ന്യൂഡൽഹി∙ വ്യക്തിഗത ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് ബാധകമായ 18% ജിഎസ്ടി ഒഴിവായെങ്കിലും ഇൻഷുറൻസ് കമ്പനികൾ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകില്ല. കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) എടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) ഇന്നലെ വ്യക്തമാക്കി.
ദൈനംദിന പ്രവർത്തനങ്ങൾക്കായി കമ്പനി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും (ഓഫിസ് വാടക അടക്കം) അടയ്ക്കുന്ന ജിഎസ്ടി ക്ലെയിം ചെയ്യാനുള്ള സംവിധാനമാണ് ഐടിസി.
കമ്പനികൾക്ക് അടച്ച നികുതി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ നിന്ന് തട്ടിക്കിഴിക്കാമായിരുന്നു. അതിനു ശേഷം ബാക്കിയുള്ള നികുതി മാത്രം സർക്കാരിലേക്ക് അടച്ചാൽ മതി.
സെപ്റ്റംബർ 22നു ശേഷം ഇത് സാധിക്കാതെ വരുമെന്നതിനാൽ കമ്പനികളുടെ ചെലവ് കൂടാം.
അതുകൊണ്ട് അടിസ്ഥാന പ്രീമിയം നിരക്കിലെ ഇളവ് ജനങ്ങൾക്കു പൂർണമായും ലഭിക്കാതെ വരാമെന്നും ആശങ്കയുണ്ട്. അടിസ്ഥാന പ്രീമിയം നിരക്ക് കൂട്ടാനുമുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
സെപ്റ്റംബർ 22 മുതൽ 7,500 രൂപയ്ക്ക് താഴെ പ്രതിദിന വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12 ശതമാനത്തിനു പകരം 5 ശതമാനമേ നികുതി വാങ്ങാവൂ.
ഇവിടെയും ഹോട്ടലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. ഇതുവരെ 12 ശതമാനത്തിനൊപ്പം ഐടിസി ആനുകൂല്യവും ലഭ്യമായിരുന്നു.
ജിംനേഷ്യം, സലൂൺ, യോഗ സെന്ററുകൾ എന്നിവയ്ക്കും പുതിയ നിബന്ധന ബാധകമാണ്.
സെപ്റ്റംബർ 22നു ശേഷം ഐടിസി ആനുകൂല്യമടക്കം 18 ശതമാനമെന്ന ഉയർന്ന നിരക്ക് ഈ സേവനങ്ങൾക്ക് ചുമത്താൻ കഴിയില്ലെന്നും സിബിഐസി വ്യക്തമാക്കി.
മറ്റ് സംശയങ്ങളും ഉത്തരങ്ങളും ∙ നിലവിൽ വിപണിയിലുള്ള മരുന്നുകളുടെ വില?
മരുന്നുകമ്പനികൾ ചില്ലറ വിൽപന വില പരിഷ്കരിക്കണം. എന്നാൽ നിലവിൽ കടകളിലുള്ള മരുന്നുകൾ തിരികെ വിളിച്ച് പുതിയ വില പതിപ്പിക്കേണ്ടത് നിർബന്ധമല്ല.
പകരം പുതുക്കിയ വില രേഖപ്പെടുത്തിയ പട്ടിക കടകളിലും പത്ര മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണം. പുതിയ വില പതിപ്പിക്കാനായി മരുന്നുകൾ തിരിച്ചുവിളിക്കുകയാണെങ്കിൽ, അത് മരുന്നുക്ഷാമത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കണം.
∙ ഇൻഷുറൻസ് ജിഎസ്ടി ഇളവ് ആർക്കൊക്കെ?
വ്യക്തിഗത ലൈഫ്, ആരോഗ്യ ഇൻഷുറൻസുകൾക്ക് മാത്രം. ഒരാൾ തനിക്കു വേണ്ടിയോ, കുടുംബത്തിനു മൊത്തമോ ആയി എടുക്കുന്ന പോളിസികൾക്കും 18% ജിഎസ്ടി ഒഴിവാകും.
ഗ്രൂപ്പ് ഇൻഷുറൻസുകൾക്ക് ഇളവില്ല. ∙ ഇഷ്ടികയുടെ ജിഎസ്ടിയിൽ മാറ്റമുണ്ടോ?
സാൻഡ് ലൈം ബ്രിക്കിന്റെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.
ബാക്കിയെല്ലാത്തരം ഇഷ്ടികയുടെയും ജിഎസ്ടി 2022ൽ പ്രത്യേകമായി അംഗീകരിച്ച 6% (ഐടിസി അടക്കം), 12% (ഐടിസി ഇല്ലാതെ) തന്നെ ബാധകമായിരിക്കും. ഇതിൽ മാറ്റമില്ല.
∙ ഏതുതരം ഡ്രോണുകൾക്കാണ് നികുതിയിളവ്?
വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ഡ്രോണുകൾക്ക് 18 ശതമാനവും ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾക്ക് 18 ശതമാനവും മറ്റുള്ളവയ്ക്ക് 5 ശതമാനവുമായിരുന്നു നിലവിലെ ജിഎസ്ടി. പുതിയ തീരുമാനമനുസരിച്ച് എല്ലാ ഡ്രോണുകൾക്കും നിരക്ക് 5 ശതമാനമാകും.
∙ ഡിസ്കൗണ്ട് തുകയും ജിഎസ്ടിയും തമ്മിൽ?
വിൽപന പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് നിർമാതാക്കൾ ഡീലർമാർക്ക് നൽകുന്ന ഡിസ്കൗണ്ടിന് ജിഎസ്ടി ബാധകമല്ല. എന്നാൽ കോ–ബ്രാൻഡിങ്, പരസ്യ ക്യാംപെയ്നുകൾ എന്നിവയ്ക്കായി നിർമാതാക്കളും ഡീലർമാരും തമ്മിൽ ധാരണയുണ്ടാക്കിയ ശേഷമാണ് ഈ ഡിസ്കൗണ്ട് എങ്കിൽ ജിഎസ്ടി ബാധകമായിരിക്കും.
ജിഎസ്ടി: വിലക്കിഴിവ് പ്രദർശിപ്പിക്കണം
ജിഎസ്ടി നിരക്ക് പരിഷ്കരണത്തെത്തുടർന്നുണ്ടാകുന്ന വിലക്കിഴിവു വ്യക്തമായി പ്രദർശിപ്പിക്കുകയും പരസ്യം ചെയ്യുകയും വേണമെന്ന് വാണിജ്യ മന്ത്രാലയം രാജ്യത്തെ ചില്ലറ വിൽപന ശൃംഖലകൾക്കു നിർദേശം നൽകി.
റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കാണ് വ്യവസായ- വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്.
ഉപയോക്താക്കൾക്ക് നൽകുന്ന ബില്ലിൽ ജിഎസ്ടി കിഴിവ് എത്രയെന്ന് വ്യക്തമാക്കണം.
ജിഎസ്ടി പരിഷ്കാരം വഴിയുള്ള വിലക്കുറവ് പത്ര, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണം.വിലക്കുറവിന്റെ ആനുകൂല്യം കൃത്യമായി ജനങ്ങളിലേക്കെത്തുന്നുണ്ടോയെന്നു വാണിജ്യ മന്ത്രാലയം പരിശോധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]