സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകി പണം തട്ടുന്നവർക്കെതിരെ സെബി നടപടി കടുപ്പിക്കുന്നു. 200-300% ലാഭം കിട്ടുമെന്ന് ഉറപ്പുനൽകി ചെറുകിട
നിക്ഷേപകരെ വഞ്ചിച്ച ‘ബാപ് ഓഫ് ചാർട്ട്’ എന്നറിയപ്പെടുന്ന മൊഹമ്മദ് നസീറുദ്ദീൻ അൻസാരിക്കും രാഹുൽ റാവു പദമാതി, ഗോൾഡൻ സിൻഡിക്കേറ്റ് വെഞ്ച്വേഴ്സ് എന്നിവർക്കും സെബി 2023 ഒക്ടോബറിൽ 17 കോടി രൂപയുടെ കൊടുംപിഴ വിധിച്ചിരുന്നു.
പിഴയൊടുക്കാൻ ഇവർ തയാറാകാത്ത പശ്ചാത്തലത്തിൽ സെബി ഇപ്പോൾ പിഴയും മറ്റു ചാർജുകളും ഉൾപ്പെടെ 18 കോടി രൂപയുടെ ജപ്തി നടപടികളിലേക്ക് കടക്കുകയാണ്. ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്ന സെബി.
ഓഹരികൾ വാങ്ങാൻ ഉപദേശം നൽകണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങളോടെ സെബിയുടെ റജിസ്ട്രേഷൻ അനിവാര്യമാണ്.
റജിസ്ട്രേഷനില്ലാതെ അൻസാരി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ നിക്ഷേപ ഉപദേശങ്ങൾ നൽകി പണം തട്ടിയെന്ന് സെബി കണ്ടെത്തിയിരുന്നു. ഓഹരി നിക്ഷേപ കോഴ്സിൽ ചേരാമെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസാരി നിക്ഷേപകരെ ക്ഷണിച്ചത്.
പിന്നാലെ 200ഉം 300ഉം ശതമാനം ലാഭം കിട്ടുമെന്ന മോഹന വാഗ്ദാനങ്ങൾ നൽകി നിക്ഷേപത്തിന് പ്രേരിപ്പിച്ച് ഫീസിനത്തിൽ പണം തട്ടുകയായിരുന്നു.
സെബി അൻസാരിക്കും കൂട്ടർക്കും കഴിഞ്ഞ മേയിൽ പിഴയൊടുക്കുന്നത് സംബന്ധിച്ച് വീണ്ടും നോട്ടിസ് നൽകിയിരുന്നു. 15 ദിവസത്തിനകം പിഴയൊടുക്കാനായിരുന്നു നിർദേശം.
ഇതു പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ റിക്കവറി നടപടി. ഇവരുടെ ഡിമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട്, ലോക്കറുകൾ എന്നിവ ഇതിനകം കണ്ടുകെട്ടി.
ഇവർക്ക് അക്കൗണ്ടുള്ള ബാങ്കുകളോടും അക്കൗണ്ടിലെ പണം സെബിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ മ്യൂച്വൽഫണ്ട് അക്കൗണ്ടുകളിലെ തുകയും സെബിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. ചില ഓഹരികളിൽ നിക്ഷേപിച്ചതിലൂടെ തനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടായെന്ന് മൊഹമ്മദ് നസീറുദ്ദീൻ അൻസാരി നിക്ഷേപകരോട് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇയാൾക്ക് യഥാർഥത്തിൽ 3 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് സെബി പിന്നീട് തുറന്നുകാട്ടി.
നഷ്ടം മറച്ചുവച്ച് ഇരകളെ കുടുക്കുന്ന തന്ത്രമായിരുന്നു അൻസാരി പയറ്റിയിരുന്നത്. നിക്ഷേപകരിൽ നിന്ന് കോഴ്സ് ഫീസിനത്തിൽ അൻസാരി പിരിച്ചെടുത്ത 17 കോടി രൂപയാണ് പിഴയായി ഒടുക്കാൻ സെബി ആവശ്യപ്പെട്ടത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

