
ലോകം അസാധാരണവും അപൂര്‍വവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ അമേരിക്ക സംരക്ഷണവാദത്തിലേക്ക് തിരിയുകയും മറുഭാഗത്ത് കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈന ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മുടെ മുന്നില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.
രണ്ടാം ടേമില്‍ അധികാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ആദ്യടേമിലെ നയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിചിത്ര നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്.
ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ രാജ്യമാണ് ഇന്ന് അതില്‍ നിന്നും വിഭിന്നമായ നയങ്ങള്‍ കൈകൊള്ളുന്നത് എന്നത് വിരോധാഭാസം തന്നെയാണ്. എല്ലാ പ്രധാന വ്യാപാര പങ്കാളികളുമായും തീരുവ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രംപ് ഉന്നയിക്കുന്ന സംരക്ഷണവാദം പ്രത്യക്ഷത്തില്‍ കഴമ്പില്ലാത്തതാണ്.
ഡോണൾഡ് ട്രംപ് (Photo by Jim WATSON / AFP)
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുകയും ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം എന്ന നിലയില്‍ വ്യാപകമായി ഇറക്കുമതി നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ശീലങ്ങളെയാണ് ഒരു സുപ്രഭാതം കൊണ്ട് മാറ്റിക്കളയാം എന്ന മൗഢ്യം ട്രംപ് പ്രകടിപ്പിക്കുന്നത്.
ഇത് പണപ്പെരുപ്പമായും സാമ്പത്തിക മാന്ദ്യമായും സ്വന്തം രാജ്യത്തിനു തന്നെ തിരിച്ചടിയാകും എന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുമ്പോഴും ആശങ്കകളുടെ പ്രതിഫലനമായി ഓഹരി വിപണി ഇടിയുമ്പോഴും ട്രംപ് താന്‍ പിടിച്ച മുയലിന്റെ കൊമ്പുകളുടെ എണ്ണത്തെ പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകാണ്. സാമാന്യബുദ്ധി ഒരു തരത്തിലും പ്രയോഗിക്കാന്‍ തയാറല്ലെന്ന് ഇത്തരത്തില്‍ വാശി പിടിക്കുന്ന പ്രസിഡന്റ് ഒരു പക്ഷേ യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും.
ചൈനീസ് ‘ശൈലി’
മറുഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം യുഎസിനെ മറികടന്ന് പിടിച്ചടക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ നീങ്ങുന്ന ചൈന തീര്‍ത്തും ആസൂത്രിതവും ബുദ്ധിപരവുമായാണ് നീങ്ങുന്നത് എന്നു കാണാം. യുഎസ് ലോകത്തിന്റെ ഇതരഭാഗങ്ങളോട് മുഖം തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചൈന മറ്റ് രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും അതുവഴി രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രം എന്ന നിലയില്‍ മാത്രം സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍ ശ്രമിക്കുകയും കയറ്റുമതിയെ അമിതമായി ആശ്രയിക്കുകയും ചെയ്തിരുന്ന ചൈന ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് കൂടി നിക്ഷേപം വിപുലമാക്കുന്നതിലൂടെ ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോകത്തിലെ നമ്പര്‍ വണ്‍ സാമ്പത്തിക ശക്തിയായി മാറുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ രാജ്യാന്തര നിക്ഷേപം വിപുലമാക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് ഇന്ന് ചൈനയെ നയിക്കുന്നത്.
ആഗോളവല്‍ക്കരണം എന്ന ആശയം തന്നെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും വിവിധ കരാറുകളിലൂടെ മറ്റ് രാജ്യങ്ങളെ അതിലേക്ക് കണ്ണിചേര്‍ക്കുകയും ചെയ്ത രാജ്യമാണ് ഇന്ന് `പകരം തീരുവ’ എന്ന വിചിത്ര നയവുമായി മുന്നോട്ടുപോകുകയും രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ ദുര്‍ബലമാക്കുകയും ചെയ്യുന്നത്.
യുഎസിന്റെ ചരിത്രം നന്നായി അറിയാവുന്ന ഒരു നേതാവിന് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് എക്സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ ഇന്ന് ട്രംപ് നടപ്പിലാക്കുന്നത്. മറുഭാഗത്ത് ചൈന ആസൂത്രിതവും ദീര്‍ഘകാല വീക്ഷണത്തോടെയുമുള്ള നിക്ഷേപ, വ്യാപാര പദ്ധതികളുമായി ബഹളങ്ങളോ വായ്ത്താരിയോ ഇല്ലാതെ മുന്നോട്ടുപോകുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങളുടെ വിരുദ്ധ നിലപാടുകളില്‍ ഏത് ജയിക്കുമെന്ന് കാലമാണ് തെളിയിക്കേണ്ടത്.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]