
ഇറക്കുമതിച്ചുങ്കം (Tariffs) ആയുധമാക്കി ലോക രാജ്യങ്ങളെയാകെ വിരട്ടുന്നതിനിടെ യുഎസിന് സ്വന്തം രാജ്യത്തു നിന്നുതന്നെ കനത്ത അടി. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody’s) യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ (AAA) എന്നതിൽ നിന്ന് ഒരുപടി താഴ്ത്തി ‘എഎ1’ (Aa1) ആക്കി. 1917നുശേഷം ആദ്യമായാണ് മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് (Credit Rating) താഴ്ത്തുന്നത്. യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക ഭദ്രതയ്ക്കു നൽകുന്ന റേറ്റിങ്ങാണ് കുറച്ചത്.
എഎഎ റേറ്റിങ് എന്നത് സർക്കാരിന്റെ സമ്പദ്സ്ഥിതി ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇത്തരം ഉയർന്ന റേറ്റിങ് ഉള്ള രാജ്യങ്ങൾ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യവുമാണെന്നാണ് വിലയിരുത്തൽ. കടമെടുത്താൽ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷി ഗവൺമെന്റിനുണ്ടെന്നും ഈ റേറ്റിങ് വ്യക്തമാക്കുന്നു. ഇതിൽ നിന്നാണ് യുഎസിന്റെ റേറ്റിങ് മൂഡീസ് താഴ്ത്തിയതെന്നത് പ്രസിഡന്റ് ട്രംപിനും (Donald Trump) വൻ അടിയായിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യുഎസ് ഗവൺമെന്റിന്റെ കടം കുത്തനെ കൂടിയെന്നും കടത്തിന്മേലുള്ള പലിശഭാരം അസഹനീയമായി വർധിച്ചെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ കടമെടുക്കാനാവാത്ത വിധം ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വഷളാവുകയാണെന്നും മൂഡീസ് പറയുന്നു. ഏകദേശം 36.2 ട്രില്യൻ (ലക്ഷം കോടി) ഡോളറിന്റെ കടത്തിലാണ് നിലവിൽ യുഎസ് ഗവൺമെന്റ്. സുമാർ 3,000 ലക്ഷം കോടി രൂപ.
ഒക്ടോബർ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ നീളുന്നതാണ് യുഎസിന്റെ സാമ്പത്തികവർഷം (fiscal year). നടപ്പുവർഷം ഇതുവരെ മാത്രം യുഎസ് ഗവൺമെന്റിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം/fiscal deficit) 1.05 ട്രില്യൻ ഡോളറാണ് (89 ലക്ഷം കോടി രൂപ). മുൻവർഷത്തെ സമാനകാലത്തേക്കാൾ 13% അധികം. ആഭ്യന്തര നികുതികളും സർക്കാർ ജോലികളും വെട്ടിക്കുറയ്ക്കാനുള്ള നീക്കം 4 ലക്ഷം കോടി ഡോളറിന്റെ (340 ലക്ഷം കോടി രൂപ) അധിക ധനക്കമ്മിക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും മൂഡീസ് നൽകിയിട്ടുണ്ട്.
2024ലെ കണക്കുപ്രകാരം യുഎസിന്റെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്. 2035ൽ ഇത് 9 ശതമാനത്തിലേക്ക് കുത്തനെ കൂടും. മൊത്തം കടം (total debt) 2024ലെ 98 ശതമാനത്തിൽ നിന്ന് 2035ൽ ജിഡിപിയുടെ 134 ശതമാനമായും കൂടും. ഗവൺമെന്റിന്റെ വരുമാനത്തിലെ ഇടിവ്, ഇതു കണക്കിലെടുക്കാതെയുള്ള അമിത ചെലവ്, പലിശ തിരിച്ചടവിലുണ്ടാകുന്ന വളർച്ച എന്നിവയാണ് തിരിച്ചടിയാകുകയെന്നും മൂഡീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ യുഎസിന്റെ ജിഡിപി വളർച്ചനിരക്ക് (US GDP) നെഗറ്റീവ് 0.3 ശതമാനത്തിലേക്ക് വീണിരുന്നു. തൊട്ടുമുൻപാദത്തിലെ പോസിറ്റിവ് 2.4 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച.
നേരത്തെയും മുന്നറിയിപ്പ്
യുഎസിന്റെ ട്രിപ്പിൾ എ റേറ്റിങ് തുലാസിലാണെന്ന് 2023ൽ തന്നെ മൂഡീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കടം പെരുകുന്നതും പലിശഭാരം കുമിയുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അത്. യുഎസ് ഗവൺമെന്റിന്റെ ക്രെഡിറ്റ് റേറ്റിങ് ഏറെ വൈകി വെട്ടിക്കുറച്ച ഏജൻസിയാണ് മൂഡീസ്. മറ്റ് പ്രമുഖ റേറ്റിങ് എജൻസികളായ എസ് ആൻഡ് പി (Standard&Poor’s) 2011ൽ തന്നെ എഎഎ എന്നതിൽ നിന്ന് എഎ+ ആയി കുറച്ചിരുന്നു. ഫിച്ച് റേറ്റിങ്സ് (Fitch Ratings) 2023ലും എഎഎ റേറ്റിങ് എഎ+ ആയി താഴ്ത്തി.
