രണ്ടു ദിവസമായി നടക്കുന്ന, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ നയാവലോകന യോഗത്തിൽ അടിസ്ഥാന പലിശ നിരക്കു കുറച്ച്, വീണ്ടും നിരക്കു കുറയ്ക്കൽ പരമ്പരയ്ക്കു തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകവിപണികൾ. 2024 ഡിസംബറിൽ 4.75%ൽനിന്ന് 4.50%ലേക്ക് കുറച്ച ഫെഡ് നിരക്ക് 4.50%ൽനിന്ന് 25 ബേസിസ് പോയിന്റുകൾ കുറച്ച് 4.25%ലേക്ക് എത്തിക്കുമെന്നാണ് പരക്കെയുള്ള അനുമാനം.
50 അടിസ്ഥാന നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ട്രംപിന്റെ സൂത്രപ്പണികളുടെ അനന്തരഫലമായി, പ്രതീക്ഷിക്കുന്നതിലും താഴെ നിരക്ക് കുറച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ.
മാർട്ടിൻ പാട്രിക് പറയുന്നു. സ്വർണവും ബിറ്റ്കോയിനുമൊക്കെ മുന്നേറുമെന്നു മാത്രമല്ല, ഡോളർ കുത്തനെ ഇടിയാനും രൂപ തകർച്ച കൈവിടാനും സാധ്യതയേറെയാണെന്ന് അദ്ദേഹം പറയുന്നു.
പുതിയ ഫെഡ് നിരക്കു നയിക്കും
ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷയിൽ ഇതിനകം നേട്ടമെടുത്ത ഓഹരി വിപണി, നിരക്ക് കുറക്കാതിരുന്നാൽ എന്തു സംഭവിക്കുമെന്നും നിരക്ക് കുറയ്ക്കലിന്റെ തോത് എങ്ങനെയായിരിക്കാമെന്നുമാണ് കാത്തിരിക്കുന്നത്.
എന്തായാലും ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങളും പുതിയ ഫെഡ് നിരക്കുമായിരിക്കും ഇനി വിപണികളെ നയിക്കുക.
ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷയിൽ ഡോളർ വീണത്, റെക്കോർഡ് തകർച്ച കുറിച്ച ഇന്ത്യൻ രൂപക്ക് ആശ്വാസമായി. നിരക്ക് പ്രതീക്ഷിച്ച പോലെ കുറയ്ക്കാതിരുന്നാൽ ഡോളറും ബോണ്ട് യീൽഡും തിരിച്ചു കയറും.
ഇത് രൂപയ്ക്കു മാത്രമല്ല ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കും തിരിച്ചടിയായേക്കുമെന്ന് ഓഹരി വിദഗ്ധൻ അഭിലാഷ് പുറവന്തുരുത്തിൽ പറയുന്നു.
ട്രംപ് താരിഫുകൾ അമേരിക്കൻ പണപ്പെരുപ്പം വർധിപ്പിച്ചേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് ഫെഡ് നിരക്ക് കുറയ്ക്കുന്നതിനെ ഫെഡ് ചെയർമാൻ ജെറോം പവലും കൂട്ടരും എതിർത്തിരുന്നതെങ്കിലും പണപ്പെരുപ്പം അനുമാനത്തിനൊപ്പം നിന്നതും ഫെഡ് റിസേർവ് നിരക്ക് കുറയ്ക്കൽ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
ഫെഡ് നിരക്ക് കുറപ്പിക്കാൻ ട്രംപ്
ഇറക്കുമതി തീരുവ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമടക്കം ധാരാളം കമ്പനികൾ അമേരിക്കയിൽ ഉൽപാദനം ആരംഭിക്കുമെന്നും അപ്പോൾ പലിശ നിരക്കിലെ കുറവ് അവയുടെ വായ്പലഭ്യത എളുപ്പമാക്കുകയും ഉൽപാദനം വിപുലപ്പെടുത്തി സമ്പദ് വ്യവസ്ഥയെ ശക്തമാക്കുമെന്നും ട്രംപും അനുകൂലികളും വാദിക്കുന്നു. ഇതിൽ ഏതാണ് ഇന്ന് സംഭവിക്കുകയെന്നറിയാൻ ഫെഡ് റിസർവിന്റെ പ്രഖ്യാപനങ്ങൾക്കായി കാതോർക്കുകയാണ് ലോകം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]