വീട്ടിനുള്ളിലെ ഇന്റർനെറ്റ് വേഗതക്കുറവ് പരിഹരിക്കാൻ ഒരു അച്ഛൻ നടത്തിയ ശ്രമം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നിന്റെ വളർച്ചയിലേക്കാണ് നയിച്ചത്. വിപണിയിലെത്തി പത്ത് വർഷം തികയുമ്പോൾ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി മുന്നോട്ട് പോകുകയാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ്.
കോളേജിലെ അസൈൻമെന്റ് സമർപ്പിക്കാൻ വൈകിയതിന് മകൾ ഇഷ അംബാനി നൽകിയ പരാതിയാണ് ജിയോയുടെ തുടക്കത്തിന് കാരണമായതെന്ന് മുകേഷ് അംബാനി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വസ്തുത തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ഇഷ അംബാനിയും വീണ്ടും ഓർമപ്പെടുത്തുകയുണ്ടായി.
സൗജന്യ കോളുകളും കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റ് ഡാറ്റാ പ്ലാനുകളുമായി 2016 സെപ്റ്റംബറിലാണ് ജിയോ ടെലികോം വിപണിയിൽ പ്രവേശിക്കുന്നത്. തുടക്കം കുറിച്ചതിന് ശേഷം വെറും 170 ദിവസങ്ങൾക്കുള്ളിൽ പത്ത് കോടി വരിക്കാരെ സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചു.
ഓരോ സെക്കൻഡിലും ഏഴുപേർ വീതം ജിയോ കുടുംബത്തിന്റെ ഭാഗമായി മാറി. പിന്നീട് 2019 ആയപ്പോഴേക്കും രണ്ടര വർഷം കൊണ്ട് മുപ്പത് കോടി വരിക്കാരുടെ റെക്കോർഡും കമ്പനി കൈവരിച്ചു.
സമാനമായ ഒരു നേട്ടത്തിലെത്താൻ മറ്റൊരു മുൻനിര ഇന്ത്യൻ കമ്പനിയായ ഭാരതി എയർടെലിന് പത്തൊൻപത് വർഷം വേണ്ടിവന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. നിലവിൽ 52.44 കോടി വരിക്കാരാണ് കമ്പനിക്കുള്ളത്.
ഇതിൽ 26.85 കോടി പേരും അതിവേഗ 5ജി സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്. കേവലം ഒരു ടെലികോം ദാതാവ് എന്നതിലുപരി ആധുനിക സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഒരു ആഗോള കമ്പനിയായി ജിയോ വളർന്നുകഴിഞ്ഞു.
2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 6,817 പേറ്റന്റുകൾക്കാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്. ഇതിൽ മൂന്നിലൊന്നു ഭാഗവും ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളവയാണ് എന്നത് രാജ്യത്തിന് അഭിമാനകരമാണ്.
ഇതുവരെ 1,009 പേറ്റന്റുകൾക്ക് ഔദ്യോഗിക അനുമതി ലഭിച്ചുകഴിഞ്ഞു. 5ജി, 6ജി നെറ്റ്വർക്ക് സാങ്കേതികവിദ്യകൾ, ഉപഗ്രഹ ആശയവിനിമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലാണ് ഈ മുന്നേറ്റങ്ങളെല്ലാം നടക്കുന്നത്.
2026ൽ ആകാശ് അംബാനി കമ്പനിയുടെ ചെയർമാനായി ചുമതലയേറ്റു. 2025-26 സാമ്പത്തിക വർഷത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ വരുമാനം.
നികുതിക്ക് ശേഷമുള്ള അറ്റാദായം 30,049 കോടി രൂപയായും ഉയർന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടമായ 2020ൽ കമ്പനിയെ തേടി മറ്റൊരു വലിയ നേട്ടവുമെത്തി.
ഗൂഗിളും മെറ്റയും അടക്കം പ്രമുഖരായ 13 നിക്ഷേപകരിൽ നിന്നായി 1.5 ലക്ഷം കോടി രൂപയാണ് ജിയോ സമാഹരിച്ചത്. ഫേസ്ബുക്ക് 43,574 കോടി രൂപയും ഗൂഗിൾ 33,737 കോടി രൂപയുമാണ് അന്ന് നിക്ഷേപിച്ചത്.
നിലവിൽ മെറ്റയുടെ ജാദു ഹോൾഡിങിന് 9.98 ശതമാനവും ഗൂഗിൾ ഇന്റർനാഷണലിന് 7.73 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ ഐപിഒയ്ക്കായി ഇവർ ആരുംതന്നെ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുന്നില്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്.
നിലവിലുള്ള ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ഒഴിവാക്കി പൂർണ്ണമായും ഫ്രഷ് ഇഷ്യു വഴിയാണ് ഈ ഐപിഒ നടപ്പിലാക്കുന്നത്. ഇതിനായി 27 കോടി പുതിയ ഓഹരികളാണ് വിപണിയിലെത്തിക്കുന്നത്.
മെഗാ ഐപിഒ വിവരങ്ങൾ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിൽപ്പന ഈ മാസം 21-ാം തീയതി ആരംഭിക്കും. താല്പര്യമുള്ള നിക്ഷേപകർക്ക് 23 വരെ ഓഹരികൾക്കായി അപേക്ഷ സമർപ്പിക്കാം.
തുടർന്ന് 26-ാം തീയതിയാണ് ഇഷ്യു നടക്കുക. ഓഹരികളുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിങ് 28-ന് നടക്കും.
ഒരു ഓഹരിക്ക് 1065 മുതൽ 1119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ആകെ 30,213 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതോടെ 2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കുറിച്ച റെക്കോർഡുകൾ പഴങ്കഥയാകും. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഐപിഒ നടത്തിയ കമ്പനിയായി ജിയോ മാറും.
അന്ന് ഹ്യുണ്ടായ് സമാഹരിച്ചത് 27,870 കോടി രൂപയായിരുന്നു. മുൻ വർഷങ്ങളിൽ 2022ൽ എൽഐസി 20,557 കോടി രൂപയും, 2021ൽ പേയ്ടിഎം 18,300 കോടി രൂപയും ഐപിഒയിലൂടെ സമാഹരിച്ചിരുന്നു.
എന്നാൽ അവയെയെല്ലാം പിന്തള്ളി വലിയ നിക്ഷേപക സ്വീകാര്യതയും ഡിമാൻഡും ജിയോയ്ക്ക് ലഭിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