മാറിമാറിവന്ന ഗവൺമെന്റുകളും യുഎസ് കോൺഗ്രസും യുഎസിന്റെ കടബാധ്യതയും പലിശച്ചെലവും പെരുകുന്നത് തടയാൻ പരാജയപ്പെട്ടെന്ന് മൂഡീസിന്റെ റിപ്പോർട്ടിലുണ്ട്. യുഎസ് സമ്പദ്വ്യവസ്ഥയ്ക്കുള്ള ‘സുസ്ഥിരം’ (stable) എന്ന റേറ്റിങ് ‘നെഗറ്റീവ്’ (negative) ആയും മൂഡീസ് താഴ്ത്തിയിട്ടുണ്ടെന്നത് തിരിച്ചടിയാണ്. കടം കൂടുമെന്നത് പരിഗണിക്കാതെ വാരിക്കോരി ചെലവുകൾ നടത്താനും നികുതികൾ ഒഴിവാക്കാനും ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിനുള്ള അപായസൂചനയാണ് മൂഡീസിന്റെ നടപടിയെന്ന് ഡെമോക്രാറ്റുകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 2017ലെ നികുതി ഇളവ് നിയമം വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്രംപ്. അതുലക്ഷ്യം കണ്ടാൽ യുഎസിന്റെ കടം വീണ്ടും കുതിച്ചുകയറും.
ഓഹരി വിപണികളെ ബാധിക്കുമോ?
ട്രംപ് തുടക്കമിട്ട നിലവിലെ താരിഫ് പ്രശ്നങ്ങൾ തന്നെ യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും ഓഹരി വിപണികളെ കാര്യമായി തന്നെ ഉലച്ചിട്ടുണ്ട്. താരിഫിൽ ചൈനയും ഇന്ത്യയുമുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ട്രംപ് സമവായത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടില്ല. ഉപഭോക്തൃവിപണിയിലെ തളർച്ച ഉൾപ്പെടെ യുഎസ് സമ്പദ്വ്യവസ്ഥ നിലവിൽ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് മിന്നൽ പ്രഹരമെന്നോണം മൂഡീസിന്റെ റേറ്റിങ് കുറയ്ക്കൽ നടപടി.
ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാൽ ഇവിടെ മുൻതൂക്കം അവർക്ക് കടം കൊടുക്കുന്നവർക്ക് കിട്ടും. അതായത്, ഗവൺമെന്റ് ഇറക്കുന്ന കടപ്പത്രങ്ങൾ വാങ്ങാനെത്തുന്ന നിക്ഷേപകർ കൂടുതൽ പലിശ ആവശ്യപ്പെടും. അതേസമയം, കടപ്പത്രങ്ങളുടെ വില താഴുകയും ചെയ്യും.
കടപ്പത്ര വിലയും പലിശനിരക്കും വിപരീത ദിശയിലാണ് എപ്പോഴും സഞ്ചരിക്കുക. അതായത്, നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് കടപ്പത്രം വാങ്ങാനും കൂടുതൽ പലിശ ആവശ്യപ്പെടാനും നിക്ഷേപകർക്ക് കഴിയുമെന്നത് ട്രംപ് ഭരണകൂടത്തിന് കനത്ത ക്ഷീണമാണ്. മൂഡീസിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്/പലിശ/10-year yield) 4.48 ശതമാനത്തിലേക്ക് ഉയർന്നു.
നല്ലതും പറഞ്ഞിട്ടുണ്ട്
മൂഡീസിന്റെ റിപ്പോർട്ടിൽ യുഎസിനെ കുറിച്ച് നല്ലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒന്ന്, ഡോളറിന്റെ ആഗോള റിസർവ് കറൻസി സ്റ്റാറ്റസാണ്. 85,812 ഡോളറിന്റെ ആളോഹരി ജിഡിപിയാണ് (GDP per capita – 2024) മറ്റൊരു കരുത്ത്. മറ്റൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ശക്തമായ പണനയം.
ഇറാൻ, ഒമാബ ബന്ധം: മൂഡീസിനെ തള്ളി ട്രംപ് ഭരണകൂടം
ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂഡീസിന്റെ നടപടി വെറും രാഷ്ട്രീയമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. മൂഡീസിന്റെ റിപ്പോർട്ടിനെ ഗൗനിക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. മൂഡീസിന്റെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി (Mark Zandi) പണ്ടേ ട്രംപ് നയങ്ങളുടെ വിമർശകനാണെന്നും ഇറാനിയൻ-അമേരിക്കൻ വംശജനായ സാൻഡി, നേരത്തെ ഒബാമയുടെ ഉപദേശകനും ക്ലിന്റന്റെ സാമ്പത്തികസഹായിയും ആയിരുന്നെന്നും ട്രംപ് ഭരണകൂട വക്താവ് സ്റ്റീവൻ ചുങ് (Steven Cheung) എക്സിൽ പ്രതികരിച്ചു. മൂഡീസിന്റെ റിപ്പോർട്ടിനെ ആരും കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: