടിഞ്ഞു.
ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, നാസ്ഡാക് 100, എസ് ആൻഡ് പി എന്നിവ 0.3% വരെയും നഷ്ടം രേഖപ്പെടുത്തി.
യുഎസ്-ചൈന വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകുന്നതും ഓഹരികളെ ആശങ്കപ്പെടുത്തുന്നു. റെയർ എർത്ത് സംബന്ധിച്ച് ഇല്ലാത്ത പ്രശ്നങ്ങളാണ് യുഎസ് കുത്തിപ്പൊക്കുന്നതെന്ന ആരോപണവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.
റെയർ എർത്ത് കയറ്റുമതി നിയന്ത്രണവുമായി ചൈന മുന്നോട്ടുപോയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
എണ്ണ താഴേക്ക്, പൊന്ന് മേലോട്ട്
യുഎസ് പ്രസിഡന്റ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതും ഹംഗറിയിൽവച്ച് പുട്ടിനുമായി വൈകാതെ ചർച്ച നടത്താൻ ട്രംപ് തീരുമാനിച്ചതും റഷ്യ-യുക്രെയ്ൻ യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച തീരുമാനിച്ചതിനു പിന്നാലെ രാജ്യാന്തര എണ്ണവില ഇടിയുകയും ചെയ്തു.
പുട്ടിനുമായുള്ള ചർച്ച വിജയിച്ചാൽ, റഷ്യൻ എണ്ണയ്ക്കുമേൽ യുഎസും യൂറോപ്പും കൊണ്ടുവന്ന നിയന്ത്രണങ്ങൾ മാറും. വിപണിയിലേക്ക് എണ്ണ വലിയതോതിൽ എത്തുകയും ചെയ്യും.
ഇതാണ് വിലയെ താഴേക്ക് നയിച്ചത്.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 57 ഡോളറിലേക്കും ബ്രെന്റ് വില 60 ഡോളറിലേക്കും താഴ്ന്നു. സ്വർണവില കത്തിക്കയറ്റം തുടരുകയാണ്.
രാജ്യാന്തരവില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 4,300 ഡോളർ കടന്നു. ഒരുഘട്ടത്തിൽ ഒറ്റയടിക്ക് 180 ഡോളറിലധികം ഉയർന്ന് വില 4,378.98 ഡോളർ വരെയെത്തി.
4,341 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ ഇന്നലെ വില മാറിയിരുന്നില്ല.
ഇന്ന് പക്ഷേ, കുത്തനെ കൂടും.
നിരാശയിൽ ഏഷ്യ, ഇന്ത്യയ്ക്കും ഭീതി
യുഎസ് ഓഹരി വിപണികളുടെ വീഴ്ചയും ചൈന-യുഎസ് വ്യാപാരപ്പോരും ഏഷ്യൻ ഓഹരി വിപണികളെയും സമ്മർദത്തിലാക്കി. ജാപ്പനീസ് നിക്കേയ് 0.77%, ഷാങ്ഹായ് 0.88%, ഹോങ്കോങ് 1.45% എന്നിങ്ങനെ ഇടിഞ്ഞു.
ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 50 പോയിന്റ് നഷ്ടത്തിലായി. ഇന്നലെ നിഫ്റ്റി 262 പോയിന്റും (+1.03%) സെൻസെക്സ് 862 പോയിന്റും (+1.04%) കയറിയിരുന്നു.
ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങാനാണ് സാധ്യത.
∙ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ ടെക്നോളജീസ്, ജെഎസ്ഡബ്ല്യു എനർജി, ജെഎസ്ഡബ്ല്യു സ്റ്റീൽ, പോളിക്യാബ് ഇന്ത്യ, സിയറ്റ്, സെൻട്രൽ ബാങ്ക്, ആർഇസി, ഹിന്ദുസ്ഥാൻ സിങ്ക്, യൂകോ ബാങ്ക് തുടങ്ങിയ പ്രമുഖരുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്ന് പുറത്തുവരും.
∙ ഇൻഫോസിസ് ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു. ലാഭം 13.2% ഉയർന്നു.
വരുമാനം രൂപയിൽ 8.6 ശതമാനവും വർധിച്ചു. 2025-26ൽ 2-3% വരുമാനവർധനയാണ് കമ്പനി വിലയിരുത്തുന്നത്.
വിപ്രോയുടെ ലാഭവർധന 1.2 ശതമാനമാണ്. വരുമാനം 1.8% ഉയർന്നു.
∙ ജിയോ ഫിനാൻഷ്യൽ ലാഭത്തിൽ 0.9%, വരുമാനത്തിൽ 41.5% എന്നിങ്ങനെ വർധന നേടി.
ഇൻഡസ്ഇൻഡ് ബാങ്കിന് കുരുക്ക്
ഇൻഡസ്ഇൻഡ് ബാങ്കിനുമേൽ വീണ്ടും കുരുക്ക് മുറുകുകയാണ്.
ബാലൻസ്ഷീറ്റിൽ 255 കോടി രൂപയുടെ കൂടി കൃത്രിമക്കണക്ക് ഫോറൻസിക് ഓഡിറ്റിങ് സ്ഥാപനമായ ഗ്രാന്റ് തോർട്ടൺ ഇന്ത്യ കണ്ടെത്തി. ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിലെ ക്രമക്കേടുകൾ വഴി 1,979 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ബാങ്ക് നേരത്തേ സമ്മതിച്ചിരുന്നു.
ബാലൻസ്ഷീറ്റ് പെരുപ്പിച്ച് കാണിക്കാനായി നേരത്തേയും കൃത്രിമക്കണക്കുകൾ ബാങ്ക് കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം പൊലീസ് അന്വേഷണവും നടക്കുകയാണ്.
രൂപയുടെ ശക്തി
രൂപ ഇന്നലെയും ഡോളറിനെതിരെ 12 പൈസ ഉയർന്ന് 87.96ൽ എത്തി.
യുഎസ് ഡോളർ ലോകത്തെ മറ്റ് കറൻസികൾക്കെതിരെ നേരിടുന്ന തളർച്ചയാണ് രൂപയ്ക്കും നേട്ടമാകുന്നത്. ഓഹരി വിപണികളുടെ മികച്ച പ്രകടനവും കരുത്തായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]